കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി; എന്താണ് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്'?

ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമിലെ ബൈസരാനിലുണ്ടായ ആക്രമണത്തില്‍ ഏറ്റവും കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടെന്നും പത്ത് പേര്‍ക്ക് പരിക്കേറ്റെന്നും റിപോര്‍ട്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ടോ മൂന്നോ തോക്കുധാരികളാണ് പ്രദേശത്ത് ആക്രമണം നടത്തിയിരിക്കുന്നത്. പ്രദേശത്ത് സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും പരിശോധന നടത്തുകയാണ്.
കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. സംഘടനയുടെതെന്ന പേരില്‍ ഒരു പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം പ്രദേശത്ത് 85,000 പുറമെക്കാര്‍ക്ക് സ്ഥിരം താമസരേഖകള്‍ നല്‍കിയതായി പ്രസ്താവന പറയുന്നു. ''ഇത് കശ്മീരില്‍ ജനസംഖ്യാനുപാതത്തില്‍ മാറ്റം വരാന്‍ കാരണമായി. പുറമെ നിന്നുള്ള ആളുകള്‍ വിനോദസഞ്ചാരികളെ പോലെ വന്ന് താമസരേഖകള്‍ സ്വന്തമാക്കുകയാണ്. ഇത്തരം കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം നടത്തേണ്ടി വരും.''-പ്രസ്താവന പറയുന്നു.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞപ്പോള്‍ രൂപീകരിച്ച സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ടെന്ന് വാര്‍ത്താഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.''പ്രാദേശിക അടിച്ചമര്‍ത്തലിനെ'' നേരിടാനാണ് ഇത് രൂപീകരിച്ചതെന്നാണ് സംഘടന പറയുന്നത്. നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയുടെ അനുബന്ധ സംഘടനയാണ് ഇതെന്നും റിപോര്‍ട്ടുകളുണ്ട്. 2023 ജനുവരിയില്‍ ഈ സംഘടനയെയും കേന്ദ്രസര്‍ക്കാര്‍ യുഎപിഎ പ്രകാരം നിരോധിച്ചിരുന്നു.
ശെയ്ഖ് സജ്ജാദ് എന്നറിയപ്പെടുന്ന സജ്ജാദ് ഗുല്‍ ആണ് ഈ സംഘടനയുടെ സ്ഥാപകന്‍. 1974ല്‍ കശ്മീരില്‍ ജനിച്ച ഇയാള്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് രൂപീകരിച്ചത്.2022ലെ കണക്കുകള്‍ പ്രകാരം ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട 172 പേരില്‍ 108 പേരും ഈ സംഘടനയിലെ അംഗങ്ങളായിരുന്നു. അടുത്തിടെ വിവിധ സംഘടനകളില്‍ എത്തിയ 100 പേരില്‍ 74 പേരും ഈ സംഘടനയിലേക്കാണ് പോയിരിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.