ആദിവാസികള്‍ വായിക്കുന്നതിനെ ഭയക്കുന്നതാര്?
നിലമ്പൂരിനടുത്ത് ഊര്‍ക്കാട്ടിരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ പ്രദേശത്ത് മിത്ര ജ്യോതി എന്ന സന്നദ്ധ സംഘടനയാണ് ആദിവാസികളുമായി ചേര്‍ന്ന് ഒരു വായനശാല സ്ഥാപിക്കുന്നത്. ഗദ്ദികയെന്നു പേരിട്ട ലൈബ്രറിയുടെ ഉദ്ഘാടന കര്‍മം കഴിഞ്ഞ ഡിസംബര്‍ 8നു നിശ്ചയിച്ചു. ഉദ്ഘാടന പരിപാടിക്ക് പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളുണ്ടായി.
ബാബുരാജ് ബി എസ്
വേഗതയും അതിജീവനവും വര്‍ഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാ വിഭജനകാലത്ത് വര്‍ഗങ്ങള്‍ക്കനുസരിച്ച് അതിജീവനത്തിന്റെ ശൈലിയിലും മാറ്റമുണ്ടായിരുന്നു. കൂടുതല്‍ വേഗത്തില്‍ പലായനം ചെയ്തവര്‍ കൂടുതല്‍ സുരക്ഷിതരായി. വിഭജനത്തെക്കുറിച്ചുള്ള നമ്മുടെ ആഖ്യാനങ്ങള്‍ പക്ഷേ, വേഗതയെന്ന ഘടകത്തെ എപ്പോഴും മറച്ചുവച്ചു. പകരം ദൈന്യത്താലാണ് അവ രേഖപ്പെടുത്തപ്പെട്ടത്.
പലായനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വാര്‍ത്തകളുടെ പ്രസാരണത്തിന്റെ കാര്യത്തിലും ചെറിയ വ്യത്യാസത്തില്‍ വേഗതയെ സംബന്ധിച്ച നിയമം പാലിക്കുന്നു. കൂടുതല്‍ ശക്തരായവരെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ വേഗത്തിലും മോശം വാര്‍ത്തകള്‍ സാവധാനത്തിലും പ്രസരിക്കുന്നു. ദുര്‍ബലരെ സംബന്ധിച്ചിടത്തോളം തിരിച്ചും. ആദിവാസികളെ സിപിഎം ആക്രമിച്ച വാര്‍ത്ത പൊതുസമൂഹത്തിലെത്താന്‍ ഏകദേശം ഒന്നര ആഴ്ചയില്‍ കൂടുതലെടുത്തു. ചില പത്രങ്ങളില്‍ അതു വാര്‍ത്തയായിട്ടും ജനമനസ്സുകളെ സ്പര്‍ശിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വാര്‍ത്താ പ്രസരണ വേഗതയും ജനസമൂഹങ്ങളുടെ സാമൂഹികാവസ്ഥയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പറഞ്ഞുവരുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മലപ്പുറം വെണ്ടേക്കുംപൊയിലില്‍ ആദിവാസികള്‍ക്കു നേരെ സിപിഎം നടത്തിയ അതിക്രമം.
നിലമ്പൂരിനടുത്ത് ഊര്‍ക്കാട്ടിരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ പ്രദേശത്ത് മിത്ര ജ്യോതി എന്ന സന്നദ്ധ സംഘടനയാണ് ആദിവാസികളുമായി ചേര്‍ന്ന് ഒരു വായനശാല സ്ഥാപിക്കുന്നത്. ഗദ്ദികയെന്നു പേരിട്ട ലൈബ്രറിയുടെ ഉദ്ഘാടന കര്‍മം കഴിഞ്ഞ ഡിസംബര്‍ 8നു നിശ്ചയിച്ചു. ഉദ്ഘാടന പരിപാടിക്ക് പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളുണ്ടായി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ അമ്പതോളം പേര്‍ ഉദ്ഘാടന സമ്മേളനത്തെ ആക്രമിച്ചു.
ആക്രമണത്തില്‍ ആദിവാസി ഊരുമൂപ്പനടക്കം പതിനഞ്ചോളം വായനശാലാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരാളുടെ തോളെല്ല് പൊട്ടി. ഒരാള്‍ക്ക് തലച്ചോറിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെട്ടു. മറ്റൊരാളുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അവര്‍ സ്ത്രീകളെയും കുട്ടികളെയും വെറുതെ വിട്ടില്ല. കോലോത്ത് അജ്മല്‍, ഷിനോജ്, മിഥുന്‍, മൂപ്പന്‍ കോര്‍മന്‍, പഞ്ചായത്ത് അംഗമായ കൃഷ്ണന്‍കുട്ടി, ശാരദ, മകന്‍ അനീഷ്, ഷൈനി, മേരി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബദല്‍ സ്‌കൂള്‍ അധ്യാപികയായ ഷിജിയുടെ കൈക്ക് ഒടിവുണ്ട്. അജ്മലിന് താടിയെല്ലു പൊട്ടിയതിനാല്‍ സംസാരിക്കാന്‍ സാധിക്കുന്നില്ല.
