ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: ആര്‍സിസി നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍
ആര്‍സിസിയില്‍ അറ്റകുറ്റപ്പണിനടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍ നിന്നും വീണ് കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മരിക്കാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടും.
തിരുവനന്തപുരം: ആര്‍സിസിയില്‍ അറ്റകുറ്റപ്പണിനടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍ നിന്നും വീണ് കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മരിക്കാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടും. നിര്‍ധന കുടുംബാംഗമായ നദീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.
കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ചികില്‍സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്.
അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.