പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നു; ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ
മോസ്‌കോ: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. ഫേസ്ബുക്ക് റഷ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും റഷ്യന്‍ കണ്ടെന്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യ വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ആവശ്യം മെറ്റ നിരസിച്ചുവെന്നാണ് റഷ്യ പറയുന്നത്. ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് റഷ്യ തീരുമാനച്ചിരിക്കുന്നത്. എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
രണ്ടുദിവസമായി യുക്രെയ്‌നുമേല്‍ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റഷ്യന്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ഹാന്‍ഡിലുകള്‍ക്കും ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു എന്ന് റഷ്യ ആരോപിക്കുന്നു. 2020 മുതല്‍തന്നെ ഫേസ്ബുക്ക് റഷ്യന്‍ കണ്ടെന്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ടെന്ന് റഷ്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് മാധ്യമസ്ഥാപനങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന്റെ സ്വതന്ത്ര വസ്തുതാ പരിശോധനയും ലേബലിങ്ങും അവസാനിപ്പിക്കാന്‍ റഷ്യന്‍ അധികാരികള്‍ ഞങ്ങളോട് ഉത്തരവിട്ടു. ഞങ്ങള്‍ അത് നിരസിച്ചു- മെറ്റയുടെ നിക്ക് ക്ലെഗ് പ്രസ്താവനയില്‍ പറഞ്ഞു. ഫേസ്ബുക്കിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയാണെന്ന് റഷ്യയുടെ മീഡിയാ റെഗുലേറ്റര്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മെറ്റയുടെ പ്രസ്താവന വന്നത്.