വിരല്‍തുമ്പില്‍ മദ്യമെത്തുമ്പോള്‍...
വരി നിന്ന് ജാള്യത ക്ഷണിച്ചു വരുത്താതെ സ്വകാര്യത കാത്തു സൂക്ഷിച്ച് മദ്യം വീടുകളിലോ ആഫീസുകളിലോ ലഭിക്കുമെന്ന സവിശേഷത പൊതുവേ അഭിമാനബോധമുള്ള കേരളീയര്‍ക്കിടയില്‍ ഓണ്‍ലൈന്‍ മദ്യത്തിന്റെ സ്വീകാര്യത ഉയര്‍ത്തുമെന്നതില്‍ സംശയമില്ല
മുഹ്‌സിന്‍ ടി.പി.എം
രാജ്യമൊട്ടുക്കും കൊറോണ ഭീതിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്നതായി പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരത്തിന്റെ സാധ്യതകള്‍ തേടുമെന്ന് സൂചന നല്‍കിയിരുന്നു. 3500 കോടി രൂപയുടെ മാത്രം അരി പ്രതിവര്‍ഷം വാങ്ങുന്ന മലയാളി 14,000 കോടിയിലധികം രൂപയുടെ മദ്യം കുടിച്ചു തീര്‍ക്കുമ്പോളാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്തിന്റെ ഖജനാവില്‍ പൊന്മുട്ടയിടുന്ന താറാവാണ് ബീവറേജസ് കോര്‍പ്പറേഷന്‍. 200 മുതല്‍ 500 ശതമാനം വരേ നികുതി ഈടാക്കുന്ന ഒരു ഉല്‍പ്പന്നവും അന്താരാഷ്ട്ര വിപണിയില്‍ തന്നെ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. വരി നിന്ന് ജാള്യത ക്ഷണിച്ചു വരുത്താതെ സ്വകാര്യത കാത്തു സൂക്ഷിച്ച് മദ്യം വീടുകളിലോ ആഫീസുകളിലോ ലഭിക്കുമെന്ന സവിശേഷത പൊതുവേ അഭിമാനബോധമുള്ള കേരളീയര്‍ക്കിടയില്‍ ഓണ്‍ലൈന്‍ മദ്യത്തിന്റെ സ്വീകാര്യത ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.
മദ്യപാനം മാന്യമായ ശീലമല്ലെന്നും സംസ്‌ക്കാരത്തെ ദുഷിപ്പിക്കുന്നതാണെന്നുമുള്ള വിചാരമുള്ളവരാണ് നമ്മുടെ ജനങ്ങള്‍. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരസ്യ മദ്യപാനം ഏറെ കുറവാണ് കേരളത്തില്‍. പൊതുസ്ഥലങ്ങളിലിരുന്ന് മദ്യപിക്കുന്നത് നിയമം മൂലം വിലക്കിയ സംസ്ഥാനവുമാണ് കേരളം. മതത്തിലധിഷ്ടിതമായ ഒരു മതേതര സമൂഹമാണല്ലോ നമ്മള്‍. മതപരമായ വിധികളും വിലക്കുകളും മദ്യപാനത്തെ തിന്മയായി കാണാന്‍ പ്രേരിപ്പിച്ചിട്ടുള്ള ഒരു സമൂഹവും കേരളീയരിലുണ്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മദ്യപാനം അപമാനം സൃഷ്ടിക്കുന്നു എന്ന കേരളീയ പൊതുസമൂഹത്തിന്റെ വിചാരത്തിലേക്കാണ്.
