ആര്‍ കെ പനവൂര്‍
അജ്മീറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയിലെ അലസമായ ഇരുത്തത്തിനിടയ്ക്കാണ് മുന്നിലെ ഒഴിഞ്ഞ സീറ്റിലേക്ക് രണ്ടുപേര്‍ എത്തിയത്.
റാഷിദ് ഹുസൈനും സയാര്‍ ബട്ടും. സൗത്ത് കശ്മീരിലെ കുല്‍ഗാമില്‍ നിന്നുള്ളവരാണ്. നിറഞ്ഞ പുഞ്ചിരി നല്‍കി അവര്‍ പരിചയപ്പെട്ടു. സയാര്‍ അധികം സംസാരിക്കുന്ന ആളല്ല. പുഞ്ചിരിയോടെ മുഖത്തേക്കു നോക്കിയിരിക്കും. അത്യാവശ്യം രാഷ്ട്രീയ ബോധമുള്ളയാളാണ് റാഷിദ് ഹുസൈനെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. കേരളത്തിന്റെ സൗഹാര്‍ദ ബോധത്തെയും സാമൂഹിക അന്തരീക്ഷത്തെയും കുറിച്ച് കേട്ടും കണ്ടും അറിഞ്ഞത് എന്നോടു പറഞ്ഞു. അദ്ദേഹത്തോട് കശ്മീരിലെ അവസ്ഥയെക്കുറിച്ചു ചോദിച്ചു.
'റാഷിദ് ഭയ്യ, നിങ്ങളുടെ നാട് സൈന്യം വളഞ്ഞിരിക്കുന്നു...എവിടെയും ഒന്നു ഫ്രീയായി നില്‍ക്കാന്‍ പോലും പറ്റുന്നില്ല. നിങ്ങളോട് ഞാന്‍ ചോദിക്കുകയാണ് എന്താ നിങ്ങടെ നാട്ടിലെ അവസ്ഥയെന്ന്.. നിങ്ങളെന്താ പറയുക?'...
അഗര്‍ ദുനിയ മേം ഹ്യൂമന്റൈറ്റ്‌സ് വയലേഷന്‍ ദേക്കോന്‍കി...തൊ വോ ആപ് കശ്മീര്‍ മേം പാവോഗി...
കുറച്ചു നേരത്തെ മൗനം...
ഹം ക്യാ കര്‍ സക്താ ഹേ....ഹം തൊ ഖാലി ....അല്ലാ സേ ദുആ കര്‍ സക്താ ഹേ....!
ഞങ്ങള്‍ക്കിത് പുതിയ അനുഭവമല്ല...
റാഷിദ് ഭയ്യക്കറിയോ കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. കാരണം പറയുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമെന്ന്.
ഞാനും സയാറും ബിസിനസുള്ളതു കൊണ്ട് കശ്മീരിനു പുറത്തേക്കു വരുന്നവരാണ്. നിങ്ങളീക്കാണുന്ന ചിരിക്കുന്ന മുഖമാണെങ്കിലും ഉള്ളില്‍ ആധിയാണ്. ഉപ്പയും ഭാര്യയും ചെറിയ മകനുമാണ് വീട്ടിലുള്ളത്. ദൈവാനുഗ്രഹത്താല്‍ എനിക്ക് മാന്യമായി ജീവിക്കാനുള്ള സമ്പത്തുണ്ട്. പക്ഷേ, എന്ത് കാര്യം... ഞങ്ങള്‍ക്ക് സമാധാനമില്ലല്ലോ...!
ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും സര്‍ക്കാര്‍ നടപടിയുമൊക്കെ നിങ്ങളനുകൂലിക്കുന്നുണ്ടാവും. അതിന്റെ രാഷ്ട്രീയം നിങ്ങള്‍ക്കറിയാത്തതുകൊണ്ടാണ്. ഞങ്ങളെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നതു കൊണ്ട് ആര്‍ക്കാണ് നേട്ടം...?
പാകിസ്താനും നമ്മുടെ സര്‍ക്കാരും ഞങ്ങളുടെ ജീവിതവും സംസ്‌കാരവുമൊക്കെ വച്ച് കളിക്കുകയാണ്. യുദ്ധത്തിനുള്ള ഒരുക്കത്തിലാണ് രണ്ട് കൂട്ടരും. അവര്‍ക്കു വേണ്ടത് മറ്റെന്തൊക്കയോ ആണ്.
ഹം മസ്‌ലൂം ഹേ.... ഹം പര്‍ സുലൂം ഹൊ രഹാ ഹേ..! (ഞങ്ങള്‍ നിരപരാധികളാണ്. ഞങ്ങളുടെ മേല്‍ അക്രമം നടക്കുകയാണ്)
അദ്ദേഹം പരിഭവങ്ങള്‍ പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെ ഞാനങ്ങനെ കേട്ടും. അല്ല, ഞാനെന്താണവരോട് പറയുക...?
റാഷിദ് ഹുസൈന്‍ ആശ്വസിക്കും പോലെ എല്ലാവര്‍ക്കും എല്ലായിടത്തും നല്ലതു വരട്ടെ. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ ഞങ്ങള്‍, പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍മിക്കാമെന്ന വാക്കോടെ പിരിഞ്ഞു.
അതു തന്നെ ആവര്‍ത്തിക്കാം....എല്ലാവര്‍ക്കും നല്ലതു വരട്ടേ....ദുആ