ബിജെപി പിടിച്ച സമര പുലിവാല്‍

കേന്ദ്രനേതൃത്വത്തിന്റെ സമ്മതം പോലും ലഭിക്കാന്‍ കാത്തുനില്‍ക്കാതെ അയ്യപ്പന്റെ പേരില്‍ നിരത്തിലിറങ്ങി എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്! ശബരിമലയിലും സന്നിധാനത്തിലും അക്രമവും അട്ടഹാസങ്ങളും ഉണ്ടാക്കി പേരുദോഷം കേള്‍പ്പിച്ചു.

Update: 2018-12-21 06:00 GMT

പരമു

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ ആ പാര്‍ട്ടിക്ക് ഒരു കേന്ദ്ര സഹമന്ത്രിയുണ്ട്. മറ്റ് സംസ്ഥാനത്തുനിന്നു ജയിച്ചവരാണെങ്കിലും രണ്ടു രാജ്യസഭാ മെംബര്‍മാരുമുണ്ട്. കേരള നിയമസഭയില്‍ മുതിര്‍ന്ന ഒരു നേതാവും ഇരിക്കുന്നുണ്ട്. മേലെ മുതല്‍ താഴേത്തട്ടുവരെ പാര്‍ട്ടിക്ക് കമ്മിറ്റികളുണ്ട്. അനുകൂലിക്കുന്ന നിരവധി സംഘടനകളുണ്ട്. സംസ്ഥാനതലത്തില്‍ ഒട്ടേറെ നേതാക്കളുമുണ്ട്. അച്ചടക്കമാണ് പാര്‍ട്ടിയുടെ മുഖമുദ്ര എന്നാണ് വയ്പ്. അതുകൊണ്ടാണ് സംസ്ഥാനതലത്തില്‍ നേതാക്കള്‍ പല മാതിരി ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചുവരുന്നത്. പാര്‍ട്ടിക്കകത്ത് ഒരില അനങ്ങണമെങ്കില്‍ ദേശീയ പ്രസിഡന്റ് അമിത്ഷായുടെ സമ്മതം വേണം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

സംസ്ഥാന നേതാക്കള്‍ പല ഭാഗത്തിരുന്നു പാര്‍ട്ടി പ്രസിഡന്റിനെ ഒരു ദിവസം തവണ ബന്ധപ്പെട്ടുകൊണ്ടിരിക്കും. പ്രകൃതിരമണീയമായ കേരളത്തോട് അമിത്ഷാ പ്രത്യേക മമത വച്ചുപുലര്‍ത്തുന്നുണ്ട്. ത്രിപുരയ്ക്കു മുേമ്പ ഇവിടെ താമര വിരിയിക്കാന്‍ കഴിയുമെന്നു വിചാരിച്ച നേതാവാണ് അദ്ദേഹം. സംസ്ഥാനത്തെ കീഴ്‌മേല്‍ മറിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കോഴിക്കോട്ട് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗവും മറ്റും സംഘടിപ്പിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റുകളും കുറേ വോട്ടുകളും കരസ്ഥമാക്കാന്‍ തന്ത്രകുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴാണ് സുവര്‍ണാവസരം വീണുകിട്ടിയത്. ശബരിമലയിലെ സ്ത്രീപ്രവേശനം.

കേന്ദ്രനേതൃത്വത്തിന്റെ സമ്മതം പോലും ലഭിക്കാന്‍ കാത്തുനില്‍ക്കാതെ അയ്യപ്പന്റെ പേരില്‍ നിരത്തിലിറങ്ങി എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്! ശബരിമലയിലും സന്നിധാനത്തിലും അക്രമവും അട്ടഹാസങ്ങളും ഉണ്ടാക്കി പേരുദോഷം കേള്‍പ്പിച്ചു. ജനറല്‍ സെക്രട്ടറിയായ സുരേന്ദ്രന്‍ജി ജയിലിലാവുകയും ഭക്തര്‍ കൂട്ടംകൂട്ടമായി ശബരിമലയിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ കേന്ദ്രമന്ത്രിമാരെ ശബരിമലയില്‍ കൊണ്ടുവന്ന് ഇളക്കാന്‍ ശ്രമിച്ചതും പാളിപ്പോയി.

ഇങ്ങനെ ബിജെപിയും സംഘപരിവാരക്കാരും ശബരിമലയ്ക്കു ചുറ്റും സമരങ്ങളുമായി നടക്കുമ്പോഴാണ് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം ഉണ്ടായത്. സെക്രേട്ടറിയറ്റ് പടിക്കലാണ് സമരം നടത്തേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ബിജെപിയോടുള്ള ഉപദേശം. ഭരണകക്ഷിയുടെ സെക്രട്ടറിയാണ്. മുന്‍ ആഭ്യന്തരമന്ത്രിയാണ്. കേള്‍ക്കാതിരിക്കാന്‍ കഴിയുമോ? സെക്രേട്ടറിയറ്റിനു മുമ്പില്‍ തന്നെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. വ്രതവും നോറ്റ്, കറുത്ത മുണ്ടുടുത്ത് തലയില്‍ ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തജനങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും ശബരിമലയിലേക്ക് പോവുകയെന്നു ബിജെപി വിശ്വസിച്ചു. അത് അവരുടെ വിശ്വാസമാണ്.

പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് എപ്പോഴും സല്‍പ്പേര് ഉണ്ടാക്കിവരുന്ന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തന്നെ നിരാഹാരം തുടങ്ങി. തിരുവനന്തപുരത്തുള്ള ബിജെപിക്കാരും ആര്‍എസ്എസുകാരും ഇളകിമറിഞ്ഞ് ഉറഞ്ഞുതുള്ളി, ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമായി. പക്ഷേ, ജനങ്ങള്‍ മിണ്ടാതിരുന്നു. ആഹാരം കഴിക്കാതെ അവശനായപ്പോള്‍ പോലിസ് വന്നു പന്തലില്‍ കിടക്കുന്ന നേതാവിനെ പോലിസ് ജീപ്പില്‍ കയറ്റി ആശുപത്രിയിലാക്കി. ആ സമയം പന്തലിലുള്ള ആരും തടഞ്ഞില്ല. ഇനിയും കിടന്നാല്‍ നേതാവിന് എന്തെങ്കിലും സംഭവിച്ചാലോ? ഉച്ചത്തില്‍ ശരണം വിളിച്ച് സമാധാനിച്ചു.

തുടര്‍ന്നു മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ കറുത്ത കുപ്പായത്തോടെ കിടന്നു. ഒരു രക്ഷയുമില്ല. അയ്യപ്പഭക്തരായ ജനങ്ങള്‍ ഇളകുന്നില്ല. ശബരിമലയിലെ നിരോധനാജ്ഞ തുടരുകയും ചെയ്യുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങള്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടുന്നു. സര്‍ക്കാരാണെങ്കില്‍ മൂക്കിനു താഴെ നടക്കുന്ന സമരം കണ്ടില്ലെന്നു നടിക്കുന്നു. അങ്ങനെയിരിക്കെയാണ് ജീവിതനൈരാശ്യം കാരണം മരിക്കാന്‍ തീരുമാനിച്ച് തീകൊളുത്തിയ ഒരാള്‍ വെപ്രാളത്തില്‍ സമരപ്പന്തലിനു മുമ്പിലെത്തിയത്. ആ ആത്മഹത്യ ഒരു സുവര്‍ണാവസരമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പിറ്റേ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപനം അങ്ങനെ ഉണ്ടായതാണ്. അനാവശ്യ ഹര്‍ത്താലിനെതിരേ പ്രതിഷേധമുയര്‍ന്നു. ഒടുക്കം പാര്‍ട്ടിക്കകത്തും രൂക്ഷവിമര്‍ശനങ്ങളുണ്ടായി.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള കിടന്നാല്‍ ബഹുജനശ്രദ്ധ പിടിച്ചുപറ്റാമെന്ന് ഇതിനിടയില്‍ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് നിരാഹാര വ്രതത്തിലായാല്‍ കാര്യങ്ങളൊക്കെ ആരു നോക്കും? അതുകൊണ്ട് മൂന്നാമത് ഒരു വനിതയെ കിടത്താമെന്നു നിശ്ചയിച്ചു. ശബരിമലയില്‍ വനിതകളുടെ പേരിലാണല്ലോ കോലാഹലങ്ങള്‍. വരാനിരിക്കുന്നത് വനിതാ മതിലും. പ്രസംഗം കൊണ്ട് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന ശോഭാ സുരേന്ദ്രന്‍ നിരാഹാരം അനുഷ്ഠിച്ചിട്ടും പ്രത്യേക ഗുണമൊന്നും ഉണ്ടാകുന്നില്ല. സമരത്തോട് ജനങ്ങള്‍ അനുഭാവം പ്രകടിപ്പിക്കുന്നില്ല. സമരപ്പന്തലിലേക്ക് ഒന്ന് എത്തിനോക്കാന്‍ പോലും മടിക്കുന്നു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. സമരങ്ങള്‍ തുടങ്ങാന്‍ എളുപ്പമാണ്. അത് അവസാനിപ്പിക്കാന്‍ വളരെ പ്രയാസമാണെന്ന കാര്യം ബിജെപി നേതൃത്വം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. വാസ്തവത്തില്‍ സമരപ്പുലിവാലുപിടിച്ച അനുഭവം. ഇന്നത്തെ നിലയില്‍ മകരവിളക്ക് കഴിയുന്നതുവരെ നിരാഹാരസമരം നീട്ടിക്കൊണ്ടുപോവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അവശരാവുമ്പോള്‍ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊള്ളും. പിന്നെ കിടക്കാനാണെങ്കില്‍ പാര്‍ട്ടിയില്‍ ഇഷ്ടം പോലെ നേതാക്കളുമുണ്ട്.

തീരെ പബ്ലിസിറ്റി ലഭിക്കാതെ ഇങ്ങനെ വിശന്നു കിടന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സമരം ജനങ്ങള്‍ ഏറ്റെടുക്കാന്‍ എന്തു വഴിയെന്നു തലപുകഞ്ഞ് ആലോചിക്കുകയാണത്രേ ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കള്‍. ബന്ദ് കഴിഞ്ഞു. ഇനി ബന്ദ് ആഹ്വാനം ചെയ്താല്‍ വാഹനങ്ങള്‍ ഓടും, കടകളും തുറക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയാന്‍ ഇപ്പോള്‍ ആരെയും കിട്ടുന്നില്ല. റോഡ് തടയലൊക്കെ പഴയ സമരരീതികളുമായി. പുതുപുത്തന്‍ സമരമാര്‍ഗം കണ്ടെത്താതെ നിര്‍വാഹമില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അതിനൊന്നും പ്രയാസമുണ്ടാവില്ല. ശബരിമല നട അടയ്ക്കുന്നതിനു മുമ്പ് ആ സമരം പ്രതീക്ഷിക്കാം.




Tags:    

Similar News