ഫോണിലെ സ്‌കാനര്‍ ആപ്പ് പണി തരും; അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം
ഇതേ തുടര്‍ന്ന് ഈ ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നു ഗൂഗിള്‍ നീക്കം ചെയ്തു. ലോകമെമ്പാടും 10 കോടിയോളം ആളുകള്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പ് ആണ് ക്യാംസ്‌കാനര്‍.
ന്യൂയോര്‍ക്ക്: ഭൂരിഭാഗം ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കളും ഉപയോഗിക്കുന്ന ക്യാംസ്‌കാനര്‍ ആപ്പ് വഴി വൈറസ് പടരുന്നു. ഇതേ തുടര്‍ന്ന് ഈ ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നു ഗൂഗിള്‍ നീക്കം ചെയ്തു. ലോകമെമ്പാടും 10 കോടിയോളം ആളുകള്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പ് ആണ് ക്യാംസ്‌കാനര്‍.
കാസ്പര്‍സ്‌കി റിസര്‍ച്ച് ലാബിന്റെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് 'ട്രോജന്‍ ഡ്രോപ്പര്‍' ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്. നിലവില്‍ ആപ്പിള്‍ ഐഒഎസില്‍ പ്രശ്‌നങ്ങളുള്ളതായി അറിവില്ല.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടെ വരുന്ന ഒരു എന്‍ക്രിപ്റ്റഡ് ഫോള്‍ഡറില്‍ നിന്നുള്ള സംശയാസ്പദമായ കോഡുകളാണ് ഈ വൈറസ് പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ആപ്പ് ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കാസ്‌പെര്‍സ്‌കി നിര്‍ദേശിക്കുന്നു. വളരെ വിശ്വാസ്യതയോട് കൂടി പ്ലേ സ്‌റ്റോറില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങോടെ പ്രവര്‍ത്തിച്ചിരുന്ന ആപ്പ് ആയിരുന്നു ക്യാംസ്‌കാനര്‍.
അതേ സമയം, ക്യാംസ്‌കാനര്‍ ആപ്പില്‍ ആഡ്ഹബ് എന്ന കമ്പനിയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് നല്‍കിയ കോഡാണ്(എസ്ഡികെ) പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് കമ്പനി വിശദീകരിച്ചു. ഗൂഗിള്‍ പ്ലേ അംഗീകാരമില്ലാത്ത എല്ലാ എസ്ഡികെയും നീക്കം ചെയ്തതായും ആപ്പിന്റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി. ആഡ് ഹബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ക്യാം സ്‌കാനര്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.