ഇന്ത്യയിലെ ഏറെ പുരാതനമായ പള്ളികളിലൊന്നാണ് വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്. എന്നാണ് ഈ പള്ളി നിര്‍മിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ ചരിത്രരേഖകളൊന്നും ലഭ്യമല്ല. എന്തായാലും ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പണി കഴിപ്പിച്ചതല്ല ഗ്യാന്‍വാപി മസ്ജിദ്. ഔറംഗസീബ് ജനിക്കുന്നതിനും മുന്നേ ഈ പള്ളി ഉണ്ടായിരുന്നു എന്ന നിഗമനത്തിനാണ് ചരിത്രവസ്തുതകളുടെ പിന്‍ബലമുള്ളത്. അക്ബറുടെ കാലത്ത് ഗ്യാന്‍വാപി പള്ളി ഉണ്ടായിരുന്നതായി അക്കാലത്തെ ചില ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്റെ കാലത്ത് ഈ പള്ളിയോട് ചേര്‍ന്ന് ഒരു മദ്‌റസ അഥവാ മതപഠനശാല ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ചുരുക്കത്തില്‍ ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് പണിതതാണ് പള്ളിയെന്ന നുണ ഹിന്ദുത്വ പണിശാലയില്‍ നിര്‍മിച്ചെടുത്തതാണ്.
Full View
ഔറംഗസീബ് ഗ്യാന്‍വാപി മസ്ജിദ് പുതുക്കിപ്പണിതിട്ടുണ്ട്. അത് നിലവിലുണ്ടായിരുന്ന പള്ളിയുടെ അടിത്തറയില്‍ തന്നെ ആയിരുന്നുതാനും. ജോന്‍പൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് ക്രി. ശേ. 1440 നു തൊട്ടുമുമ്പോ ശേഷമോ ആയിരിക്കാം പള്ളിയുടെ നിര്‍മാണം നടന്നത് എന്നാണ് ഗ്യാന്‍വാപി മസ്ജിദിനെ കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ബ്രിട്ടിഷ് ഭരണകാലത്തും അതിനു ശേഷവും ഗ്യാന്‍വാപി മസ്ജിദ് മുസ്‌ലിം പള്ളിയായി തുടര്‍ന്നതിന് റെവന്യൂ രേഖകള്‍ തെളിവാണ്. രേഖകളില്‍ പ്ലോട്ട് നമ്പര്‍ 9130 ഗ്യാന്‍വാപി പള്ളിയാണ്.
ബാബരിയുടെ കാര്യത്തിലെന്ന പോലെ മഥുരയിലും കാശിയിലും ക്ഷേത്രം തകര്‍ത്താണ് പള്ളികള്‍ പണിതതെന്ന മുടന്തന്‍ വാദമാണ് സംഘപരിവാരം ഉയര്‍ത്തുന്നത്. ക്ഷേത്രധ്വംസന കഥകളില്‍ മുഗള്‍ ഭരണാധികാരിയായ ഔറംഗസീബിനെയാണ് മുഖ്യ പ്രതിസ്ഥാനത്ത് ഹിന്ദുത്വവാദികള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഔറംഗസീബ് ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട് എന്ന വസ്തുത നിഷേധിക്കേണ്ടതില്ല. പക്ഷേ, അദ്ദേഹം ക്ഷേത്രങ്ങള്‍ നിര്‍മിച്ചതും ക്ഷേത്രങ്ങള്‍ക്ക് സഹായം നല്‍കിയതുമായ കാര്യങ്ങള്‍ കൂടി അംഗീകരിക്കണം. അതിനര്‍ഥം ഹിന്ദു വിരോധമോ ക്ഷേത്രങ്ങളോടുള്ള മതപരമായ എതിര്‍പ്പോ അല്ല ക്ഷേത്രധ്വംസനങ്ങള്‍ക്ക് കാരണം എന്നാണ്. എണ്ണൂറ് വര്‍ഷം ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ അധികാര വാഴ്ച നടത്തിയവരാണ് മുസ്‌ലിം ഭരണാധികാരികള്‍. മതവെറിയും ഹിന്ദുവിരോധവും അവര്‍ക്കുണ്ടായിരുന്നെങ്കില്‍ രാജ്യചരിത്രത്തിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു. മുസ്‌ലിംകളായ ഭരണാധികാരികള്‍ എന്നതിനപ്പുറം ഇസ്‌ലാം മതത്തിന്റെ അംബാസഡര്‍മാര്‍ ആയിരുന്നില്ല അവരാരും തന്നെ. മുഗള്‍ ഭരണാധികാരികള്‍ പൊതുവില്‍ ഹിന്ദുക്കളോടും അവരുടെ ആരാധനാലയങ്ങളോടും സഹിഷ്ണുത പുലര്‍ത്തിയവരായിരുന്നു. മുഗള്‍വംശ സ്ഥാപകനായ ബാബര്‍ പുത്രനായ ഹുമയൂണിനെഴുതിയ ഒസ്യത്തും ഹിന്ദുത്വവാദികള്‍ ഏറ്റവുമധികം ആരോപണങ്ങള്‍ ചൊരിയുന്ന ഔറംഗസീബിന്റെ ഭരണനടപടികളും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. പിന്നെന്തു കൊണ്ട് ചിലര്‍ ചില ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്ന ചോദ്യം പ്രസക്തമാണ്. