കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കാന്‍ ഇനിയും വൈകും
പ്രതിരോധ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ അഞ്ചിനാണ് ലോകാരോഗ്യ സംഘടന വിദഗ്ധസമിതി യോഗം ചേരുക.
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം ലഭിക്കാന്‍ ഇനിയും വൈകുമെന്ന് റിപോര്‍ട്ട്. പ്രതിരോധ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ അഞ്ചിനാണ് ലോകാരോഗ്യ സംഘടന വിദഗ്ധസമിതി യോഗം ചേരുക. അതിനുശേഷമാവും ലോകാരോഗ്യസംഘടനയുടെ അനുമതിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.
കൊവാക്‌സിന് ഈ ആഴ്ച തന്നെ ഡബ്ല്യുഎച്ച്ഒയുടെ അനുമതി ലഭിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപോര്‍ട്ട്. കൊവാക്‌സിന് അംഗീകാരം നല്‍കുന്നതിന് സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍ (SAGE) ഒക്ടോബര്‍ 5ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറ് വാക്‌സിനുകളിലൊന്നാണ് ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്‌സിന്‍. ജൂലൈ ഒമ്പതിന് തന്നെ കൊവാക്‌സിന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്.
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത് മൂലം പല രാജ്യങ്ങളും ഈ വാക്‌സിന് അംഗീകാരം നല്‍കയിട്ടില്ല. ഇതുമൂലം വിവിധ രാജ്യങ്ങളിലേക്ക് പോവേണ്ട പ്രവാസികളുടെ മടക്കയാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. ഫൈസര്‍ ബയോഎന്‍ടെക്, അമേരിക്കയുടെ ജോണ്‍സണ്‍ & ജോണ്‍സണ്‍, മോഡേണ, ചൈനയിലെ സിനോഫാം, ഓക്‌സ്ഫഡ്, ആസ്ട്രാസെനെക്ക എന്നിവ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്. കൊവിഷീല്‍ഡ്, സ്പുട്‌നിക് വി എന്നിവയും രാജ്യവ്യാപക കുത്തിവയ്പ്പ് പരിപാടിയില്‍ ഉപയോഗിക്കുന്നുണ്ട്.