കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ല; രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കും: ലോകാരോഗ്യ സംഘടന -കൊവിഡ് ബാധിതര്‍ 26 ലക്ഷം, മരണം-1,83,000
കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പ് നല്‍കി. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് യുഎന്നിന്റെ അറിയിപ്പ്.
വാഷിംഗ്ടണ്‍: കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്നും ഇനി വരാനിരിക്കുന്നത് കടുത്ത ശൈത്യകാലമായതിനാല്‍ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കുമെന്നും ലോകാരോഗ്യ സംഘടന.
കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പ് നല്‍കി. കൂടാതെ ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും ആശങ്ക ഉണര്‍ത്തുന്നുണ്ട്. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് യുഎന്നിന്റെ അറിയിപ്പ്.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം 6000ത്തിലേറെ പേരാണ് മരിച്ചത്. ഇതോടെ അസുഖത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,83,000 പിന്നിട്ടു.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്.
ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല്‍ലക്ഷം കടന്നു. ഇറ്റലിയില്‍ 437 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ മരിച്ചു.
സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 435 പുതിയ രോഗികളായി. ആകെ രോഗികള്‍ 2 ലക്ഷം കവിഞ്ഞു. മേയ് രണ്ടാം വാരം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കും എന്നാണ് രാജ്യം വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയില്‍ 24 മണിക്കൂറിനിടെ 5000 ലേറെ പുതിയ രോഗികളായി. ആകെ രോഗികള്‍ 58,000 കടന്നു. ആകെ മരണം 513 ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ മരണ നിരക്കില്‍ മുന്നിലുണ്ടായിരുന്ന ഇറാനിലും ബെല്‍ജിയത്തിലും ഇന്നലെ മരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്വാസകരമാണ്.
സിംഗപ്പൂര്‍, ഇസ്രയേല്‍, ചൈന, യൂറോപ്പ്, ദക്ഷിണകൊറിയ, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.