മലയാളികള്‍ക്ക് നിയമങ്ങളോടും ഒരു ശരാശരിക്ക് മുകളിലുള്ള ബഹുമാനവും ആദരവും ഉണ്ട്. രഹസ്യമായി ലംഘിക്കാനുള്ള എല്ലാ ത്വരയും കാണിക്കുമെങ്കിലും പരസ്യമായി അതിന് ശ്രമിക്കാറില്ല. ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവുമെല്ലാം നിയമം മൂലം നിയന്ത്രണ വിധേയമായ ഒരു സംസ്ഥാനത്ത് യഥേഷ്ടം ലഹരി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് തന്നെ ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാറിന് തന്നെ സാധിക്കുന്നത് ഈ ഒരു മനോഭാവമുണ്ടായതിനാലാവും.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും നിലവില്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം ഇല്ല. കേരളത്തിലെ അബ്ക്കാരി നിയമം അനുസരിച്ച് നിലവില്‍ മദ്യത്തെ വിരല്‍ തുമ്പില്‍ എത്തിക്കാനും സാധിക്കുകയില്ല. 1953 ലെ ഫോറിന്‍ ലിക്വര്‍ ആക്ടും 2002 ലെ അബ്ക്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂള്‍സിലും ഓര്‍ഡിനന്‍സ് മുഖേന ഭേദഗതി നിര്‍ദേശിക്കാതെ ഓണ്‍ലൈന്‍ സേവനം ആരംഭിക്കാന്‍ സാധിക്കില്ല. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ നിയമസഭ ചേരാന്‍ സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ബീവറേജസ് കോര്‍പ്പറേഷന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ഓണ്‍ലൈന്‍ സേവനം സാധ്യമായിരിക്കില്ല. ജീവനക്കാരുടെ കുറവും പരസ്പരം ഓണ്‍ലൈന്‍ മുഖേന ബന്ധിപ്പിക്കാത്ത ഔട്ട് ലെറ്റുകളും തടസ്സമായി നിലനില്‍ക്കുന്നുണ്ട്.
നിലവിലുള്ള എക്‌സൈസ് നിയമം അനുസരിച്ച് (വകുപ്പ് 15 എ) 23 വയസ്സില്‍ താഴെയുള്ളവര്‍ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. 5000 രൂപ വരേ ഫൈനും 2 വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. ഓണ്‍ലൈന്‍ മദ്യവ്യാപാരത്തില്‍ വയസ്സ് തിരിച്ചറിയുക പ്രയാസകരമാവും. യൂസര്‍ ഐ.ഡി നിര്‍മ്മിച്ച സമയത്ത് നല്‍കുന്ന വയസ്സ് കണക്കിലെടുക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. നിയമത്തിന്റെ തന്നെ വകുപ്പ് 10 ഉം 13 ഉം കൊണ്ടു പോകാവുന്നതും (ചരക്ക് ഗതാഗതം) കൈവശം സൂക്ഷിക്കാവുന്നതുമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ അളവ് പരമാവധി 3 ലിറ്ററാണെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. ലംഘിച്ചാല്‍ 2 വര്‍ഷം വരെ തടവും 5000 രൂപ ഫൈനും അല്ലങ്കില്‍ രണ്ടും കൂടിയോ നിര്‍ദേശിക്കുന്നു. ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചരക്ക് ഗതാഗതത്തിന് നിയമിക്കുന്ന ലോജിസ്റ്റിക്ക് സ്ഥാപനം 3 ലിറ്റര്‍ കൂടുതല്‍ ചരക്കുകള്‍ കൊണ്ടു പോയാല്‍ ഈ വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെടും. 3 ലിറ്ററിലധികം മദ്യം സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് നിയമം പറയുമ്പോള്‍ ഒരാള്‍ക്ക് വ്യത്യസ്ത ഐ.ഡികള്‍ ഉപയോഗിച്ച് യഥേഷ്ടം മദ്യം വാങ്ങാനും സൂക്ഷിക്കാനും സൗകര്യമൊരുങ്ങും. മൂന്ന് ലിറ്ററിലധികം മദ്യം കൊണ്ടു പോകണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും നിയമം അനുശാസിക്കുന്നു.
വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സില്‍ ഏറെ ആകൃഷ്ടരാണിന്ന്. സ്വകാര്യതയാണ് അതിന്റെ സവിശേഷത . ഓണ്‍ലൈനില്‍ മദ്യമെത്തി തുടങ്ങുന്നതോട് കൂടി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ മദ്യത്തിന് സാധിക്കും. ഒരു സ്വകാര്യ ഏജന്‍സി എറണാകുളത്തെ തിരെഞ്ഞെടുത്ത വിദ്യാലയങ്ങളിലെ 12 മുതല്‍ 19 വയസ്സ് വരേയുള്ള വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ പുറത്തു വന്നത് സങ്കടകരമായ വസ്തുതകളണ്. 7560 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ 15 ശതമാനം വിദ്യാര്‍ത്ഥികളും മദ്യം കഴിക്കുന്നവരാണ്. ഇതിന്റെ 23.5 ശതമാനം ആണ്‍കുട്ടികളും 6.5 ശതമാനം പെണ്‍കുട്ടികളുമാണ്.
