'അമ്പലനടയില്‍ കെട്ടിത്തൂക്കി; പച്ചയ്ക്കിട്ട് കത്തിക്കും...'; യൂത്ത് ലീഗ് മണിപ്പൂര്‍ റാലിയില്‍ പ്രകോപന മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കി
കാസര്‍കോഡ്: മുസ് ലിം യൂത്ത് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം വിവാദമായതോടെ നടപടിയുമായി യൂത്ത് ലീഗ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ യൂത്ത് ലീഗ് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിരുന്നു. കാഞ്ഞങ്ങാട് നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. 'അമ്പലനടയില്‍ കെട്ടിത്തൂക്കി...പച്ചയ്ക്കിട്ട് കത്തിക്കും' എന്ന മുദ്രാവാക്യമാണ് വിവാദമായത്. പ്രകോപനപരമായ മുദ്രാവാക്യം വിളി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നടപടിയെടുത്തത്. കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുസ്സലാം എന്ന പ്രവര്‍ത്തകനെയാണ് യൂത്ത് ലീഗില്‍ നിന്ന് പുറത്താക്കിയത്. ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.