വയനാട് ദുരന്തം: കേരളത്തിനെതിരായ ഗൂഢാലോചനയില്‍ കേന്ദ്രത്തിനെതിരേ മന്ത്രിമാര്‍

Update: 2024-08-06 13:53 GMT

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നുണപ്രചാരണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന റിപോര്‍ട്ടില്‍ പ്രതിരണങ്ങളുമായി മന്ത്രിമാര്‍. മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവരാണ് കേന്ദ്രനടപടിക്കെതിരേ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. ദുരന്തത്തിലേക്ക് നയിച്ചത് സര്‍ക്കാര്‍ നയങ്ങളാണെന്ന് പ്രചരിപ്പിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോവഴി ശാസ്ത്രജ്ഞരെ സമീപിച്ചെന്ന ന്യൂസ് മിനുട്‌സ് റിപോര്‍ട്ട് ചൂണ്ടിയാണ് മന്ത്രിമാര്‍ രംഗത്തെത്തിയത്. കേന്ദ്രത്തിന്റേത് പിന്നില്‍ നിന്നുള്ള കുത്തലാണെന്നും ആരും ഇതിന് തയ്യാറാവാതെ വന്നതോടെ കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് തന്നെ നുണപ്രസ്താവനയുമായി രംഗത്തെത്തിയെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

    ഉരുള്‍പൊട്ടല്‍ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവര്‍ത്തനം. മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഭാവിയില്‍ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പിന്നിലുണ്ട്. മനുഷ്യ ഇടപെടലുകള്‍ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടല്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകള്‍ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും രാജീവ് ഫേസ്‌കൂക്കില്‍ കുറിച്ചു.

    വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും മനുഷ്യവാസവുമാണെന്നായിരുന്നു കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ ആരോപണം. ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നുവെന്നും ഇതിന് അവസരം നല്‍കിയത് പ്രാദേശിക രാഷ്ട്രീയക്കാരാണെന്നുമായിരുന്നു ആരോപണം. മന്ത്രി രാജീവിനു പിന്നാലെ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും രംഗത്തെത്തി. പ്രതിസന്ധിയുടെ സമയത്ത് കേരളീയര്‍ക്കെതിരായുള്ള ഗൂഢാലോചനയാണിതെന്ന് എം ബി രാജേഷ് പറഞ്ഞു. ഇത്തരത്തിലുള്ള നൈതികമല്ലാത്ത രാഷ്ട്രീയത്തേയും മറികടക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

Tags:    

Similar News