ഇത്രയൊക്കെ സംഭവിച്ചിട്ടും പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമമനുസരിച്ച് അന്വേഷണം നടത്തി കേസെടുക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. എന്നു മാത്രമല്ല, ആദിവാസികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. നിയമപരമായ ബാധ്യതകള്‍ കൃത്യമായി നിര്‍വഹിച്ചു നടത്തിയ വായനശാലാ ഉദ്ഘാടന പരിപാടി ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നുവെന്നും നിയമവിരുദ്ധമാണെന്നും ആരോപിച്ചാണ് നടപടി.
മാസങ്ങള്‍ക്കു മുമ്പ് മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ മോഹമായിരുന്ന അദ്ദേഹത്തിന്റെ നാട്ടിലെ ഗ്രന്ഥശാലയുടെ നിര്‍മാണം കേരളത്തെ ഇളക്കിമറിച്ചുകൊണ്ടാണ് അരങ്ങേറിയത്. പ്രമുഖരും അല്ലാത്തവരുമായ നിരവധി പേര്‍ പുസ്തകങ്ങളുമായി ആ ഗ്രന്ഥശാല സന്ദര്‍ശിച്ചു. ചിലര്‍ പുസ്തകങ്ങള്‍ പാര്‍സലായി അയച്ചുകൊടുത്തു. കേരളത്തില്‍ മുഴുവന്‍ പുസ്തക ശേഖരണ പരിപാടി അരങ്ങേറി. ഒരുപക്ഷേ, കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഗ്രന്ഥശാലാ സ്ഥാപന പരിപാടിയായിരുന്നു അത്. വായനയെ സംബന്ധിച്ച ഗൃഹാതുരതയോടെയാണ് പലരും ആ പദ്ധതിയുടെ ഭാഗമായത്.
എന്നാല്‍, ഇപ്പോള്‍ ആദിവാസികള്‍ അവരുടെ മുന്‍കൈയില്‍ സ്ഥാപിച്ച ഗ്രന്ഥശാലയെയാണ് സിപിഎം ഗുണ്ടകള്‍ ആക്രമിച്ചിരിക്കുന്നത്. ഈ സംഭവം വായനാ സംസ്‌കാരത്തിനെതിരേയുള്ള നീക്കമായി കാണാനോ അതില്‍ പ്രതിഷേധിക്കാനോ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. അഭിമന്യുവിന്റെ സ്വപ്‌നത്തിനു ജീവന്‍ കൊടുക്കാന്‍ പണിയെടുത്തവരാണ് ഇവരില്‍ പലരുമെന്ന് ഓര്‍ക്കണം.
സിപിഎമ്മിനെ സംബന്ധിടത്തോളം ഇത് പുതിയ കാര്യമല്ല. പ്രാന്തവത്കൃതരായ ജനത സ്വയം സംഘടിക്കുന്നതും അവകാശബോധമുള്ളവരാകുന്നതും അവരെ സംബന്ധിടത്തോളം അസഹ്യമാണ്. ദലിതരും ആദിവാസികളുമാണ് ഇത്തരത്തില്‍ സംഘടിക്കുന്നതെങ്കില്‍ സ്വത്വവാദമെന്നും മത-ന്യൂനപക്ഷ വിഭാഗങ്ങളാണെങ്കില്‍ വര്‍ഗീയതയായും വിലയിരുത്തും. സംഘടിതരായ ദലിത്-ആദിവാസി വിഭാഗങ്ങളെ വിദേശ ഫണ്ടുമായി ചേര്‍ത്തുവച്ചാണ് ആക്ഷേപിക്കുക. മുസ്‌ലിം സംഘടനകളെ സൗദി രാജാവിന്റെ പേറോളിലുള്ളവരായും ചിത്രീകരിക്കും.
അതേസമയം, ഇത്തരം സംഘടനകള്‍ സിപിഎമ്മുമായി അടുക്കുകയാണെങ്കില്‍, അവരുടെ വോട്ട്ബാങ്കിനു വേണ്ടവിധം സംഭാവന നല്‍കുകയാണെങ്കില്‍ ഈ ആരോപണങ്ങളൊക്കെ അന്തരീക്ഷത്തില്‍ അലിയും. ദലിത്-മുസ്‌ലിം സംഘടനകളുടെ കേരളീയ ചരിത്രം ഇതിനു സാക്ഷിയാണ്. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. സിപിഎമ്മുമായി ബന്ധം ഉപേക്ഷിച്ച് സ്വയം വെട്ടിയ വഴികളിലൂടെ നടക്കാന്‍ ഇവിടത്തെ ആദിവാസികള്‍ മുതിര്‍ന്നു എന്നതുതന്നെയാണ് പ്രകോപനമായത്.
പ്രാന്തവല്‍കൃതരുടെ കാര്യത്തില്‍ പലര്‍ക്കും വലിയ കാരുണ്യമാണ്. മനുഷ്യാവകാശത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യും. അതു പക്ഷേ, അവരുടെ ഏറാന്‍മൂളികളായി നില്‍ക്കുന്നിടത്തോളം മാത്രം. അത് തികഞ്ഞ കാപട്യമാണ്. കാപട്യം പൊറുക്കാനാവില്ല.