ടെന്‍ ഇയര്‍ ചാലഞ്ച് ഫെയ്‌സ്ബുക്കിന്റെ മറ്റൊരു തന്ത്രമോ? സുക്കര്‍ അണ്ണന്റേത് കാഞ്ഞ ബുദ്ധിയെന്ന് വിദഗ്ധര്‍

യൂസര്‍മാര്‍ തങ്ങളുടെ പുതിയതും പഴയതുമായ ചിത്രങ്ങള്‍ പങ്കുവച്ച് ആഘോഷിക്കുന്നത് സുക്കര്‍ ബര്‍ഗ് വിദഗ്ധമായി ഉപയോഗപ്പെടുത്തുകയാണെന്നാണ് ആക്ഷേപം.

Update: 2019-01-18 03:06 GMT

പോലിസ് പണിയെടുക്കുന്നുവെന്നും ഉപയോക്താക്കളുടെ ഡാറ്റകള്‍ ശേഖരിച്ച് വേണ്ടപ്പെട്ടവര്‍ക്ക് കൈമാറുന്നുവെന്നും ആരോപണം നേരിടുന്ന ഫെയ്‌സ്ബുക്കിന്റെ പുതിയ തന്ത്രമാണ് ടെന്‍ ഇയര്‍ ചാലഞ്ചെന്ന് ആരോപണം. യൂസര്‍മാര്‍ തങ്ങളുടെ പുതിയതും പഴയതുമായ ചിത്രങ്ങള്‍ പങ്കുവച്ച് ആഘോഷിക്കുന്നത് സുക്കര്‍ ബര്‍ഗ് വിദഗ്ധമായി ഉപയോഗപ്പെടുത്തുകയാണെന്നാണ് ആക്ഷേപം.

ടെന്‍ ഇയര്‍ ചാലഞ്ചെന്ന പേരില്‍ തുടങ്ങിവച്ച പരിപാടിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ പത്ത് വര്‍ഷം മുമ്പത്തെ തങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, തങ്ങളുടെ ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫെയ്‌സ്ബുക്ക് ഇങ്ങനെ ഒരു ചലഞ്ചിന് തുടക്കമിട്ടിരിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍.

വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന പഴയകാല ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലെ ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനത്തിന് വേണ്ടി ശേഖരിക്കപ്പെടുന്നുണ്ട് എന്ന്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്നും ആളുകളെ തിരിച്ചറിയുന്ന സംവിധാനമാണ് ഫെയ്‌സ് റെക്കഗ്‌നിഷന്‍. ഉപയോക്താക്കള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനത്തിന് ശക്തിപകരുന്ന നിര്‍മിത ബുദ്ധി പരിശീലിപ്പിച്ചെടുക്കുന്നത്.

പ്രായം നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫെയ്‌സ്ബുക്കിന്റെ തീര്‍ത്തും ലളിതമായ ടെന്‍ ഇയര്‍ ചലഞ്ചിലൂടെ ഫെയ്‌സ്ബുക്കിന് ലഭിച്ചത് കോടിക്കണക്കിന് ചിത്രശേഖരമാണ് എന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ഗ്രെഗ് ബ്രിട്ടന്‍ ട്വീറ്റ് ചെയ്തു.

ആളുകളുടെ പ്രായം സംബന്ധിച്ച വിവരങ്ങള്‍ നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളെ പരിശീലിപ്പിക്കാന്‍ ഈ രീതിയില്‍ ശേഖരിച്ചെടുക്കുന്ന വിവരങ്ങള്‍ക്കാവും. ഫെയ്‌സ്ബുക്കിനെ മാത്രമല്ല, പ്രചാരത്തിലുള്ള മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളേയും ടെന്‍ ഇയര്‍ ചലഞ്ച് സഹായിക്കും. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും സമാനമായ കാംപയ്ന്‍ നടക്കുന്നുണ്ട്.

2016ല്‍ ആമസോണ്‍ ഫെയ്‌സ് റെക്കഗ്നിഷന്‍ സേവനം ആരഭിച്ചതിന് പിന്നാലെ നിയമപാലകര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഇതിലെ വിവരങ്ങള്‍ വില്‍പ്പന നടത്തിയ സംഭവമുണ്ടായിരുന്നു. ഓര്‍ലാന്‍ഡോ, വാഷിങ്ടണ്‍ കൗണ്‍ണ്ടി എന്നിവിടങ്ങളഇലെ പോലിസിന് ഇങ്ങനെ വിവരങ്ങള്‍ കൈമാറിയിരുന്നു. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരേ മാത്രമല്ല, സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് എതിരേയും പോലിസ് ഇത്തരം വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഈ സേവനം വില്‍പ്പന നടത്തുന്നതിനെതിരേ രംഗത്തെത്തി.

അതേ സമയം, തങ്ങള്‍ക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് ഫെയ്‌സ്ബുക്കിന്റെ വാദം. ഇത് ഏതോ ഫെയ്‌സ്ബുക്ക് യൂസര്‍ ക്രിയേറ്റ് ചെയ്തണെന്നും അത് സ്വയം തന്നെ വൈറലായതാണെന്നുമാണ് ഫെയ്‌സ്ബുക്ക് വക്താവിന്റെ പ്രതികരണം. എന്നാല്‍, ശേഖരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് ഏതൊക്കെ രീതിയില്‍ ഉപയോഗിക്കുമെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളു.

Tags:    

Similar News