ലണ്ടന്‍: യുവേഫ നാഷന്‍സ് ലീഗിന്റെയും അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിന്റെയും പര്യടനം കഴിഞ്ഞ് ലോകതാരങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലൂടെ ഇംഗ്ലീഷ് മണ്ണില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. വമ്പന്‍ ടീമുകള്‍ വിജയത്തിനായി ഇന്നിറങ്ങുമ്പോള്‍ എതിരാളികളായി എത്തുന്നതും ലീഗിലെ വമ്പന്‍മാര്‍. ലീഗില്‍ പിന്തള്ളല്‍ ഭീഷണി നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. എന്നാല്‍ കരുത്തരായ ലിവര്‍പൂളും ടോട്ടന്‍ഹാമും നേര്‍ക്കുനേര്‍ വരുന്നുണ്ടെന്നതാണ് ഇന്നത്തെ മല്‍സരങ്ങളില്‍ ഏറെ ശ്രദ്ധേയമാവുക.
ഇന്നു വൈകീട്ട് അഞ്ച് മണിക്കാണ് ടോട്ടന്‍ഹാം-ലിവര്‍പൂള്‍ പോരാട്ടം. മറ്റ് പ്രധാന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍ഷിപ്പ് കടന്നെത്തിയ ഫുള്‍ഹാമിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാറ്റ്‌ഫോര്‍ഡിനെയും ചെല്‍സി കാര്‍ഡിഫിനെയും ആഴ്‌സനല്‍ ന്യൂകാസിലിനെയും നേരിടും.
കെയ്‌നും സലാഹും നേര്‍ക്കുനേര്‍
ലീഗ്് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളും അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമും നേര്‍ക്കുനേര്‍ വരുമ്പോള്‍ കഴിഞ്ഞ സീസണിലെ ആദ്യത്തെ രണ്ട് ഗോള്‍വേട്ടക്കാര്‍ തമ്മില്‍ പോരടിക്കുന്ന കാഴ്ച ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ കാണാം. ഇത്തവണ ഇരുവരും ഫോമിലേക്കുയര്‍ന്നിട്ടില്ലെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനായി ഗോളടിക്കുന്നവരാണ്. ലീഗില്‍ നാലു മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുവരും രണ്ട് ഗോളുകളുമായി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
നാല് മല്‍സരങ്ങളില്‍ നിന്ന് നാലും ജയിച്ചാണ് ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ താരതമ്യേന ദുര്‍ബലരായ ലെസ്റ്റര്‍ സിറ്റിയോടും ബ്രൈറ്റനോടും ക്രിസ്റ്റല്‍ പാലസിനോടും വെസ്റ്റ് ഹാമിനോടുമാണ് ലിവര്‍പൂള്‍ കളിച്ചു ജയിച്ചത്.
ആദ്യ മൂന്ന് മല്‍സരത്തിലും മൗറീഷ്യോ പൊച്ചറ്റീനോയുടെ കീഴില്‍ അപരാജിതരായി മുന്നേറിയിരുന്ന ടോട്ടന്‍ഹാമിനെ അവസാന മല്‍സരത്തില്‍ വാറ്റ്‌ഫോര്‍ഡ് 2-1ന് പരാജയപ്പെടുത്തിയതോടെ ടീമിന്റെ കുതിപ്പിന് തടയിടുകയായിരുന്നു. നാല് കളികളില്‍ നിന്ന് മൂന്നെണ്ണത്തിലും ജയിച്ച കെയ്ന്‍ പട നിലവില്‍ ഒമ്പത് പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്.
2014-15 വര്‍ഷത്തെ സപ്തംബറില്‍ ടീം പരാജയപ്പെട്ട ശേഷം ആദ്യമായാണ് ടോട്ടനം വീണ്ടുമൊരു സപ്തംബറില്‍ പരാജയം രുചിക്കുന്നത്. എന്നാല്‍ ലിവര്‍പൂളിനെതിരേ ഇന്ന് തങ്ങളുടെ തട്ടകത്തിലാണ് അങ്കം കുറിക്കുന്നതെന്നതിനാല്‍ വിജയപ്രതീക്ഷയിലാണ് ടോട്ടന്‍ഹാം താരങ്ങള്‍.
സിറ്റിയും കളത്തില്‍
ഇന്ന് രാത്രി നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ നിലവിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍ഷിപ്പ് കടന്നെത്തിയ ഫുള്‍ഹാമാണ് എതിരാളികള്‍. അനായാസ ജയമാണ് സിറ്റി ലക്ഷ്യമിടുന്നത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മല്‍സരമെന്നതിനാല്‍ ടീമിന്റെ വിജയപ്രതീക്ഷ വലുതാണ്.
ചാംപ്യന്‍ഷിപ്പില്‍ നിന്നെത്തിയ മറ്റൊരു ടീം വോള്‍വ്‌സുമായി സമനില പിരിഞ്ഞതോടെയാണ് നിലവിലെ ചാംപ്യന്‍മാര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാല് മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുകളാണ് അവര്‍ക്കുള്ളത്. ഒരു ജയവും രണ്ട് പരാജയവും ഒരു സമനിലയും അക്കൗണ്ടിലാക്കിയതോടെ 13ാം സ്ഥാനത്താണ് ഫുള്‍ഹാം. അട്ടിമറി പിറന്നില്ലെങ്കില്‍ ജയത്തോടെ സിറ്റിക്ക് മുന്നേറാം. അവസാന മല്‍സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റി അഞ്ചാം മല്‍സരത്തിന്് ഇറങ്ങുന്നത്.
മുന്നേറാന്‍ യുനൈറ്റഡ്
ധര്‍മസങ്കടത്തില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലീഗില്‍ മുന്നേറാന്‍ അപരാജിതരായി കുതിക്കുന്ന വാറ്റ്‌ഫോര്‍ഡിനെതിരേ ജയിച്ചേ തീരൂ. നാല്് മല്‍സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയാണ് അവര്‍ നേരിട്ടത്. രണ്ടാം മല്‍സരത്തില്‍ താരതമ്യേന ദുര്‍ബലരായ ബ്രൈറ്റനെതിരേ 3-2ന് പരാജയപ്പെട്ട മൊറീഞ്ഞോപട തുടര്‍ന്നുള്ള മല്‍സരത്തില്‍ ടോട്ടന്‍ഹാമിനോട് ഒരു ഗോളും അടിക്കാന്‍ കഴിയാതെ മൂന്ന് ഗോളുകള്‍ക്ക് തോല്‍വി സമ്മതിക്കുകയായിരുന്നു.
അതേസമയം, നാലു മല്‍സരങ്ങളില്‍ നിന്ന് നാലും ജയിച്ച വാറ്റ്‌ഫോര്‍ഡ് ഇന്നും വിജയം തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസിനെയും ബ്രൈറ്റനെയും ബേണ്‍ലിയെയും പരാജയപ്പെടുത്തിയ വാറ്റ്‌ഫോര്‍ഡ് അവസാന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെയും മുട്ടുകുത്തിച്ചാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ സിറ്റി ജയിച്ചാല്‍ ടീമിന് ഒന്നാം സ്ഥാനത്തുള്ള ടീമുമായുള്ള അകലം കുറയ്ക്കാം.