മ്യാന്‍മര്‍ പ്രക്ഷോഭകര്‍ക്കെതിരായ സൈനിക നടപടിയെ അപലപിച്ച് ലോക നേതാക്കള്‍

രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഓഫിസ് വ്യക്തമാക്കിയിരുന്നു.

Update: 2021-03-01 02:11 GMT

നേപിഡോ: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരായ സമാധാനപരമായ സമരത്തിനു നേരെ മ്യാന്‍മര്‍ സുരക്ഷാ സേന നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തെ ലോക നേതാക്കള്‍ ശക്തമായി അപലപിച്ചു. രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഓഫിസ് വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി ഒന്നിന് അധികാരം പിടിച്ചെടുക്കുകയും ഒരു വര്‍ഷം നീളുന്ന 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുകയും ചെയ്ത സൈനിക നടപടിയെ യുഎന്‍ മേധാവി അന്റോണിയോ ഗുത്തേറഷ് ഞായറാഴ്ച അപലപിച്ചു.

മ്യാന്‍മറിലെ കിരാതമായ സൈനിക അടിച്ചമര്‍ത്തലിനെ ശക്തമായ അപലപിച്ച ഗുത്തേറഷ് സമാധാനപരമായി നടക്കുന്നത പ്രതിഷേധങ്ങളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നേരിടുന്നത് അസ്വീകാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിവിലിയന്‍ നേതാവ് ആങ് സാന്‍ സൂചിയുടെ പാര്‍ട്ടി വന്‍ വിജയം നേടിയതിനു പിന്നാലെയാണ് സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത്. ആങ് സാന്‍ സൂചിയുടെ സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയവരില്‍ ആയിരത്തോളം പേരെ സൈന്യം കസ്റ്റഡിയിലെടുത്തതായാണ് സൂചന.

സമാധാനപരമായി പ്രതിഷേധം നയിച്ചവര്‍ക്കു നേരെ മാരക ബലപ്രയോഗം നടത്തുകയും അനിയന്ത്രിതമായി അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പ്രസ്താവനയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ താല്‍പര്യം പ്രകടിപ്പിച്ച മ്യാന്‍മര്‍ ജനതയുടെ ഇഷ്ടത്തെ സൈന്യം അംഗീകരിക്കണമെന്നും വ്യക്തമായ സൈനിക സൂചന നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ഈ സംഭവവികാസങ്ങള്‍ക്ക് ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര മേധാവി ജോസെപ് ബോറെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സൈനിക അധികാരികള്‍ സിവിലിയന്മാര്‍ക്കെതിരായ ബലപ്രയോഗം ഉടന്‍ നിര്‍ത്തുകയും അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാനും ഒത്തുകൂടാനുമുള്ള അവകാശം ജനങ്ങള്‍ അനുവദിച്ച് നല്‍കണമെന്നും ബോറെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News