യൂറോപ്പിലെ ഏറ്റവും 'ദുര്‍ബലനായ' പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആരാണ്?
രാഷ്ട്രീയത്തില്‍ തുടക്കക്കാരനും ഹാസ്യനടനുമായിരുന്ന സെലെന്‍സ്‌കിയെ യുക്രെയ്ന്‍ ശതകോടീശ്വരന്‍ ഇഹോര്‍ കൊളോമോയ്‌സ്‌കിയുടെ കളിപ്പാവയായി മുദ്രകുത്തി എതിരാളികള്‍ അവഗണിച്ചെങ്കിലും 73 ശതമാനം വോട്ടുകള്‍ വാരിക്കൂട്ടി വിമര്‍ശകരെ ഞെട്ടിച്ചാണ്ഇദ്ദേഹം 4.5 കോടി ജനസംഖ്യയുള്ള രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തുന്നത്.
രാഷ്ട്രീയത്തില്‍ നവാഗതനായിരുന്ന വോളോഡിമര്‍ സെലെന്‍സ്‌കിയെന്ന ജൂത വംശജന്‍ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയും ജനപ്രിയ നടപടികളിലൂടെയുമാണ് 2019ല്‍, യുദ്ധങ്ങളും അഴിമതിയും തകര്‍ത്തെറിഞ്ഞ യുക്രെയ്‌ന്റെ പ്രസിഡന്റ് പദവയിലേക്കെത്തുന്നത്. രാഷ്ട്രീയത്തില്‍ തുടക്കക്കാരനും ഹാസ്യനടനുമായിരുന്ന സെലെന്‍സ്‌കിയെ യുക്രെയ്ന്‍ ശതകോടീശ്വരന്‍ ഇഹോര്‍ കൊളോമോയ്‌സ്‌കിയുടെ കളിപ്പാവയായി മുദ്രകുത്തി എതിരാളികള്‍ അവഗണിച്ചെങ്കിലും 73 ശതമാനം വോട്ടുകള്‍ വാരിക്കൂട്ടി വിമര്‍ശകരെ ഞെട്ടിച്ചാണ്ഇദ്ദേഹം 4.5 കോടി ജനസംഖ്യയുള്ള രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തുന്നത്.
പഠിച്ചത് നിയമം, കൊമേഡിയനായി രാഷ്ട്രീയത്തില്‍
മുന്‍ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന യുക്രെയ്‌നിലെ കിഴക്കന്‍ മേഖലയിലുള്ള, റഷ്യന്‍ ഭാഷ സംസാരിക്കുന്ന ജൂത കുടുംബത്തിലാണ് സെലെന്‍സ്‌കിയുടെ ജനനം. പിതാവ് പ്രഫസറും മാതാവ് എന്‍ജിനീയറുമായിരുന്നു. മുത്തച്ഛന്‍ സോവിയറ്റ് ചെമ്പടയുടെ കാലാള്‍പടയാളിയായി നാത്‌സി ജര്‍മനിക്കെതിരെ യുദ്ധം ചെയ്ത പാരമ്പര്യവും ഇദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. പിതാവിനെയും മൂന്ന് സഹോദരങ്ങളെയും ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റില്‍ നഷ്ടപ്പെട്ടയാള്‍ കൂടിയായിരുന്നു സെലെന്‍സ്‌കിയുടെ മുത്തച്ഛന്‍.
ഇസ്രായേലില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചെങ്കിലും പിതാവ് അനുവദിക്കാതിരുന്നതിനാല്‍ സെലെന്‍സ്‌കി പിന്നീട് പഠിച്ചത് നിയമമാണ്. എന്നാല്‍ ആ വഴിയിലും മുന്നോട്ടു പോകാതിരുന്ന അദ്ദേഹം ഒടുവില്‍ തന്റെ കരിയര്‍ കണ്ടെത്തിയത് കൗമാരകാലം മുതല്‍ പിന്തുടര്‍ന്ന കോമഡി പരിപാടികളിലായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ക്വാര്‍തല്‍ 95 (ഗ്മൃമേഹ 95) എന്നൊരു സ്റ്റുഡിയോ സ്ഥാപിച്ച അദ്ദേഹം യുക്രെയ്ന്‍ ടിവി ചാനലുകള്‍ക്ക് വേണ്ടി ടിവി ഷോകളും നിര്‍മിച്ചു. പിന്നാലെ ചലച്ചിത്രങ്ങളിലും അവസരം ലഭിച്ചതോടെ യുക്രെയ്‌നിലെങ്ങും അദ്ദേഹം പ്രശസ്തനായി മാറി.
