ബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍

Update: 2022-04-20 17:38 GMT

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) 4 ജിയിലേക്ക് മാറുന്നു. ഇത്രനാളും വിദേശരാജ്യത്തെ ആശ്രയിച്ചിരുന്ന ടെലികോം സാങ്കേതികവിദ്യ ഇന്ത്യയ്ക്കും സാധ്യമാണെന്ന് തെളിയുകയാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ രാജ്യത്ത് 6,000 ടവറുകളിലാണ് ഉടന്‍ നിലവില്‍വരിക. ബിഎസ്എന്‍എലും ടിസിഎസും തമ്മില്‍ ഇതിനുള്ള കരാര്‍ ആയിക്കഴിഞ്ഞു. 547.02 കോടി രൂപയുടെ 4ജി ഉപകരണങ്ങളാണ് ബിഎസ്എന്‍എല്‍ വാങ്ങുന്നത്.

ഛണ്ഡീഗഢില്‍ നടത്തിയ ട്രയലില്‍ വിജയകരമെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് തദ്ദേശീയ സാങ്കേതികവിദ്യയില്‍ പിറന്ന 4ജി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നായ ഇന്ത്യയില്‍ ഇതുവരെ ആധിപത്യം ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ക്കായിരുന്നു. ചൈനയുമായുണ്ടായ അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് ആ രാജ്യത്തുനിന്നുള്ള ഇടപാടുകള്‍ക്ക് നിരോധനം വന്നു. അപ്പോഴേക്കും 4ജി ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തിയിരുന്നു.

തദ്ദേശീയ സാങ്കേതികവിദ്യ മതിയെന്ന തീരുമാനം കേന്ദ്രസര്‍ക്കാരില്‍നിന്നു വന്നതോടെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി. രാജ്യത്തുനിന്നുള്ള നാല് കമ്പനികള്‍ 4ജി സാങ്കേതികവിദ്യ തയ്യാറാക്കി മുന്നോട്ടുവന്നു. എന്നാല്‍, ടിസിഎസിന്റേതാണ് മികവുറ്റതായി തിരഞ്ഞെടുക്കപ്പെട്ടത്. 4ജിയുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ സംസ്ഥാന വ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആഗസ്ത് മാസത്തോടെ കേരളത്തിലെ നാല് നഗരങ്ങളില്‍ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ടിസിഎസ് ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് കേരള സര്‍ക്കിള്‍ ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ വിനോദ് പറഞ്ഞു.

ട്രയല്‍ ലോഞ്ചിനായി കേരളത്തിനായി ആകെ 800 ടവറുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും ആ ടവറുകള്‍ കൂടുതലാണ്. തല്‍സമയ പരിശോധനയ്ക്കായി പരമാവധി മൊബൈല്‍ ട്രാഫിക് ഉള്ള നഗരപ്രദേശങ്ങളിലാണ് ട്രയല്‍ റണ്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഡിസംബറോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും- വിനോദ് പറഞ്ഞു.

സ്വകാര്യ ടെലികോം കമ്പനികള്‍ ഇതിനകം തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സമയത്ത് 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ ജീവനക്കാരുടെ യൂനിയനുകള്‍ പ്രതിഷേധിക്കുകയാണ്. ചൈനീസ് ടെലികോം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ ടെലികോം വകുപ്പ് എതിര്‍ത്തതിനെത്തുടര്‍ന്ന് 2020ല്‍ 4ജി അപ്‌ഗ്രേഡിനായുള്ള ബിഎസ്എന്‍എലിന്റെ ടെന്‍ഡര്‍ റദ്ദാക്കപ്പെട്ടു. ബിഎസ്എന്‍എലിന്റെ 4 ജി വൈകിപ്പിക്കാനുള്ള തന്ത്രമായാണ് യൂനിയനുകള്‍ ഇതിനെ വിമര്‍ശിച്ചിരുന്നത്.

Tags:    

Similar News