ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമോ?; ഇന്ത്യന്‍ നിലപാട് ഇങ്ങനെ
കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് വ്യാജ പ്രചാരണമാണ് എന്ന് പറഞ്ഞ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങളും തള്ളിയത്.
കൊളംബോ: അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയില്‍നിന്ന് ഏറ്റവും ഒടുവിലായി കേട്ട വാര്‍ത്ത പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്‌സെ ജനരോഷം ഭയന്ന് ട്രിങ്കോമാലിയിലെ നാവിക താവളത്തില്‍ അഭയം തേടിയെന്നുള്ളതാണ്. രോഷാകുലരായ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കൊളംബോയിലെ വസതി വളഞ്ഞതോടെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ നാടകീയമായ ഒരു നീക്കത്തിനൊടുവില്‍ ശ്രീലങ്കന്‍ സൈന്യം രാജപക്‌സെയെ ഇവിടെനിന്നു ഒരു വിധം രക്ഷപ്പെടുത്തുകയായിരുന്നു.
അതിനിടെ, ആഭ്യന്തര യുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ. ശ്രീലങ്കയില്‍ ജനാധിപത്യവും സ്ഥിരതയും നിലനില്‍ക്കുന്നതിനായി ഇന്ത്യ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് വ്യാജ പ്രചാരണമാണ് എന്ന് പറഞ്ഞ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങളും തള്ളിയത്.
പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം മഹിന്ദ രജപക്‌സെ എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തയില്ല. ഔദ്യോഗിക വസതിയില്‍ നിന്ന് രക്ഷപ്പെടുത്തി സൈന്യം നാവിക താവളത്തില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ ദ്വീപ് രാഷ്ട്രത്തിന്റെ ജനാധിപത്യത്തെ മാനിക്കുന്നതായും ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യ എല്ലാവിധ പിന്തുണയും നല്‍കുന്നതായും അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ നിലപാടുമായി ചേര്‍ന്നുപോകുന്നതല്ല. ശ്രീലങ്കയില്‍ ജനാധിപത്യം നിലനിന്നു കാണുന്നതിനായി എല്ലാവിധ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. സ്ഥിരതയും സാമ്പത്തികമായ വീണ്ടെടുക്കലും സാധ്യമാകാനും എല്ലാ വിധ സഹകരണത്തിനും ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
തിങ്കളാഴ്ചയാണ് മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ, അദ്ദേഹത്തിന്റെ അനുയായികള്‍, വടികളും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് സമാധാനപരമായ സമരം ചെയ്യുകയായിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ കൂടാരങ്ങള്‍ കത്തിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. തുടര്‍ന്നുണ്ടായ പ്രത്യാക്രമണങ്ങളില്‍ ഭരണകക്ഷി രാഷ്ട്രീയക്കാരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു, എട്ട് പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു ഭരണകക്ഷി എംപിയും ഉള്‍പ്പെട്ടിരുന്നു.