ഇന്ത്യ സെമി ബെര്‍ത്തിനരികെ; വിന്‍ഡീസിനെ 125 റണ്‍സിന് തോല്‍പ്പിച്ചു

കഴിഞ്ഞ മല്‍സരത്തിലെ ഭാഗ്യതാരം മുഹമ്മദ് ഷമി തന്നെയാണ് ഇക്കുറിയും ഇന്ത്യയ്ക്ക് വിജയം നല്‍കിയതിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കരീബിയന്‍സ് 34.2 ഓവറില്‍ 143 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

Update: 2019-06-27 17:28 GMT

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ബെര്‍ത്തിനരികെയെത്തി. വെസ്റ്റ്ഇന്‍ഡീസിനെ 125 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. കഴിഞ്ഞ മല്‍സരത്തിലെ ഭാഗ്യതാരം മുഹമ്മദ് ഷമി തന്നെയാണ് ഇക്കുറിയും ഇന്ത്യയ്ക്ക് വിജയം നല്‍കിയതിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കരീബിയന്‍സ് 34.2 ഓവറില്‍ 143 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഷമിക്ക് പിന്തുണയേകി ജസ്പ്രീത് ബുംറയും യുസ് വേന്ദ്ര ചാഹലും രണ്ട് വീതം വിക്കറ്റുകള്‍ നേടി. വിന്‍ഡീസ് നിരയില്‍ സുനില്‍ ആബ്രിസ് 31 ഉം നിക്കോളസ് പൂരന്‍ 28 ഉം റണ്‍സെടുത്തതൊഴിച്ചാല്‍ ആര്‍ക്കും 18 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. കേദര്‍ ജാദവും ഹാര്‍ദ്ദിക്കും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഏഴു മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള വിന്‍ഡീസ് ഇന്നത്തെ തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പുറത്തായി.

നേരത്തെ ടോസ് നേടിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് എത്തിനില്‍ക്കെ രോഹിത്ത് ശര്‍മ്മ(18)യെ പുറത്താക്കി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് വന്ന കോഹ്‌ലി (72) രാഹുലി(48)നൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രാഹുല്‍ പുറത്തായതിന് ശേഷമെത്തിയ വിജയ് ശങ്കറിന്(14) കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. തുടര്‍ന്നെത്തിയ ജാദവും (7) ശരവേഗത്തില്‍ പുറത്തായി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണിയും(56) കോഹ്‌ലിയും മികച്ച പ്രകടനം കാഴ്ചവച്ചു. 82 പന്തില്‍ നിന്നാണ് കോഹ്‌ലി 72 റണ്‍സെടുത്തത്. അതിനിടെ കോഹ്‌ലി ഇന്നത്തെ മല്‍സരത്തിനിടെ പുതിയ റെക്കോഡിനര്‍ഹനായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിനാണ് ക്യാപ്റ്റന്‍ അര്‍ഹനായത്. 417 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 20,000 റണ്‍സ് നേടിയത്. റിക്കി പോണ്ടിങ് 464 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ക്യാപ്റ്റന്റെ പുറത്താവലിന് ശേഷമെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ 38 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. 56 റണ്‍സെടുത്ത ധോണി പുറത്താവാതെ നിന്നു. കരീബിയന്‍സിനായി റോച്ച് മൂന്നും കോട്രല്‍, ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

Similar News