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം എന്ന നിലയ്ക്കല്ല സ്വര്‍ണം, വെള്ളി തുടങ്ങിയ സമ്പത്തിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളായിരുന്നതിനാലാണ് ഇന്ത്യയില്‍ ക്ഷേത്രധ്വംസനങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. മുസ്‌ലിം ഭരണാധികാരികള്‍ മാത്രമല്ല ഹിന്ദു ഭരണാധികാരികളും ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ശൈവവൈഷ്ണവ പോരാട്ടങ്ങള്‍ നടന്നപ്പോഴും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ ശങ്കരവര്‍മ തുടങ്ങിയ കശ്മീര്‍ രാജാക്കന്മാര്‍, പത്താം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാഷ്ട്രകൂട ഇന്ദ്ര മൂന്നാമന്‍,
12ാം നൂറ്റാണ്ടില്‍ മാള്‍വ രാജാവ് ശുഭതവര്‍മന്‍ തുടങ്ങിയ ഹിന്ദു ഭരണാധികാരികളെല്ലാം ക്ഷേത്രങ്ങള്‍ തകര്‍ത്തതായി ചരിത്രത്തില്‍ കാണാം. കല്‍ഹണന്‍ 64 ക്ഷേത്രങ്ങളാണ് തകര്‍ത്തത്. 11ാം നൂറ്റാണ്ടില്‍ ഭരണം നടത്തിയിരുന്ന ഹര്‍ഷന്റെ കീഴില്‍ ക്ഷേത്രസ്വത്ത് കൊള്ളയടിക്കാന്‍ ദേവോത്പല നായകന്‍ എന്ന പേരില്‍ ഒരു പ്രത്യേക വകുപ്പുതലവന്‍ തന്നെ ഉണ്ടായിരുന്നു. അതായത് മതപരമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാണ് ക്ഷേത്രാക്രമണങ്ങള്‍ക്ക് പ്രേരണ എന്നര്‍ഥം.
കാശി വിശ്വനാഥക്ഷേത്രം തകര്‍ക്കാന്‍ ഔറംഗസീബ് ഉത്തരവിട്ടതിന്റെ ചരിത്രം രസാവഹമാണ്. സാമന്തരാജാക്കന്മാരുമൊത്ത് ബംഗാളിലേക്ക് നീങ്ങിയ ഔറംഗസീബ് ഹിന്ദുരാജാക്കന്മാരുടെ അഭ്യര്‍ഥന മാനിച്ച് അന്നത്തെ യാത്ര കാശിയില്‍ അവസാനിപ്പിച്ചു. ഗംഗാസ്‌നാനവും വിശ്വനാഥ ക്ഷേത്ര ദര്‍ശനവുമായിരുന്നു ഹിന്ദു രാജാക്കന്മാരുടെ അഭ്യര്‍ഥനയ്ക്കു പ്രേരണ. ക്ഷേത്ര ദര്‍ശനത്തിനിടയില്‍ കച്ചിലെ രാജ്ഞിക്ക് ക്ഷേത്രത്തിനുള്ളില്‍ വച്ച് പൂജാരിയില്‍ നിന്ന് നേരിട്ട അപമാനമാണ് കളങ്കപ്പെട്ട ക്ഷേത്രം തകര്‍ക്കാനുള്ള ഉത്തരവിനു പിന്നിലെന്നാണ് കഥ. പൂജാരിയെ ശിക്ഷിക്കാനും പ്രതിഷ്ഠ മാറ്റി സ്ഥാപിച്ച് ക്ഷേത്രം മറ്റൊരിടത്ത് നിര്‍മിക്കാനും ഔറംഗസീബ് ഉത്തരവിട്ടു. ശത്രുക്കളുടെ ഒളിസങ്കേതമായിരുന്നതിനാലാണ് ക്ഷേത്രത്തിനു നേരെ ആക്രമണം ഉണ്ടായതെന്ന ഒരു വാദവും ഉണ്ട്. പക്ഷേ, അതിന് ഉപോദ്ബലകമായ തെളിവുകള്‍ അതുന്നയിച്ചവര്‍ നിരത്തിയിട്ടില്ല എന്ന വസ്തുതയുമുണ്ട്.ബാബരിപ്പള്ളി തകര്‍ക്കുന്നതിന് സ്വീകരിച്ച എല്ലാ കുതന്ത്രങ്ങളും ഹിന്ദുത്വവാദികള്‍ കാശിയിലും പയറ്റിയെങ്കിലും മസ്ജിദ് കമ്മിറ്റിയും പ്രദേശവാസികളും ജാഗ്രതാപൂര്‍വം ആ നീക്കങ്ങളെ ചെറുത്തിരുന്നു. നിയമയുദ്ധങ്ങളുടെ കാര്യത്തിലും ബാബരിക്കു സമാനമായാണ് കാശിയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗ്യാന്‍വാപി മസ്ജിദുമായ ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളുടെ നാള്‍വഴികളെ കുറിച്ച് അടുത്ത എപ്പിസോഡില്‍...