മൊഡേണ കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍പ്പെടുത്തി ലോകാരോഗ്യസംഘടന

ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടുകൂടി ഏത് രാജ്യങ്ങള്‍ക്കും ഈ വാക്‌സിന്‍ യഥേഷ്ടം ഉപയോഗിക്കാനാവും. മോഡേണ വാക്‌സിന്‍ 94.1 ശതമാനം ഫലപ്രാപ്തിയുള്ളതായി അതിന്റെ സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെര്‍ട്‌സ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (SAGE) കണ്ടെത്തിയതായി ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-05-01 05:02 GMT

ജനീവ: കൊവിഡ് രണ്ടാം തരംഗത്തില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുകയും വാക്‌സിന്‍ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ പ്രതിരോധ വാക്‌സിനായ മൊഡേണ വാക്‌സിനെ അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന തീരുമാനിച്ചു. നേരത്തെ അമേരിക്കയില്‍ അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടുള്ള മൊഡേണ വാക്‌സിന്‍ ലോകാരോഗ്യസംഘടനയുടെ പൂര്‍ണ അനുമതിക്കായി ശ്രമിച്ചു വരികയായിരുന്നു.

ലോകാരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍പ്പെടുന്ന അഞ്ചാമത്തെ വാക്‌സിനാണ് മൊഡേണ. ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടുകൂടി ഏത് രാജ്യങ്ങള്‍ക്കും ഈ വാക്‌സിന്‍ യഥേഷ്ടം ഉപയോഗിക്കാനാവും. മോഡേണ വാക്‌സിന്‍ 94.1 ശതമാനം ഫലപ്രാപ്തിയുള്ളതായി അതിന്റെ സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെര്‍ട്‌സ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (SAGE) കണ്ടെത്തിയതായി ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ഫൈസര്‍ ബയോടെക്, അസ്ട്രസെനെക്ക, സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിന്‍, ജാന്‍സെന്‍ എന്നിവയാണ് ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗത്തിനായി പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന മറ്റ് വാക്‌സിനുകള്‍. യൂറോപ്പിലെയും യുഎസ്സിലെയും ഉല്‍പാദന കേന്ദ്രങ്ങളില്‍ വിതരണം വര്‍ധിപ്പിക്കുന്നതിനായി 2022 ല്‍ മൂന്ന് ബില്യന്‍ ഡോസ് വരെ വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോഡേണ വ്യാഴാഴ്ച അറിയിച്ചു. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 2020 ഡിസംബര്‍ 18 നാണ് മോഡേണ വാക്‌സിന് അടിയന്തര ഉപയോഗ അംഗീകാരം നല്‍കിയത്.

യൂറോപ്യന്‍ യൂനിയനിലുടനീളം വിപണനം ചെയ്യുന്നതിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി 2021 ജനുവരി 6 ന് മാര്‍ക്കറ്റിങ് അംഗീകാരവും നല്‍കിയിരുന്നു. രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസത്തിനുശേഷം തങ്ങളുടെ വാക്‌സിന്‍ 90% കാര്യക്ഷമത നല്‍കുമെന്നാണ് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്. കൊവിഡ് വകഭേദങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ mRNA 1273. 351, mRNA 1273.211 എന്നീ ബൂസ്റ്റര്‍ വാക്‌സിനുകളുടെ പ്രീ ക്ലിനിക്കല്‍ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും മൊഡേണ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News