കേരളത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ 25.5 ശതമാനവും വിദ്യാര്‍ത്ഥികളാണെന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
സ്ത്രീകള്‍ പൊതുവെ മദ്യപാനത്തില്‍ നിന്നും പുരുഷന്മാരെ അപേക്ഷിച്ച് അകന്നുനില്‍ക്കുന്നു. ബാറുകളിലും മദ്യശാലകളിലും പോയി മദ്യം വാങ്ങുന്നതിലെ സുരക്ഷിതത്വവും ഒരു കാരണമാണ്. 17 പുരുഷന്മാര്‍ക്ക് ഒരു സ്ത്രീ എന്ന തോതിലാണ് മദ്യത്തില്‍ നിന്നും സ്ത്രീകള്‍ നാടിന്റെ സമ്പദ്ഘടനക്ക് നല്‍കുന്ന സംഭാവന. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ മദ്യശാലകളില്‍ പോവുകയോ ക്യൂ നില്‍ക്കുകയോ ചെയ്യേണ്ടതില്ലാത്തതിനാല്‍ സ്ത്രീകളും ആകര്‍ഷികപ്പെടാനും അവര്‍ക്കിടയില്‍ മദ്യപാനം വര്‍ദ്ധിക്കാനും ഓണ്‍ലൈന്‍ വ്യാപാരം അവസരം ഒരുക്കും. കേരളത്തിലെ സ്ത്രീകളുടെ മദ്യ ഉപയോഗം കൂടി വരികയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദേശീയ തലത്തില്‍ സ്ത്രീകളുടെ മദ്യ ഉപയോഗം 50 ശതമാനത്തിലധികം കുറഞ്ഞ സാഹചര്യത്തിലാണ് കേരളത്തിലെ സ്ത്രികള്‍ 0.7% ത്തില്‍ നിന്നും 1.6 % ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നത്.
വീടുകളിലും ആഫീസുകളിലും നടക്കുന്ന വ്യക്തിഗത ആഘോഷങ്ങളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിക്കും. ഗൃഹനാഥന്‍ മാത്രം ഉപയോഗിച്ചിരുന്ന മദ്യം ആദ്യമൊരു കൗതുകത്തിനും പിന്നീട് സ്ഥിരമായും കുടുംബസമേതം കഴിക്കുന്ന ഒരു സാഹചര്യവും വീട്ടില്‍ സൃഷ്ടിക്കാന്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം വഴിയൊരുക്കും
രാജ്യത്തെ ജനസഖ്യയുടെ നാല് ശതമാനം ജനങ്ങളാണ് കേരളത്തിലുള്ളത്. പക്ഷേ മദ്യ ഉപയോഗത്തിന്റെ 16 ശതമാനത്തിലധികവും കേരളത്തിന്റെ സംഭാവനയാണ്. 300 ആളുകളില്‍ ഒരാള്‍ എന്നുള്ളത് 20 ല്‍ ഒരാള്‍ എന്നായിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ അനുപാതം.
