'മൂസയെ പോലെ'' ഗസയിലെ 60000 കുഞ്ഞുങ്ങളുടെ സമൂഹ പിറന്നാള്‍ ആഘോഷം

ഇസ്രായേലിന്റെ ഗസ അധിനിവേശത്തിന് ശേഷം ജനിച്ച കുട്ടികളുടെ ജന്‍മദിനമാണ് ലോകം കൂട്ടായി ആഘോഷിക്കുന്നത്..

Update: 2024-10-09 17:28 GMT

Full View



സയണിസ്റ്റുകളുടെ ഗസ അധിനിവേശത്തിനു ശേഷം ജനിച്ച 60000 കുഞ്ഞുങ്ങളുടെ പിറന്നാള്‍ കൂട്ടമായി ആഘോഷിക്കുന്നു. ഫറോവയുടെ ക്രൂരതകള്‍ക്കിരയായ മൂസാ നബി അടക്കമുള്ള കുട്ടികളോടൊപ്പം ഗസയിലെ കുഞ്ഞുങ്ങളെയും ഓര്‍ക്കണമെന്നാവശ്യപ്പെട്ടാണ് സമൂഹ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നത്. പിറന്നാള്‍ ആഘോഷങ്ങള്‍ ഒക്ടോബര്‍ പതിനാലു വരെ നടത്താമെന്നാണ് ഇറാന്‍ മുന്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റഈസിയുടെ വിധവയും സംഘാടകയുമായ ഡോ. ജാമില്‍ അറിയിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത, സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു ഭാവിയാണ് ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ തന്നെ ഒരേ സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഉച്ചക്ക് ശേഷമോ വൈകീട്ടോ ആണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കേണ്ടത്.

മുസ്‌ലിം പള്ളികളിലും ക്രിസ്ത്യന്‍ ദേവാലയങ്ങളിലും അമ്പലങ്ങളിലും പൊതു പാര്‍ക്കുകളിലും ആഘോഷം നടത്താം. പ്രാദേശിക വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥനയോടെ വേണം ആഘോഷം തുടങ്ങാന്‍. കുട്ടികളുടെ ഓട്ടമല്‍സരം, വടംവലി തുടങ്ങി പ്രാദേശികമായ എല്ലാതരം മല്‍സരങ്ങളും സംഘടിപ്പിക്കാവുന്നതാണ്. ശാന്തി, സമാധാനം, സൗഹൃദം, ധാര്‍മികത തുടങ്ങിയ വിഷയങ്ങളിലെ കഥകളും കുട്ടികള്‍ക്ക് അവതരിപ്പിക്കാം.

ബലൂണുകളും ഫലസ്തീന്‍ കൊടികളും ഉപയോഗിച്ച് ആഘോഷം നടക്കുന്ന സ്ഥലം അലങ്കരിക്കാം. ഗസയിലെ കുഞ്ഞുങ്ങള്‍ തനിച്ചല്ല തുടങ്ങിയ ബാനറുകളും പോസ്റ്ററുകളും പരിപാടിയില്‍ ഉപയോഗിക്കാം. ആഘോഷത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കെല്ലാം ലഭിക്കാവുന്ന രീതിയിലുള്ള ലളിതമായ പിറന്നാള്‍ കേക്ക് മുറിക്കണം. കൂടാതെ ചെറു മിഠായികളും ചായ, കാപ്പി, ജ്യൂസ് പോലുള്ള പാനീയങ്ങളും വിതരണം ചെയ്യാം.

ഗസയിലെ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന, സൗഹൃദം, ശാന്തി, ഐക്യദാര്‍ഢ്യം എന്നിവയെ അടിസ്ഥാനമാക്കിയ കലാ നിര്‍മിതികളും കുട്ടികള്‍ക്ക് തയ്യാറാക്കാം. പരിപാടിയുടെ ഭാഗമായി ഗസയിലെ കുട്ടികള്‍ക്ക് കത്തെഴുതാനുള്ള അവസരവും നല്‍കണം. പിറന്നാള്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ #Gaza_Children_celebration, #Same_as_moses, #Your_life_matters .തുടങ്ങിയ ഹാഷ് ടാഗുകള്‍ ഉപയോഗിക്കണമെന്നും ഡോ. ജാമില്‍ നിര്‍ദേശിച്ചു.

Tags:    

Similar News