കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; അക്രമി ഒരാള്‍മാത്രം: കുറ്റപത്രം ഉടന്‍

Update: 2024-09-06 07:00 GMT

കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി സിബിഐ. പ്രതി സഞ്ജയ് റോയിക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പ്രതിയുടെ ഡിഎന്‍എ പൊരുത്തപ്പെട്ട സാഹചര്യത്തിലാണ് നടപടി. അക്രമിച്ചത് ഒരാള്‍ മാത്രമാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിഎന്‍എ, ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ മറ്റു പ്രതികളില്ലെന്ന് വ്യക്തമായതോടെ കേസില്‍ നിന്ന് കൂട്ടബലാത്സംഗം ഒഴിവാക്കിയിരുന്നു. ഓഗസ്റ്റ് 23-ന് കോടതിയില്‍ ഹാജരാക്കിയ പ്രതി സഞ്ജയ് റോയിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് തിരിച്ചയക്കാനാണ് സാധ്യത. അതേസമയം, പ്രതിയുടെ കസ്റ്റഡി ആവശ്യം സിബിഐ ഉന്നയിക്കില്ലെന്നാണ് വിവരം.

ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.



Tags:    

Similar News