ലഹരി വര്‍ജ്ജനത്തിന് വൈരുദ്ധ്യാധിഷ്ടിത സമീപനമാണങ്കിലും വര്‍ഷം പ്രതി 65 കോടിയിലധികം രൂപ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുവാന്‍ വിമുക്തി മിഷന്‍ വഴി സര്‍ക്കാര്‍ ചിലവിടുന്നു. മതയുവജന സംഘടനകളും ലഹരി വിരുദ്ധ സംഘടനകളും ആവശ്യത്തിലധികം ബോധവല്‍ക്കരണം നടത്തുന്ന കേരളത്തില്‍ ആളോഹരി മദ്യപാനം 8.3 ലിറ്ററാണ്. ഒളിച്ചും പതുങ്ങിയും മലയാളി വാങ്ങുന്ന മദ്യത്തിന്റെ അളവ് ഇത്രയാണെങ്കില്‍ വീട്ടിലോ ആഫീസിലോ ഇരുന്ന് മൊബൈല്‍ ആപ്പുകളടക്കമുള്ള ഓണ്‍ലൈന്‍ മദ്യസേവനങ്ങളിലൂടെ വാങ്ങി ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് പ്രവചിക്കാന്‍ കഴിയില്ല. ഒന്നേകാല്‍ കോടിയോളം വരുന്ന കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മുന്നില്‍ ഒരിക്കലും അടക്കാതെ തുറന്നിടുന്ന ഈ ഓണ്‍ലൈന്‍ വ്യാപാരം രാജ്യത്തെ തന്നെ ആദ്യത്തെ ഏറ്റവും വലിയ മദ്യ വില്‍പ്പന കേന്ദ്രമാകും. 2021 ല്‍ രാജ്യത്തെ ഇന്റെനെറ്റ് ഉപയോഗം 65 കോടിയിലെത്തുമെന്നാണ് വിലയിരുത്തുന്നത്. ഒരു മദ്യദുരന്തം നാട്ടിലുണ്ടായാല്‍ പെട്ടെന്ന് മദ്യശാലകള്‍ അടച്ചിടാന്‍ പരമ്പരാഗത കച്ചവടമാണെങ്കില്‍ സാധിക്കും. ഓണ്‍ലൈന്‍ വിപണിയില്‍ യൂസര്‍ ലോഗിന്‍ നിര്‍ത്തിവെക്കാന്‍ സാധിക്കുമെങ്കിലും ഓര്‍ഡര്‍ നല്‍കി തുക അടച്ച് പാര്‍സ്സല്‍ അല്ലെങ്കില്‍ കൊറിയര്‍ സര്‍വ്വീസിലുള്ള മദ്യം തടഞ്ഞു വെക്കാന്‍ സാധിക്കില്ലെന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാനിടയൊരുക്കും
ചാരായവും കള്ളും കൂടുതലായി ഉപയോഗിച്ചിരുന്നവരാണ് കേരളീയര്‍. എ.കെ ആന്റണി സര്‍ക്കാര്‍ 1996 ഏപ്രില്‍ 1 മുതല്‍ കേരളത്തില്‍ ചാരായം നിരോധിച്ചു. കള്ളിന്റെ ലഭ്യതയും ക്രമേണ കുറഞ്ഞു വന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മദ്യപാനികള്‍ ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യത്തില്‍ ആകൃഷ്ടരാവുന്നത്. ഓണ്‍ലൈന്‍ വ്യാപാരം വില്‍പ്പനയെ നിയന്ത്രിക്കുമെന്നും മദ്യ ഉപയോഗം കുറക്കുമെന്നുമുള്ള പ്രചരണങ്ങളുടെ മുനയോടിക്കുന്നതാണ് കള്ളില്‍ നിന്നും ചാരായത്തില്‍ നിന്നും വിദേശ മദ്യത്തിലേക്കുള്ള ജനങ്ങളുടെ കൂടുമാറ്റം.
സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയാന്‍ ആഗ്രഹിക്കുന്ന ഉള്‍വലിഞ്ഞ പ്രകൃതക്കാരാണ് പൊതുവേ 70 ശതമാനത്തിലധികം സ്ഥിര മദ്യപാനികളും. മദ്യം വാങ്ങാനായിരിക്കും അധികവും പുറത്തിറങ്ങുന്നത്. സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് ഓണ്‍ലൈന്‍ മദ്യവ്യാപാരം സൃഷ്ടിക്കുന്ന മറ്റൊരു ചതിക്കുഴി. ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാനും ഓണ്‍ലൈന്‍ ഷോപ്പിയുടെ സവിശേഷതയായ ഓഫറുകള്‍ക്കനുസരിച്ച് 'സാധനം' വാങ്ങുന്നതിനുള്ള അവസരവും ലഭിക്കുന്നു. മൊബൈലിലോ കമ്പ്യൂട്ടര്‍ വെബ് സൈറ്റുകളിലോ കൂടുതല്‍ നേരം അന്തര്‍മുഖികളായിരുന്ന് മദ്യവും ബ്രാന്‍ഡും സെലക്ട് ചെയ്യുമ്പോള്‍ സൈബര്‍ അഡിക്ഷനും സാധ്യതയേറുന്നു. നിലവിലുള്ള നിയമം മദ്യം സമ്മാനമായി നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഓണ്‍ലൈന്‍ മദ്യം കാര്യം സാധിക്കുവാനുള്ള ഗിഫ്റ്റായി നേതാവിന്റെയോ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെയോ മേല്‍ വിലാസം തേടി പോകുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിക്കാനും സാധ്യതയുണ്ട്.
രാവിലെ 9.30 മുതല്‍ രാത്രി 9.30 വരേ മാത്രമാണ് ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം ലഭിച്ചിരുന്നത്. എല്ലാ മാസവും ഒന്നാം തിയ്യതിയും ദേശീയ ദിനാഘോഷങ്ങളിലും ബീവ്‌ക്കോ അവധിയാണ്. ഓണ്‍ലൈന്‍ വിപണിക്ക് പ്രത്യേകിച്ചൊരു സമയനിഷ്ഠ സ്വീകരിക്കേണ്ടതില്ല. വര്‍ഷവും ദിവസവും മുഴുവന്‍ തുറന്നിരിക്കുന്ന ഓണ്‍ലൈന്‍ വിപണിയിലേക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ ഉപഭോക്താവിന് കടന്ന് ചെല്ലാം. എല്ലാ ദിവസവും പാതിരാത്രിവരേയും അതിന് ശേഷവും ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താമെന്നുള്ളതും മദ്യലഭ്യത കൂട്ടുവാനും മദ്യപാനം ജനകീയമാവാനും ഇടവരുത്തും.
കേരളം ആര്‍ജ്ജിച്ചെടുത്ത സാമൂഹ്യ നേട്ടങ്ങളെ കളങ്കിതമാക്കിയിട്ടും സാമൂഹ്യ അംഗീകാരം മദ്യത്തിന് വര്‍ദ്ധിച്ച് വരുന്നതില്‍ മദ്യത്തിന്റെ സാര്‍വ്വത്രികതക്കും നിര്‍ണ്ണായക പങ്കുണ്ട്. ബോധവല്‍ക്കരണത്തോടൊപ്പം തന്നെ യഥേഷ്ടം മദ്യം ലഭ്യമാക്കുന്ന വൈരുദ്ധ്യാതിഷ്ടിത സമീപനം നമ്മുടെ കുടുംബപരിസരങ്ങളെ ചെറുതല്ലാത്ത രീതിയില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കേരളാ മോഡല്‍ നമ്മള്‍ക്കുള്ളൊരു അംഗീകാരത്തിന്റെ സാക്ഷ്യപത്രമാണ്. എല്ലാ പുരോഗതികളേയും കീഴിന്മേല്‍ മറിക്കാന്‍ മദ്യമൊരു ഹേതുവായി തീരും കുടുംബ കലഹം, വിവാഹ മോചനം, ഗാര്‍ഹിക പീഡനം, മോഷണം, കടബാധ്യത, ആത്മഹത്യ, റോഡപകടങ്ങള്‍ അങ്ങനെ എണ്ണിയാലൊതുങ്ങാത്ത സാമൂഹ്യ തിന്മകളുടെ നെറ്റ്‌വര്‍ക്കുകള്‍ റീ ചാര്‍ജ്ജ് ചെയ്ത് ഓണ്‍ലൈനിനെ ഹോട്ടാക്കുന്നതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ പ്രളയവും പകര്‍ച്ചാവ്യാധികളെയും പോലെ കേരളം സമീപ ഭാവിയില്‍ നേരിടുന്ന വലിയ പ്രതിസന്ധിയായി അത് മാറും.
(ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടാണ് ലേഖകന്‍. മൊബൈല്‍: 9995436409)