തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റുചെയ്തു. തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പോലിസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. പോലിസിനെ ആക്രമിച്ചതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
കേസില്‍ സ്‌റ്റേഷനില്‍ ഹാജരാവാന്‍ ഫിറോസിനോട് നേരത്തെ പോലിസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. സമരക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലിസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.