സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കി
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കള്‍ക്കെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ അധിക്ഷേപ പ്രസ്താവനയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന വനിതാ കമ്മിഷനും പരാതി നല്‍കിയത്. വനിതാ നേതാക്കളെ പൂതനയോട് ഉപമിക്കുകയും ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ പോലിസ് കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണ്. സുരേന്ദ്രനെതിരേ പോലിസ് കേസ് റജിസ്റ്റര്‍ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും വീണ ആവശ്യപ്പെട്ടു. വീണയുടെ പരാതിയില്‍ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കാനായി ഡിജിപി ഹൈടെക് സെല്ലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലാണ് കെ സുരേന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്.