അതിഥി തൊഴിലാളികള്‍ക്കായി ബസ്സുകള്‍; യോഗി-പ്രിയങ്ക പോര് മുറുകുന്നു

മെയ് 16നാണ് തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് 1000 ബസുകള്‍ സജ്ജമാക്കിയത്. ബസ് സര്‍വീസിന് ഇന്നലെ യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Update: 2020-05-19 18:19 GMT

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഒരുക്കിയ 1000 ബസ്സുകളുടെ സര്‍വീസ് സംബന്ധിച്ച യോഗി-പ്രിയങ്ക പോര് മുറുകുന്നു ബസുകള്‍ രജിസ്‌ട്രേഷന് ലഖ്‌നൗവില്‍ എത്തിക്കണമെന്നും തയ്യാറല്ലെങ്കില്‍ ഗാസിയബാദ് നോയിഡ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് കൈമാറണമെന്നും യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് പുതിയ പ്രശ്‌നം. ബസുകള്‍ ലഖ്‌നൗവില്‍ എത്തിക്കുക സാധ്യമല്ലെന്നും യോഗി സര്‍ക്കാര്‍ നീക്കം മനുഷ്യത്വരഹിതമാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഈ നാടകം എന്തിനെന്ന് സോണിയ ഗാന്ധി വ്യക്തമാക്കണമെന്ന് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് ചോദിച്ചു.

മെയ് 16നാണ് തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് 1000 ബസുകള്‍ സജ്ജമാക്കിയത്. ബസ് സര്‍വീസിന് ഇന്നലെ യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പലയിടങ്ങളില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ബസുകള്‍ രജിസ്‌ട്രേഷനായി ലഖ്‌നൗ എത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതിര്‍ത്തി പ്രദേശങ്ങളില്‍ അടക്കം നില്‍ക്കുന്ന ബസുകള്‍ ലഖ്‌നൗവില്‍ എത്തിക്കല്‍ പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. നടപടി മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവാസ്തിക്കയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 500 വീതം ബസുകള്‍ നോയിഡ, ഗാസിയബാദ് ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് കൈമാറാനാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. യോഗി സര്‍ക്കാര്‍ ഓരോ തവണയും വാക്ക് മാറ്റുകയാണെന്ന് ഉത്തര്‍ പ്രദേശ് പി.സി.സി വിമര്‍ശിച്ചു. നിലവില്‍ അതിഥി തൊഴിലാളികളുമായി ബസുകള്‍ യുപി അതിര്‍ത്തികളില്‍ കിടക്കുകയാണ്. അതേസമയം 300 ബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് ഡല്‍ഹി പിസിസി മുഖ്യമന്ത്രി കേജരിവാളിന് അനുമതി തേടി കത്തയച്ചു. 

Tags:    

Similar News