ഇഎംഇഎ മാനേജ്‌മെന്റിനെതിരേ യൂത്ത് ലീഗില്‍ പടയൊരുക്കം

പി കെ ബഷീര്‍ എംഎല്‍എയുടെ ഏകാധിപത്യ ഭരണമാണ് ഇഎംഇഎയില്‍ നടക്കുന്നതെന്ന് മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ വഴി അറിയുന്നു

Update: 2021-11-19 14:41 GMT

മലപ്പുറം: മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുള്ള ഇഎംഇഎ മാനേജ്‌മെന്റിനെതിരേ യൂത്ത് ലീഗില്‍ പടയൊരുക്കം. ഇഎംഇഎ മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ സമുദായത്തിനോ പാര്‍ട്ടിക്കാര്‍ക്കോ പരിഗണന നല്‍കാതെ വെറും പണം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതായാണ് തെളിവുകള്‍ നിരത്തി ലീഗ് യൂത്ത് ലീഗ്, പ്രവര്‍ത്തകര്‍ വാദിക്കുന്നത്.ഏറ്റവും അവസാനമായി നടന്ന അഞ്ച് നിയമനങ്ങളില്‍ നാലും നല്‍കിയത് പാര്‍ട്ടി പരമായതോ സാമുദായികമോ ആയ പരിഗണനയോ നല്‍കാതെയാണെന്ന് മനസ്സിലാവുന്നു. അഞ്ചില്‍ അറബി വിഷയത്തില്‍ മാത്രമാണ് മുസ്‌ലിം ഉദ്യോഗാര്‍ഥിയെ പരിഗണിച്ചത്. അതും മറ്റു സമദായത്തില്‍ നിന്നുള്ള അപേക്ഷകന്‍ ഇല്ലാത്തത് കൊണ്ടാണെന്ന് യൂത്ത് ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹി പറഞ്ഞു.പി കെ ബഷീര്‍ എംഎല്‍എയുടെ ഏകാധിപത്യ ഭരണമാണ് ഇഎംഇഎയില്‍ നടക്കുന്നതെന്ന് മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ വഴി അറിയുന്നു. മീറ്റിംഗില്‍ വല്ലതും ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ബഷീറിന്റെ രീതിയെന്ന് ഇവര്‍ ആരോപിക്കുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ ലഭ്യമായ മലയാളം പോസ്റ്റില്‍ വര്‍ഷങ്ങളായി നിയമനങ്ങള്‍ നടത്താതെ ഇടത് പക്ഷ അനുഭാവിക്ക് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണെന്നും അറിയുന്നു. ഓരോ നിയമനങ്ങള്‍ക്കും ഭീമമായ തുകയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും വാങ്ങുന്നത്. പണം വാങ്ങാനായി മാത്രം പി കെ ബഷീര്‍ എംഎല്‍എയുടെ വിശ്വാസ്തനായ സര്‍വീസില്‍ നിന്നും വിരമിച്ച ഒരാളെ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ നിയമിച്ചിരിക്കുകയാണ്. വാങ്ങുന്ന പണത്തില്‍ നിന്നും വിഹിതം മാത്രമാണ് ഇഎംഇഎ മാനേജ്‌മെന്റിന് കിട്ടുന്നൊള്ളു എന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. സ്ഥാപിത ലക്ഷ്യത്തില്‍ നിന്നും മാറി പ്രവര്‍ത്തിക്കുന്ന ഇഎംഇഎ മാനേജ്‌മെന്റിനെതിരേ വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി, മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി എന്നിവര്‍ മുസ്‌ലിം ലീഗ് ദേശീയ,സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.തന്നിഷ്ടം കാണിക്കുന്ന പി കെ ബഷീറിനെ നിയന്ത്രിക്കാതിരിക്കുകയും നിയമനങ്ങളില്‍ സാമുദായിക പരിഗണന നല്‍കാതിരിക്കുകയും ചെയ്താല്‍ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് വിവിധ മണ്ഡലം, പഞ്ചായത്ത്‌യൂത്ത് ലീഗ് കമ്മിറ്റികള്‍.ഇതുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികള്‍ യോഗം ചേര്‍ന്നു.വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതിനെതിരേ സമരം ചെയ്യുന്ന പാര്‍ട്ടിയുടെ ധാര്‍മികതയാണ് പി കെ ബഷീറിന്റെ പ്രവര്‍ത്തികള്‍ കാരണം ചോദ്യം ചെയ്യപ്പെടുന്നതെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു.പ്ലസ് വണ്‍ അഡിഷണല്‍ സീറ്റിന് അപേക്ഷ നല്‍കാതിരുന്ന ഇഎംഇഎ മാനേജ്‌മെന്റിന് ഒടുവില്‍ യൂത്ത് ലീഗിന്റെ ഇടപെടല്‍ കാരണമാണ് അപേക്ഷ നല്‍കേണ്ടി വന്നതെന്നും ഇവര്‍ ആരോപിക്കുന്നു.


Tags:    

Similar News