ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം പൊട്ടിയ ''ബോംബ്'' വിഷു-ഈസ്റ്റര്‍ പടക്കമെന്ന് പോലിസ്

തൃശ്ശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായത് ബോംബ് സ്‌ഫോടനമല്ലെന്നും പടക്കം പൊട്ടിച്ചതാണെന്നും പോലിസ്. വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കങ്ങള്‍ സമീപവാസികളായ കൂട്ടുകാര്‍ ചേര്‍ന്ന് പൊട്ടിച്ചതാണെന്നും സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പെറ്റിക്കേസെടുത്തെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ആക്രമണം നടന്നുവെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതോടെ പടക്കം പൊട്ടിച്ചവര്‍ ഭയന്നു വിറച്ച് മാനസിക പ്രതിസന്ധിയിലായെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ വീടിന് സമീപം നടന്ന 'ആക്രമണത്തില്‍' പ്രതിഷേധിച്ച് ഇന്നലെ രാവിലെ ബിജെപി സിറ്റി ജില്ലയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയിരുന്നു.