സിനിമ കരിയര്‍ നല്ല രീതിയില്‍ മുന്നേറുന്നതിനിടെയാണ് രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ട് തുടങ്ങിയത്. പലപ്പോഴും അത് രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു.അഴിമതി വിരുദ്ധ പോരാട്ടവും ജനപ്രിയ നടപടികളുമായിരുന്നു സെലന്‍സ്‌കിയുടെ രാഷ്ട്രീയത്തിലെ ചവിട്ടുപടികള്‍. 2015ലാണ് അദ്ദേഹം നായകനായ 'ജനസേവകന്‍' എന്ന ടെലിവിഷന്‍ പരമ്പര പുറത്തു വരുന്നത്. അഴിമതിക്കെതിരെ ഒരു ഹൈസ്‌കൂള്‍ അധ്യാപകന്‍ പ്രതികരിക്കുന്നത് 'വൈറലാ'വുകയും അങ്ങനെ പ്രശസ്തനായി ഒടുവില്‍ യുക്രെയ്‌നിന്റെ പ്രസിഡന്റാവുന്നതുമായിരുന്നു കഥ. ഇത് വലിയ വിജയമായതോടെ ആ പരമ്പരയുടെ പേരില്‍ത്തന്നെ 2018ല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തു. സെര്‍വന്റ് ഓഫ് ദി പീപ്പിള്‍.
രാഷ്ട്രീയത്തിലിറങ്ങിയ സെലെന്‍സ്‌കിയെ എതിരാളികള്‍ കാര്യമായി പരിഗണിച്ചിരുന്നില്ലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 73 ശതമാനം വോട്ടുകള്‍ കൈക്കലാക്കി ഇദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍
തന്റെ രാജ്യത്തെ റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ സംരക്ഷണവും റഷ്യയുടെ ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. അഴിമതി ഇല്ലാതാക്കും, രാജ്യത്തെ പ്രമാണികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അമിതാധികാരങ്ങളും അനധികൃത പരിരക്ഷയുമൊക്കെ ഇല്ലാതാക്കും, റഷ്യയുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും, രാജ്യത്തിന്റെ കിഴക്കനതിര്‍ത്തിയിലെ വിഘടനവാദികള്‍ക്കെതിരെ നടപടി തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് സെലെന്‍സ്‌കി അധികാരത്തിലെത്തിയത്.
മധ്യ ഉക്രെയ്‌നിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന വ്യാവസായിക നഗരമായ ക്രിവി റിഹില്‍ ജനിച്ച രണ്ട് കുട്ടികളുടെ പിതാവായ സെലെന്‍സ്‌കി പ്രസിഡന്റായതിനു തൊട്ടുപിന്നാലെ നയതന്ത്രം ഉപയോഗിച്ച് നിരവധി യുക്രേനിയന്‍ യുദ്ധത്തടവുകാരെ രാജ്യത്തെത്തിച്ച് തന്റെ ദൗത്യം വിജയ വഴിയിലാണെന്ന് തെളിയിക്കുകയും ചെയ്തു.
കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്ന്
റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ യുക്രെയ്‌നോടുള്ള സമീപനം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കാരണം, സെലെന്‍സ്‌കിയുടെ പാശ്ചാത്യ അനുകൂല വിദേശനയം മോസ്‌കോയുമായുള്ള ബന്ധത്തില്‍ സാരമായ വിള്ളലേല്‍പ്പിക്കുന്നതായിരുന്നു.
പ്രസിഡന്റായി മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് തെിരഞ്ഞെടുപ്പിലെ കരുവാകേണ്ടി വന്നതും സെലന്‍സ്‌കിക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു. യുക്രെയ്‌നിലെ ഒരു ഗ്യാസ് കമ്പനിയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്തി തെളിവുകള്‍ കൈമാറണമെന്നതായിരുന്നു അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം. എന്നാല്‍ സെലെന്‍സ്‌കി ഇത് നിരസിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞടുപ്പില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അഴിമതി വിരുദ്ധ പോരാട്ടവും റഷ്യയുമായുള്ള പ്രശ്‌നപരിഹാരവുമൊന്നും നടന്നില്ലെങ്കിലും തന്റെ മൂന്നു വര്‍ഷ ഭരണത്തിനിടയില്‍ റഷ്യയെയും പുട്ടിനെയും പരമാവധി ശത്രുപക്ഷത്തു കൊണ്ടുവരാന്‍ സെലന്‍സ്‌കിക്കായി. 2019 മുതല്‍ പുട്ടിനും റഷ്യക്കുമെതിരായ നിരവധി പ്രസ്താവനകള്‍ അദ്ദേഹത്തിന്റേതായി കാണാം. പുട്ടിനെ സെലെന്‍സ്‌കി വിശേഷിപ്പിച്ചത് 'ശത്രു' എന്നാണ്. 2109ലെ തന്നെ ഒരു ഫെയ്‌സ്ബുക് പോസ്റ്റില്‍ യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞത് തന്റെ രാജ്യത്തിനും റഷ്യക്കും പൊതുവായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അതിര്‍ത്തി മാത്രമാണ് എന്നായിരുന്നു. പക്ഷേ റഷ്യന്‍ ആക്രമണത്തിനു തൊട്ടുമുമ്പ് അദ്ദേഹം റഷ്യന്‍ ജനതയോടായി നടത്തിയ അഭ്യര്‍ഥനയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പവും ബന്ധവുമൊക്കെ ഉദ്ധരിക്കുകയും ചെയ്തു.
