വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ യുഎസ്സിന് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്
ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള ഫയലുകള്‍ പുറത്തുവിട്ട കുറ്റമാണ് അസാന്‍ജെ നേരിടുന്നത്. ജൂലിയന്‍ അസാന്‍ജെയെ യുഎസ്സിന് കൈമാറുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പാണ്.
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ അമേരിക്കയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. യുഎസ്സില്‍ അദ്ദേഹം വിചാരണ നേരിടേണ്ടിവരും. രാജ്യസുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയ കുറ്റമാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള ഫയലുകള്‍ പുറത്തുവിട്ട കുറ്റമാണ് അസാന്‍ജെ നേരിടുന്നത്. ജൂലിയന്‍ അസാന്‍ജെയെ യുഎസ്സിന് കൈമാറുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പാണ്. ഹൈക്കോടതിയില്‍ അസാന്‍ജെയ്ക്ക് അപ്പീല്‍ നല്‍കാം.
അടുത്ത 14 ദിവസത്തിനുള്ളിലാണ് അസാന്‍ജെ അപ്പീല്‍ നല്‍കേണ്ടത്. അത് മന്ത്രി ഉത്തരവില്‍ ഒപ്പിട്ടാല്‍ മാത്രമുള്ള കാര്യമാണ്. കേസിലെ മറ്റ് വശങ്ങള്‍ ഉപയോഗിച്ച് അപ്പീല്‍ നല്‍കാനാണ് അസാന്‍ജെയുടെ അഭിഭാഷകരുടെ ശ്രമം. അസാന്‍ജെ നേരത്തെ ഉന്നയിച്ച വിഷയങ്ങളില്‍ ഹൈക്കോടതിയില്‍ ഇതുവരെ അപ്പീലൊന്നും ഫയല്‍ ചെയ്തിട്ടില്ല. യുഎസ്സിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ ബ്രിട്ടീഷ് സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അസാന്‍ജെയുടെ ശ്രമത്തിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകള്‍ അടക്കം വിക്കിലീക്‌സ് പുറത്തുവിട്ടത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം രഹസ്യരേഖകളാണ് അസാന്‍ജെ പുറത്തുവിട്ടത്. ഇതില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. 18 ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹത്തിനെതിരേ അമേരിക്കയിലുള്ളത്. 2019 മുതല്‍ ലണ്ടന്‍ ജയിലിലാണ് അസാന്‍ജെ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴ് വര്‍ഷത്തോളം അഭയം തേടിയിരുന്നു അദ്ദേഹം.
യുഎസ്സിലേക്ക് അയച്ചാല്‍ ഏകാന്ത തടവില്‍ പാര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആത്മഹത്യയ്ക്ക് കാരണമാവുമെന്നുമുള്ള അസാന്‍ജെയുടെ വാദം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരേ യുഎസ് അപ്പീല്‍ നല്‍കി. അസാന്‍ജെയെ ഏകാന്ത തടവില്‍ പാര്‍പ്പിക്കില്ലെന്നും ഉചിതമായ പരിചരണം നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. ഇതില്‍ അസാന്‍ജെ അപ്പീല്‍ നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വാദങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.