ആംബുലന്‍സ് നിഷേധിച്ചു; ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ അമ്മയുടെ കയ്യില്‍കിടന്ന് മൂന്ന് വയസുകാരന്‍ മരിച്ചു (വീഡിയോ)

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണിലിരിക്കെ കുട്ടിയെ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

Update: 2020-04-11 14:14 GMT

ബിഹാര്‍: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെതുടര്‍ന്ന് മൂന്ന് വയസുകാരന്‍ മരിച്ചു. ജഹാനാബാദിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന കുട്ടിയെ കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികില്‍സയ്ക്കായി ജഹനാബാദ് ജില്ലാ ആശുപത്രിയില്‍ നിന്ന് പട്നയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. പിന്നീട് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് നടന്നുനീങ്ങവെയാണ് അമ്മയുടെ കൈയില്‍ ഇരുന്ന് കുട്ടി മരിച്ചത്. 

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണിലിരിക്കെ കുട്ടിയെ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ എത്രയും വേഗം പോകാനാണ് ഡോക്ടര്‍ ആദ്യം നിര്‍ദേശിച്ചത്.എന്നാല്‍ ആംബുലന്‍സ് സൗകര്യം അവര്‍ ഏര്‍പ്പാടാക്കികൊടുത്തില്ല. ഇതിനിടെ കുഞ്ഞിന്റെ നില ഗുരുതരമായിക്കൊണ്ടിരിന്നു. തുടര്‍ന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നുപോകവെയാണ് അമ്മയുടെ കൈയില്‍ കുട്ടി മരിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

കുട്ടിയെ കയ്യിലെടുത്ത് അമ്മയും ഒപ്പം അച്ഛനും റോഡിലൂടെ നടന്നു പോകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി. കുട്ടിയുടെ മൃതദേഹവുമായി നടന്നുപോകുന്ന അമ്മ നിസ്സഹായതയോടെ കരയുന്നതും വീഡിയോയില്‍ കാണാം.

Tags:    

Similar News