യതി നരസിംഹാനന്ദിന്റെ പ്രവാചക നിന്ദ പരാമര്‍ശം; ഹറം കാര്യാലയം അപലപിച്ചു

Update: 2024-10-06 06:06 GMT

റിയാദ്: ഉത്തര്‍പ്രദേശിലെ ഹിന്ദു പുരോഹിതന്‍ പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ സൗദിഅറേബ്യയിലെ ഹറം കാര്യാലയം അപലപിച്ചു. ഇന്ത്യയിലെ ഒരു പുരോഹിതന്‍ മുഹമ്മദ് നബിയെ നിന്ദിച്ച വിഷയത്തില്‍ ഹറം കാര്യാലയം അപലപിക്കുന്നുവെന്ന് പ്രസ്താവനയില്‍ അറിയിച്ചു. സാമുദായിക സംഘര്‍ഷം ഉണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും ഇസ്ലാമോഫോബിയയുടെ വ്യാപനം തടയാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


സെപ്തംബര്‍ 29 ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ ഹിന്ദി ഭവനില്‍ ദാസന്‍ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ നരസിംഹാനന്ദ് നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് നബിയെ നിന്ദിച്ചിരുന്നു. എല്ലാ ദസറയിലും നിങ്ങള്‍ക്ക് കോലം കത്തിക്കേണ്ടി വന്നാല്‍ മുഹമ്മദിന്റെ കോലം കത്തിച്ചു കളയുക എന്നായിരുന്നു പുരോഹിതന്‍ നടത്തിയ പരാമര്‍ശം. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഇത് ആദ്യമായല്ല ഇത്തരത്തില്‍ യതി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇതിന് മുമ്പ് ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.ഇസ്ലാമിനെയും മുഹമ്മദ് നബിയെയും ലക്ഷ്യമിടുന്ന പരാമര്‍ശമാണ് യതി കൂടുതലായി നടത്തിയിട്ടുള്ളത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെതിരെയും യതി പരാമര്‍ശം നടത്തിയിട്ടുണ്ട്.





Tags:    

Similar News