'നിങ്ങള്‍ ഇഡിയെ വിട്ടാല്‍ ഞാന്‍ സിഡി പുറത്തുവിടും'; മുന്നറിയിപ്പുമായി ബിജെപി വിട്ട ഏകനാഥ് ഖാദ്‌സെ
മുംബൈ: തനിക്കെതിരേ ആരെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്കെതിരായ രഹസ്യസ്വഭാവമുള്ള സിഡി പുറത്തുവിടുമെന്ന് ബിജെപി വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് ഏകനാഥ് ഖാദ്സെ. ഇദ്ദേഹവും മകള്‍ രോഹിണിയും ഉള്‍പ്പെടെ വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള നിരവധി ബിജെപി നേതാക്കളാണ് കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്നത്. ഏഴുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും പാര്‍ട്ടിയുടെ വികസനത്തിന് താന്‍ സംഭാവന നല്‍കിയതായി അദ്ദേഹം പറഞ്ഞു. ''എന്നാല്‍ എനിക്കെതിരേ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് എന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാനുള്ള ഗൂഢാലോചന നടന്നു. എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഞാന്‍ ഏറെ ചര്‍ച്ചചെയ്തു. പക്ഷേ ബിജെപിയിലെ എന്റെ മുതിര്‍ന്ന നേതാക്കളും എന്നെ സഹായിക്കുന്നതില്‍ നിസ്സഹായരായിരുന്നു. എന്‍സിപിയില്‍ ചേരാനും ശരദ് പവാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനും അവര്‍ എന്നോടെ സൂചന നല്‍കി''-ഖാദ്‌സെ പറഞ്ഞു.
ബിജെപി പ്രാദേശിക നേതൃത്വം തന്നെ ഉപദ്രവിക്കാന്‍ അഴിമതി വിരുദ്ധ ബ്യൂറോയെയും മറ്റ് ഏജന്‍സികളെയും ഉപയോഗിച്ചു. അവര്‍ എനിക്കെതിരേ ഇ.ഡിയെ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ഞാന്‍ സിഡി പുറത്തെടുക്കുമെന്നും ഖാദ്‌സെ പറഞ്ഞു. ചില ബിജെപി നേതാക്കളുടെ രഹസ്യ സിഡി കൈവശമുണ്ടെന്നും അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ മഹാരാഷ്ട്രയിലെ ശക്തനും ബഹുജന നേതാവുമായിരുന്നു ഏകനാഥ് ഖാദ്‌സെയെന്ന് എന്‍സിപി മേധാവി ശരദ് പവാര്‍ പറഞ്ഞു. ഈ ഭാഗം മുഴുവന്‍ പണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആദ്യത്തെ ഗ്രാമീണ കോണ്‍ഗ്രസ് സമ്മേളനം നടന്നത് ജല്‍ഗാവിലാണ്. എന്നാല്‍ പിന്നീടുള്ള കാലഘട്ടത്തില്‍, യുവനേതൃത്വത്തെ പരിപോഷിപ്പിക്കുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു. ആ ജോലി ചെയ്യാന്‍ ഖാദ്സെയ്ക്ക് കഴിഞ്ഞു. ഖാദ്സെ നമ്മോടൊപ്പമുണ്ടെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അത് വടക്കന്‍ മഹാരാഷ്ട്രയിലെ നേതൃത്വ വിടവ് നികത്തും''-പവാര്‍ പറഞ്ഞു.
ബിജെപിക്കുവേണ്ടി ചെയ്തതുപോലെ എന്‍സിപിയെ വിപുലീകരിക്കുമെന്ന് ഖാദ്‌സെ പറഞ്ഞു. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ നേരത്തേ ബിജെപിക്കുവേണ്ടി ചെയ്തതുപോലെ സത്യസന്ധമായി എന്‍സിപിക്കായി പ്രവര്‍ത്തിക്കും. പാര്‍ട്ടി വിപുലീകരിക്കാന്‍ എനിക്ക് ശരദ് പവാറിന്റെ പിന്തുണ ആവശ്യമാണെന്നും ഖാദ്‌സെ പറഞ്ഞു.