തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശങ്ങളില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ലക്ഷ്വദീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത നിശ്ചയിച്ചിട്ടില്ലെങ്കിലും തെക്കുപടിഞ്ഞാറ് അറബിക്കടല്‍, ലക്ഷദ്വീപ് മേഖല, കേരള തീരം, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോവരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍, മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.