5ജിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളും; നഗരങ്ങളെ നെറ്റ്‌വര്‍ക്കിന് കീഴിലാക്കാന്‍ മാസങ്ങളെടുക്കും

ടെലികോം കമ്പനികള്‍ എങ്ങനെ 5ജി വിന്യസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തുടക്കത്തില്‍ നെറ്റ്‌വര്‍ക്കിന്റെ ലഭ്യത.

Update: 2022-08-21 07:10 GMT

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പൂര്‍ണമായും 5ജി നെറ്റ്‌വര്‍ക്ക് ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന് റിപോര്‍ട്ട്. ടെലികോം (Telecom) ഗിയര്‍ നിര്‍മാതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ 5ജി എത്തിയാലും നഗരത്തിലെ എല്ലാ പ്രദേശങ്ങളും നെറ്റ്‌വര്‍ക്കിന് കീഴിലാവില്ല.

ടെലികോം കമ്പനികള്‍ എങ്ങനെ 5ജി വിന്യസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തുടക്കത്തില്‍ നെറ്റ്‌വര്‍ക്കിന്റെ ലഭ്യത. കൂടുതല്‍ കവറേജില്‍ ചുരുങ്ങിയ പ്രദേശത്ത് മാത്രമോ, അല്ലെങ്കില്‍ കുറഞ്ഞ കവറേജില്‍ കൂടുതല്‍ പ്രദേശങ്ങളിലോ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാം. 5ജി ആദ്യം എത്തുന്ന 10 വലിയ നഗരങ്ങളില്‍ തടസം കൂടാതെ സേവനങ്ങള്‍ ലഭിക്കാന്‍ 68 മാസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 5ജി ഉപകരങ്ങള്‍ സ്ഥാപിക്കാനെടുക്കുന്ന കാലയളവാണിത്.

5ജി (5G Network) സേവനങ്ങള്‍ക്കായി ടെലികോം ടവറുകളില്‍ ഘടിപ്പിക്കാനുള്ള റേഡിയോകളും നിര്‍മിക്കാനുള്ള പാര്‍ട്ട്‌സുകള്‍ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്. ചൈനീസ് തായ്‌വാന്‍ പ്രതിസന്ധിയും തടസങ്ങള്‍ സൃഷ്ടിച്ചേക്കാം.

അതേസമയം, 2023ഓടെ മാത്രമേ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ വ്യാപകമായി നല്‍കാന്‍ തുടങ്ങൂ എന്നാണ് ടെലികോം ഗിയര്‍ നിര്‍മാതാക്കളുടെ വിലയിരുത്തല്‍. റിലയന്‍സ് ജിയോയും എയര്‍ടെല്ലും ആഗസ്തില്‍ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. അതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ 5ജി താരീഫ് ഈ കമ്പനികള്‍ അവതരിപ്പിച്ചേക്കുമെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.


Tags:    

Similar News