'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം'; കാംപയിനുമായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2024-10-03 14:09 GMT

കൊച്ചി: 'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം' എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ 02 മുതല്‍ ഡിസംബര്‍ 02 വരെ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തിന്റെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹം രാജ്യവ്യാപകമായി നേരിടുന്ന പ്രതിസന്ധികള്‍ വിവരണാതീതമാണ്. തൊഴിലിടങ്ങളില്‍ മാത്രമല്ല, സ്വന്തം വീടുകളില്‍ പോലും പല തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമാണ് സ്ത്രീകള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഫാഷിസ്റ്റ് അതിക്രമങ്ങളുടെ പ്രധാന ഇരയും സ്ത്രീകളാണ്.

    സ്ത്രീ വിരുദ്ധ അതിക്രമങ്ങള്‍ 2011 ല്‍ 2,28,650 ആയിരുന്നത് 2021 ആയപ്പോള്‍ 87 ശതമാനം വര്‍ധിച്ച് 4,28,278 ആയതായി നാഷനല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോ റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മാത്രം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ 1,18,581 അതിക്രമ കേസുകളുണ്ടായി എന്നാണ് ആഭ്യന്തരവകുപ്പ് നല്‍കിയ രേഖകളെ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ മാത്രം 1338 ബലാല്‍സംഗങ്ങളും 2330 പീഡനങ്ങളുമുള്‍പ്പെടെ 9501 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭീഷണിയും അപമാനവും ഭയന്ന് പരാതി നല്‍കാത്ത സംഭവങ്ങള്‍ ധാരാളമുണ്ട്.

    ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രൂരമായ ചൂഷണങ്ങള്‍ ഹേമാ കമ്മിറ്റി റിപോര്‍ട്ട് വരച്ചുകാട്ടുന്നു. മധ്യപ്രദേശിലെ പവിത്ര നഗരിയായ ഉജ്ജയ്‌നില്‍ തിരക്കേറിയ ജങ്ഷനില്‍ സ്ത്രീ ബലാല്‍സംഗത്തിനിരയായപ്പോള്‍ കണ്ടുനിന്ന ജനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നതിന് പകരം കാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിപ്പൂര്‍ കലാപത്തിനിടെ യുവതികളെ നഗ്‌നരായി തെരുവിലൂടെ നടത്തിച്ചതും പീഡനത്തിനിരയാക്കിയതും പരിഷ്‌കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാല്‍സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട സംഭവത്തിലെ കോലാഹലങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. നിയമപാലന സംവിധാനം പോലും എത്രയധികം രോഗാതുരവും സ്ത്രീവിരുദ്ധവുമായിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഭരത്പുര്‍ പോലിസ് സ്‌റ്റേഷനില്‍ ഒരു യുവതിക്ക് നേരിടേണ്ടിവന്ന കൊടിയ ദുരനുഭവം. സ്ത്രീകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്ന നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും അവയെല്ലാം കേവലം ലിഖിതങ്ങളായി അവശേഷിക്കുകയാണ്. ഉന്നാവയും ഹാത്‌റസും കത്വവയും മണിപ്പൂരും ഗുജറാത്തും നിര്‍ഭയമാരും നമ്മെ നിരന്തരം പേടിപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഇടമായി രാജ്യം മാറിക്കൊണ്ടിരിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വമെന്ന മുദ്രാവാക്യം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഉയര്‍ത്തുന്നത്. ദേശീയ കാംപയിന്റെ ഭാഗമായി രണ്ടു മാസം നീളുന്ന പ്രചാരണത്തോടനുബന്ധിച്ച് ലഘുലേഖ വിതരണം, ഭവന സന്ദര്‍ശനം, വനിതാ സംഗമങ്ങള്‍, സെമിനാര്‍, ടേബിള്‍ ടോക്ക് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന സംബന്ധിച്ചു.

Tags:    

Similar News