തായ്‌വാന്‍ ചൈനയില്‍ ചേരുന്നതിനെ തടയാന്‍ ആര്‍ക്കുമാവില്ല: ഷി ജിന്‍പിങ്

മക്കാവ് പ്രദേശം പോര്‍ച്ചുഗലില്‍ നിന്ന് ചൈനയില്‍ ചേര്‍ത്തതിന്റെ 25ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു

Update: 2025-01-01 01:25 GMT

ബീജിങ്: തായ്‌വാന്‍ ചൈനയില്‍ ചേരുന്നതിനിടെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. മക്കാവ് പ്രദേശം യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ നിന്ന് ചൈനയില്‍ ചേര്‍ത്തതിന്റെ 25ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ഷി ജിന്‍പിങ്. ''തായ്‌വാന്‍ കടലിടുക്കിന് ഇരുവശവും ജീവിക്കുന്നവര്‍ ഒരു കുടുംബമാണ്. ഈ കുടുംബബന്ധം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ചരിത്രപരമായ ലയനം ആര്‍ക്കും തടയാനും സാധിക്കില്ല''-ഷി ജിന്‍പിങ് പറഞ്ഞു.

1894-1895 കാലത്ത് നടന്ന ആദ്യ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍, തായ്‌വാന്‍ ദ്വീപ് കീഴടക്കിയിരുന്നു. അതിന് മുമ്പ് വരെ പ്രദേശം ചൈനയിലെ ക്യുങ് രാജവംശത്തിന്റെ അധീനതയിലായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു. അതോടെ തായ്‌വാന്റെ നിയന്ത്രണം ജപ്പാന് നഷ്ടമായി. ഇതിന് ശേഷം ആഭ്യന്തരയുദ്ധത്തിലൂടെ മാവോ സേതുങിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ചൈനയില്‍ അധികാരം പിടിച്ചു.

മാവോയുടെ സൈന്യവുമായി ഏറ്റുമുട്ടി പരാജയപ്പെട്ട കിയാങ് ചൈഷക് എന്ന നേതാവ് പതിനഞ്ച് ലക്ഷം അനുയായികള്‍ക്കൊപ്പം 1949ല്‍ തായ്‌വാനിലേക്ക് രക്ഷപ്പെട്ടു. അവര്‍ തായ്‌വാനില്‍ ഔദ്യോഗിക ചൈനയെന്ന പേരില്‍ ഭരണകൂടം സ്ഥാപിച്ചു. തായ്‌വാനാണ് യഥാര്‍ത്ഥ ചൈനയെന്നാണ് അവരുടെ വാദം. എന്നാല്‍, തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുടെ വാദം. യുഎസും യൂറോപ്പുമാണ് തായ്‌വാന് സൈനിക പിന്തുണ നല്‍കുന്നത്. ഒരു നാള്‍ തായ്‌വാന്‍ ചൈനയില്‍ ചേരുമെന്നാണ് ചൈനയുടെ നിലപാട്.






Tags:    

Similar News