പരാതി നല്‍കിയത് ഹിന്ദു സംഘടനകള്‍ നിര്‍ബന്ധിച്ചതിനാല്‍; മതംമാറ്റല്‍ പരാതി പിന്‍വലിച്ച് സിഖ് യുവതി

Update: 2021-06-30 06:26 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്ത രണ്ട് മുസ്‌ലിം സഹോദരങ്ങള്‍ക്കെതിരായ പരാതി സിഖ് യുവതി പിന്‍വലിച്ചു. ചില ഹിന്ദു സംഘടനകളുടെ നിര്‍ബന്ധവും സമ്മര്‍ദ്ദവും കാരണമാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങളെല്ലാം അവാസ്തവമാണെന്നും സിഖ് മതവിശ്വാസിയായ യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. ഞായറാഴ്ചയാണ് യുവതി മുസഫര്‍നഗര്‍ പോലിസില്‍ യുവതി പരാതി നല്‍കിയത്. സഹോദരന്മാരില്‍ ഒരാള്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹം കഴിഞ്ഞതെന്നും നിക്കാഹ് നടത്താന്‍ വേണ്ടി ഇയാള്‍ യുവതി മുസ്‌ലിമാണെന്ന രീതിയില്‍ വ്യാജ രേഖകള്‍ കെട്ടിച്ചമച്ചെന്നും പോലിസിനു നല്‍കിയ പരാതിയിലുണ്ടായിരുന്നു. എന്നാല്‍, യുവതി ഭര്‍ത്താവാണെന്ന് ആരോപിക്കുന്നയാള്‍ മറ്റൊരു മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും ഇതിനെ എതിര്‍ത്തപ്പോള്‍ ഇയാളും സഹോദരനും തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും യുവതി പരാതിപ്പെട്ടിരുന്നു. താന്‍ കടമായി നല്‍കിയ 5 ലക്ഷം തിരിച്ചു തരാന്‍ ഇദ്ദേഹം തയ്യാറായില്ലെന്നും ആരോപിച്ചിരുന്നു. തുടര്‍ന്നാണ്

    ഭര്‍ത്താവാണെന്ന് ആരോപിക്കുന്നയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ സഹോദരന്‍ ഒളിവിലായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കു ശേഷമാണ് സിഖ് യുവതി പരാതിയില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് രംഗത്തെത്തിയത്. താന്‍ ഇയാളെ വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നും തന്നോട് പണം വാങ്ങിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി. ചില ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദവും നിര്‍ബന്ധവും കാരണമാണ് പരാതി നല്‍കിയതെന്ന് യുവതി അറിയിച്ചെന്നും എന്നാല്‍, ഹിന്ദു സംഘടനകളുടെ ആരുടെയും പേര് യുവതി പറഞ്ഞിട്ടില്ലെന്നും യുപി പോലിസ് പറഞ്ഞു. യുവതി പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിച്ചതോടെ അറസ്റ്റിലായ മുസ് ലിം യുവാവിനെ മോചിപ്പിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

woman retracts complaint against brothers booked for conversion says she was under pressure hindu groups


Tags:    

Similar News