ബിജെപിയെ കളിയാക്കി ശിവസേന; വോട്ടിങ് മെഷീനുണ്ടെങ്കില്‍ ലണ്ടനിലും യുഎസിലും വരെ താമര വിരിയും
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പകരം ധാര്‍ഷ്ട്യമാണ് ബിജെപി നേതാക്കളെ ഭരിക്കുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി.
മുംബൈ: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി കളിയാക്കി ശിവസേന. വോട്ടിങ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവുമുണ്ടെങ്കില്‍ ലണ്ടനിലും യുഎസിലും വരെ താമര വിരിയുമെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന പരിഹസിച്ചത്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാത്തത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് അവിടെ താമര വിരിഞ്ഞില്ലെന്നും മുഖപ്രസംഗം ചോദിക്കുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പകരം ധാര്‍ഷ്ട്യമാണ് ബിജെപി നേതാക്കളെ ഭരിക്കുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം റഫേലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്‌നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണുഉള്ളതെന്ന് സാമ്‌ന കുറ്റപ്പെടുത്തിയിരുന്നു. സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. നിങ്ങള്‍ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും സാമ്‌ന ചോദ്യമുയര്‍ത്തിയിരുന്നു.