ഇരുട്ടത്ത് മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷ എഴുതിയ സംഭവം; മഹാരാജാസില്‍ നടന്ന പരീക്ഷ റദ്ദാക്കി

Update: 2022-04-12 18:20 GMT

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷകള്‍ റദ്ദാക്കി. പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.വി അനില്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും. കോളജിലെ ഒന്നാം വര്‍ഷ ബിരുദം, മൂന്നാം സെമസ്റ്റര്‍ പിജി പരീക്ഷകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച കറന്റ് പോയതിനെ തുടര്‍ന്ന് മൊബൈല്‍ വെളിച്ചത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വിവാദമായതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം. പകല്‍ വെളിച്ചവും കുറഞ്ഞപ്പോള്‍ അധ്യാപകരുടെ കൂടി അനുമതിയോടെ വിദ്യാര്‍ഥികളെല്ലാവരും മൊബൈല്‍ ടോര്‍ച്ച് വെട്ടത്തെ ആശ്രയിക്കുകയായിരുന്നു.

ഇരുട്ടുവീണ ക്ലാസ് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവദിവസം രാവിലെ മുതല്‍ കോളജില്‍ വൈദ്യുതി ബന്ധമില്ലായിരുന്നു. ശക്തമായ മഴക്കാറുണ്ടായിരുന്നതിനാല്‍ പരീക്ഷാ ഹാള്‍ ഇരുട്ടിലുമായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ പകരം സംവിധാനമായ ജനറേറ്ററില്‍നിന്നു വൈദ്യുതി ലഭിച്ചില്ല. 54 ലക്ഷം രൂപ മുടക്കി കോളജിലേക്ക് ഹൈ ടെന്‍ഷന്‍ വൈദ്യുതി സംവിധാനമൊരുക്കിയിരുന്നുവെങ്കിലും അവശ്യഘട്ടത്തില്‍ പ്രയോജനപ്പെട്ടില്ല.

77 ലക്ഷത്തിന്റെ ജനറേറ്ററും ഇവിടെയുണ്ടെങ്കിലും അതും പ്രവര്‍ത്തിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ പരീക്ഷാദിവസം ഹാളിലേക്കു കൊണ്ടുപോവാന്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വിലക്കിയിരുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ ഫോണ്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ കയറ്റിയതാണ് വിവാദമായത്. മഹാരാജാസ് കോളജില്‍ മൊബൈല്‍ വെളിച്ചത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടിവന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കെഎസ്‌യു കുറ്റപ്പെടുത്തി.

Tags:    

Similar News