കൊവിഡ് പ്രതിസന്ധിയില്‍ ആടിയുലഞ്ഞു
ലോകമെങ്ങും പടര്‍ന്നുപിടിച്ച കൊവിഡ് ഉക്രെയ്‌നില്‍ വന്‍നാശമാണ് വിതച്ചത്. കൊവിഡ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞുവെന്ന് പറയുന്നതായിരിക്കും ശരി.കഴിഞ്ഞ മാസം വരെ ഒരു ലക്ഷം പേരാണ് കൊവിഡ് മൂലം അവിടെ മരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ അഭിപ്രായത്തില്‍, ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യങ്ങളിലൊന്ന് യുക്രെയ്‌നാണ്. വാക്‌സിനേഷന്റെ കാര്യത്തില്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ പരിതാപകരമാണ് യുക്രെയ്‌നിന്റെ സ്ഥിതി. വാക്‌സീനെടുത്തത് വെറും 33 ശതമാനം പേര്‍ മാത്രമായിരുന്നു.
തിരിച്ചടിയായി ദീര്‍ഘവീക്ഷണമില്ലായ്മ
കഴിഞ്ഞ വര്‍ഷം മുതല്‍തന്നെ സൈനികാഭ്യാസം നടത്താനെന്ന വ്യാജേന യുക്രെയ്‌നിന്റെ അതിര്‍ത്തിക്ക് സമീപം റഷ്യ സൈന്യത്തെ വിന്യസിക്കാന്‍ ആരംഭിച്ചിരുന്നു. യുക്രെയ്ന്‍ ആക്രമിക്കാനുള്ള റഷ്യന്‍ പദ്ധതിയെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടും, അക്കാര്യത്തില്‍ ക്രിയാത്മക നടപടികള്‍ കൈകൊള്ളുന്നതില്‍ സെലന്‍സ്‌കി അമ്പേ പരാജയപ്പെട്ടു.റഷ്യയെ ആക്രമണത്തില്‍നിന്നു പിന്തിരിപ്പിക്കാനും യുക്രെയ്‌ന് നയതന്ത്ര, സൈനിക, സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹം യൂറോപ്പിന്റെ തലസ്ഥാനങ്ങള്‍ ചുറ്റിയെങ്കിലും അക്കാര്യങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.
ഫെബ്രുവരി24ന് റഷ്യ കര, ആകാശം, കടല്‍ എന്നിവ വഴി യുക്രെയ്‌നില്‍ സമ്പൂര്‍ണ അധിനിവേശം ആരംഭിച്ചതിനാല്‍, യൂറോപ്പിലെ ഏറ്റവും ദുര്‍ബലനായ പ്രസിഡന്റായി സെലെന്‍സ്‌കി മാറി.
പുടിന്‍ യുക്രെയ്‌നില്‍ ലക്ഷ്യമിടുന്നത് 'രാഷ്ട്രീയ കീഴടങ്ങലോ' ഉക്രെയ്‌നിലെ 'ഭരണമാറ്റമോ' ആണെന്നാണ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി റാസ്മുസെന്‍ ഗ്ലോബലിലെ ചീഫ് സ്ട്രാറ്റജി ഓഫിസറും നാറ്റോയിലെ പോളിസി പ്ലാനിംഗ് മുന്‍ ഡയറക്ടറുമായ ഫാബ്രിസ് പോത്തിയര്‍ അഭിപ്രായപ്പെടുന്നത്.
'അദ്ദേഹം ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു.ഭരണം റഷ്യയുടെ താല്‍പ്പര്യത്തോട് അനുഭാവമുള്ളതായിരിക്കണം, നാറ്റോയും യൂറോപ്യന്‍ യൂണിയന്‍ അംഗത്വ പാതയും നിരസിക്കുകയും ഏതെങ്കിലും തരത്തിലുള്ള നിഷ്പക്ഷത അവകാശപ്പെടുകയോ ചെയ്യണമെന്ന് വളരെ വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു.