പാലക്കാട് നഗരസഭയിലെ വനിതാ കൗണ്‍സിലര്‍മാരുടെ ചേരിപ്പോര്; ബിജെപി നേതൃത്വം ഇടപെടുന്നു

ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും സംഘടനയ്ക്കും ഭരണത്തിനും ചീത്തപ്പേരുണ്ടാക്കിയാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് സംഘപരിവാര്‍ നേതൃത്വം കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Update: 2021-09-07 07:24 GMT

പാലക്കാട്: നഗരസഭാ ഭരണസമിതിയില്‍ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരുടെ ചേരിപ്പോരില്‍ ബിജെപി നേതൃത്വം ഇടപെടുന്നു. കഴിഞ്ഞദിവസം വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വനിതകള്‍ അടക്കം കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഭിന്നിപ്പ് മറനീക്കി പുറത്തുവന്നിരുന്നു. പലരും പരുഷമായ ഭാഷയില്‍ പരസ്പരം തര്‍ക്കിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ആര്‍എസ്എസ് അടക്കമുള്ളവര്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെയാണ് ബിജെപി നേതൃത്വം വിഷയത്തില്‍ ഇടപെടുന്നത്.

ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും സംഘടനയ്ക്കും ഭരണത്തിനും ചീത്തപ്പേരുണ്ടാക്കിയാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് സംഘപരിവാര്‍ നേതൃത്വം കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണസമിതി രൂപീകരണത്തോടെ ഉടലെടുത്ത അസ്വാരസ്യങ്ങളും എതിര്‍പ്പും വിഭാഗീയതയിലേയ്ക്കടക്കം നീങ്ങുന്നതായി ഒരുവിഭാഗം വിമര്‍ശനമുന്നയിക്കുന്നു.

നഗരസഭാ അധ്യക്ഷ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചവര്‍ക്കുണ്ടായ നിരാശയാണ് നിലവിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്ന് ഒരുവിഭാഗം ആരോപിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ പേരുപറഞ്ഞ് ഏതാനും ചിലര്‍ മാത്രം തീരുമാനങ്ങളെടുക്കുകയാണെന്നും പാര്‍ട്ടി വേദികളില്‍ പോലും ചര്‍ച്ചയാക്കുന്നില്ലെന്നും നിരന്തരം അവഗണിക്കുകയാണെന്നും മറുവിഭാഗം പറയുന്നു.

ഇതിനിടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ക്ക് സംസ്ഥാന നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും സംഘപരിവാര്‍ നേതൃത്വം പരിശോധിച്ചുവരികയാണ്. വിഷയം പാര്‍ട്ടി വേദികള്‍ വിട്ട് പുറത്തുപോവുന്നതിന് മുമ്പ് പരിഹരിക്കണമെന്ന കര്‍ശന നിര്‍ദേശം സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയതായാണ് വിവരം.

Tags:    

Similar News