ഈട് വേണ്ട, പ്രോസസിങ് ഫീസില്ല; 50 ലക്ഷം വരെ ബിസിനസ് വായ്പയുമായി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതി അവതരിപ്പിച്ച് സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നല്‍കുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'ഇന്‍ഡിഫൈ'യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് രണ്ട് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് വായ്പ. 17 മുതല്‍ 20 ശതമാനം വരെയാണ് വാര്‍ഷിക പലിശനിരക്ക്.
വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് പലിശനിരക്കില്‍ നേരിയ ഇളവുകളുണ്ടാവും. സ്ത്രീകളുടെ ഭാഗികമായോ പൂര്‍ണമായോ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്ക് ഇന്‍ഡിഫൈയില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശ നിരക്കില്‍ പ്രതിവര്‍ഷം 0.2 ശതമാനം പ്രത്യേക ഇളവ് ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം. ഇന്ത്യയിലെ 200 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ച് ഒരുദിവസത്തിനുള്ളില്‍ വായ്പ അപ്രൂവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും.
ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. വായ്പ നല്‍കുന്നതിന് പ്രോസസിങ് ഫീ ഈടാക്കുന്നില്ലെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. അപേക്ഷയും രേഖകളും പരിശോധിച്ച് ലോണ്‍ അപ്രൂവല്‍ ആയാല്‍ മൂന്നുദിവസത്തിനകം തുക നല്‍കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹന്‍ വ്യക്തമാക്കി. ഇതില്‍നിന്ന് തങ്ങള്‍ പണമൊന്നും ഈടാക്കുന്നില്ല.
വായ്പ നല്‍കാനും നിരസിക്കാനുമുള്ള തീരുമാനങ്ങള്‍ ഇന്‍ഡിഫൈയുടേതായിരിക്കും. കഴിഞ്ഞ വര്‍ഷം കൊവിഡ് സമയത്ത് ചെറുകിട ബിസിനസ് ഗ്രാന്റ്‌സ് പ്രോഗ്രാം 30 രാജ്യങ്ങളില്‍ ആരംഭിച്ചു. പ്രതിമാസം ഏകദേശം 200 ദശലക്ഷം ബിസിനസുകളാണ് ഫേസ്ബുക്ക്, വാടസ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിച്ച് നടക്കുന്നത്. ഇതില്‍ ഗണ്യമായ എണ്ണം ഇന്ത്യയില്‍നിന്നാണെന്നും എംഡി കൂട്ടിച്ചേര്‍ത്തു.