വിദ്യാര്‍ഥികളുടെ കൂട്ടക്കൊല: സൗദി രാജാവ്, സൗദി കിരീടാവകാശി, ട്രംപ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ച് യമന്‍ കോടതി

മജ്‌സ് ജില്ലയിലെ ദഹ്‌യാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സ് മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്ത് 15 വയസ്സിനു താഴെയുള്ള വിദ്യാര്‍ഥികളെ വധിച്ച സംഭവത്തിലാണ് സഅദയിലെ പ്രത്യേക ക്രിമിനല്‍ കോടതി ജഡ്ജി റിയാദ് അല്‍ റസാമി ശിക്ഷ വിധിച്ചതെന്ന് ഹൂഥി ഉടമസ്ഥതയിലുള്ള യെമന്‍ ന്യൂസ് ഏജന്‍സി (സാബ) റിപോര്‍ട്ട് ചെയ്തു.

Update: 2020-10-02 09:02 GMT

സന്‍ആ: ദഹ്‌യാനില്‍ അറബ് സഖ്യസേന സ്‌കൂള്‍ ബസ്സ് അക്രമിച്ച് 51 വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി രാജാവ്, കിരീടാവകാശി, യുഎസ്-യമന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരേ വധശിക്ഷ വിധിച്ച് യെമന്‍ കോടതി.

മജ്‌സ് ജില്ലയിലെ ദഹ്‌യാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സ് മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്ത് 15 വയസ്സിനു താഴെയുള്ള വിദ്യാര്‍ഥികളെ വധിച്ച സംഭവത്തിലാണ് സഅദയിലെ പ്രത്യേക ക്രിമിനല്‍ കോടതി ജഡ്ജി റിയാദ് അല്‍ റസാമി ശിക്ഷ വിധിച്ചതെന്ന് ഹൂഥി ഉടമസ്ഥതയിലുള്ള യെമന്‍ ന്യൂസ് ഏജന്‍സി (സാബ) റിപോര്‍ട്ട് ചെയ്തു. 2018 ആഗസ്റ്റ് 9നാണ് കേസിനാസ്പദമായ സംഭവം.

സൗദി അതിര്‍ത്തിയോട് ചേര്‍ന്നുള്ള യമനിലെ സഅദ ഗവര്‍ണറേറ്റിലെ ദഹ്‌യാനിലെ തിരക്കേറിയ മാര്‍ക്കറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ബസ്സിനു നേരെ അറബ് സഖ്യസേന വിമാനം മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ്, തുര്‍ക്കി ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജെയിംസ് നോര്‍മന്‍ മാറ്റിസ്, നോര്‍ട്ടണ്‍ ഷ്വാര്‍ട്‌സ്, യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, അലി മുഹ്‌സിന്‍ സ്വാലിഹ് അല്‍ അഹ്മര്‍, അഹമ്മദ് ഉബീദ് ബിന്‍ ദാഗര്‍, മുഹമ്മദ് അലി അഹമ്മദ് അല്‍ മഖ്ദാഷി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

Tags:    

Similar News