വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ആരൊക്കെയെന്ന് ഇന്നറിയാം

വാക്‌സീന്‍ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത അധ്യാപകരുടെയും സ്‌കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

Update: 2021-12-04 04:07 GMT

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കണക്കു വിവരങ്ങള്‍ പുറത്തുവിടുന്നത്. വാക്‌സീന്‍ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത അധ്യാപകരുടെയും സ്‌കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ അതില്‍ നിന്നും പിന്നോട്ടുപോയ സര്‍ക്കാര്‍, വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടേയും അധ്യാപകേതര ജീവനക്കാരുടെയും കണക്കുകള്‍ മാത്രമേ പുറത്തുവിടൂ എന്നാണ് സൂചന. ഇനിയും വാക്‌സീന്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ പൊതുസമൂഹം അറിയേണ്ടതാണെന്നും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്.

വാക്‌സീന്‍ എടുക്കാത്ത 5000 പേരുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നെങ്കിലും അത്രയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. 2600 പേരെന്നായിരുന്നു നവംബറിലെ കണക്ക്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണക്കം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.

വാക്‌സിന്‍ എടുക്കാത്തവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. ഇപ്പോള്‍ പേരുകള്‍ പുറത്ത് വിടാന്‍ പറ്റില്ല എന്ന് പറയുമ്പോള്‍, അതെന്ത് കൊണ്ട് എന്നറിയാനുള്ള അവകാശം നാടിനുണ്ടെന്ന് മന്ത്രിയുടെ സോഷ്യല്‍ മീഡിയ പേജില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Tags:    

Similar News