വയനാട് ദുരന്തം: നടി നിഖിലാ വിമലിന്റെയും ഡിവൈഎഫ് ഐയുടെയും സന്നദ്ധപ്രവര്‍ത്തനത്തെ ആര്‍എസ്എസിന്റേതാക്കി വ്യാജപ്രചാരണം(വീഡിയോ)

Update: 2024-08-01 11:39 GMT

കണ്ണൂര്‍: 280ലേറെ പേരുടെ മരണത്തിനിടയാക്കിയ വയനാട് ദുരന്തത്തില്‍ ഡിവൈഎഫ് ഐയുടെ സന്നദ്ധസേവനപ്രവര്‍ത്തനത്തെ ആര്‍എസ്എസിന്റേതാക്കി വ്യാജപ്രചാരണം. യുവമലയാളി നടി നിഖിലാ വിമലിന്റെയും ഡിവൈഎഫ് ഐയുടെയും സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളാണ് സംഘപരിവാര പ്രവര്‍ത്തകര്‍ ആര്‍എസ്എസിന്റേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസ് വയനാട് എന്ന അടിക്കുറിപ്പോടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. വാട്‌സ് ആപില്‍ മാത്രമല്ല, എക്‌സിലും ഫേസ്ബുക്കിലുമെല്ലാം കേരളത്തിനു പുറത്തും ഇത്തരം വ്യാജപ്രചാരണം നടത്തുന്നുണ്ട്.



ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് കലക്ഷന്‍ സെന്ററിലായിരുന്നു യുവനടി നിഖിലാ വിമല്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടിരുന്നത്. രാത്രി വൈകിയും മറ്റ് ഡിവൈഎഫ് ഐ വോളന്റിയര്‍മാര്‍ക്കൊപ്പം പാക്കിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിഖിലയുടെ ഇടപെടല്‍ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. മാത്രമല്ല, ഡിവൈഎഫ് ഐയുടെ ഫേസ്ബുക്ക് പേജില്‍ വാട്ടര്‍മാര്‍ക്കോടെ തന്നെ ഇത് നല്‍കുകയും ചെയ്തിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ നിഖിലാ വിമല്‍ സിപിഎമ്മുമായും ഡിവൈഎഫ് ഐയുമായും അടുത്ത ബന്ധമുള്ള നടിയാണ്. സംഘപരിവാരത്തെ ശക്തമായി എതിര്‍ക്കുന്ന നിഖിലയുടെ ചിത്രവും ദൃശ്യങ്ങളും തന്നെയാണ് സംഘപരിവാരം വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News