ആലിബാബ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ല; തിരോധാനം ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെ
ആഴ്ചകളായി ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ബെയ്ജിങ്: നിലവില്‍ ചൈനീസ് സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആഴ്ചകളായി ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് മായുടെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന ജാക്ക് മായുടെ പരാമര്‍ശം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പിന് കാരണമായിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ജാക്ക് മാ താഴോട്ട് പോയിരുന്നു. ആറാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. ജാക്ക് മായുടെ തന്നെ പരിപാടിയായ ആഫിക്കന്‍ ബിസിനസ് ഹീറോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി പങ്കെടുക്കാതിരുന്നതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. ആഫ്രിക്കന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ടാലന്റ് ഷോയ്ക്ക് ജാക്ക് മാ നേതൃത്വം നല്‍കിയത്. ഇതില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ കൂടുതലായി പ്രചരിക്കാന്‍ തുടങ്ങിയത്.
ടാലന്റ് ഷോയുടെ ചിത്രീകരണത്തിനായി മാ ഹാജരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പകരം മറ്റൊരു അലിബാബ എക്‌സിക്യൂട്ടീവിനെയാണ് അയച്ചിരിക്കുന്നത്. ആലിബാബയുടെ ജഡ്ജിങ് പാനലില്‍ ജാക്ക് മാ അംഗമായിരുന്നു. നവംബറില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രം മാറ്റിയിട്ടുണ്ട്.
ഒക്ടോബറില്‍ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ജാക്ക് മാ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത് . ഇതിനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു വിമര്‍ശനം.
അദ്ദേഹത്തിന്റെ കമ്പനികളായ അലിബാബയും എഎന്‍ടി ഗ്രൂപ്പും ചൈനയില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ജാക്ക് മായുടെ തിരോധാനം കൂടുതല്‍ ചര്‍ച്ചയാവുന്നത്. മാ സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്ന അലിബാബയും എഎന്‍ടി ഗ്രൂപ്പും നിലവില്‍ കുത്തക വല്‍ക്കരണം നടത്തുവെന്ന് ആരോപിച്ച് ആന്റിട്രസ്റ്റ് അന്വേഷണം നേരിടുകയാണ്.