വയനാട് ദുരന്തം: ചാലിയാറില്‍ തിരച്ചില്‍ തുടരുന്നു; ഇന്ന് കണ്ടെത്തിയത് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും
നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ബുധനാഴ്ച ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ആകെ മൃതദേഹങ്ങള്‍ 77ഉം ശരീരഭാഗങ്ങള്‍ 164ഉം ആയി. ആകെ 241 എണ്ണം. 39 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം ഒമ്പതു ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. ഇതുവരെ ലഭിച്ച 237 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 227 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.