'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്‌നങ്ങള്‍' പ്രകാശനം; ഇ അബൂബക്കറിന്റെ മറുപടി പ്രസംഗം... പൂര്‍ണരൂപം
'രാത്രിയുടെ യാമങ്ങളില്‍ മാറോടുചേര്‍ന്ന് കിടക്കുന്ന പിഞ്ചുകുഞ്ഞ് ഉപ്പയെപ്പോള്‍ വരും ഉമ്മാ എന്ന് ചോദിക്കുമ്പോള്‍, മകനെ അല്ലെങ്കില്‍ മകളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ച് ഉറക്കാന്‍ ശ്രമിക്കുകയും എന്നാല്‍ ഇപ്പുറം തിരിഞ്ഞ് കണ്ണീര്‍ തുടയ്ക്കുകയും ചെയ്യുന്ന സഹോദരിമാര്‍. ഭര്‍ത്താവ് എവിടെയാണെന്നുപോലും അറിയാത്ത ഭാര്യമാര്‍.. ഉപ്പയെ ചോദിച്ച് കരയുന്ന കുഞ്ഞുങ്ങള്‍.. അവരുടേതാണ് ഈ സംഘടന'
പ്രിയപ്പെട്ട സഹോദരന്‍മാരെ,
ഇന്നത്തെ പരിപാടിയില്‍ മുഖ്യാതിഥിയായി കിട്ടിയിരിക്കുന്നത് മൗലാന വലി റഹ്മാനിയുടെ മകന്‍ മൗലാന ഫൈസല്‍ റഹ്മാനിയെയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ഈ സദസ് അനുഗ്രഹീതമായിരിക്കുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം മൗലാന ആണെങ്കിലും ഒരു എന്‍ജിനീയര്‍ മൗലാനയാണ്. മൗലാന വലി റഹ്മാനിയെ എല്ലാവര്‍ക്കും അറിയാം. എന്നെ ആശുപത്രിയില്‍ വന്ന് കണ്ടു. പലപ്പോഴായി വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. നമ്മുടെ ഒരു സര്‍പ്രസ്‌ക്യനായിരുന്നു അദ്ദേഹം. നമുക്കൊരു രക്ഷാധികാരിയെന്ന നിലയില്‍ നമ്മളുമായി അങ്ങേയറ്റം സഹകരിച്ചുകൊണ്ടിരുന്നയാളാണ്. അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാവട്ടെ.. അദ്ദേഹം കൊവിഡ് ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് അസുഖം ബാധിച്ച് ഏതാനും മാസം മുമ്പാണ് മരണപ്പെട്ടത്.
എനിക്ക് കുറേ സഹോദരന്‍മാരുണ്ട്. എന്റെ ശത്രുക്കളില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടുകൊള്ളാം. പക്ഷേ, എന്റെ ഈ സഹോദരന്‍മാരില്‍നിന്ന് ദൈവമേ നീ എന്നെ രക്ഷിക്കേണമേ.. എന്നാണ് എനിക്ക് ആദ്യമായി പറയാനുള്ളത്. കാരണം ചെയര്‍മാന്‍ ഒരു സംഗതി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. അദ്ദേഹം പറയുന്നത് ഇനിയും എഴുതണമെന്നാണ്. ഇങ്ങനെയുള്ള സ്‌നേഹിതന്‍മാരും നേതാക്കന്‍മാരുമുള്ളപ്പോള്‍ ശത്രുക്കള്‍ വേറെ വേണ്ടതില്ലല്ലോ. അത് മാത്രമല്ല, എന്റെ ഭാര്യ അതിനേക്കാള്‍ വലിയ ശത്രുവാണ്. അത്ര നല്ല ഭക്ഷണമുണ്ടാക്കിക്കൊടുത്താണ് കൂലിയെഴുത്തുകാരെക്കൊണ്ട് എഴുതിപ്പിക്കുന്നത്. ചോറ്റുപട്ടാളമെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ചോദ്യമെഴുത്തുകാരാണ് ഇവര്‍. രണ്ടാള്‍ക്കാര്‍. 'കിറാമന്‍ കാത്തിബീന്‍' ആയിട്ട് രണ്ടുഭാഗത്തും ഇരുന്ന് ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുകയാണ്.
ആദ്യം എനിക്ക് വളരെ ശൂന്യതയാണ് അനുഭവപ്പെട്ടത്. ഒന്നും ഓര്‍മയില്ല. ഒരു സംഗതിയും ഓര്‍മയില്ല. ഞാന്‍ വിചാരിച്ചു. എന്താണ് എഴുതുക, ഒ എം എ ആശുപത്രിയില്‍ വന്നപ്പോള്‍ പറഞ്ഞു. ഇനി നിങ്ങള്‍ എഴുതണം. അതാണ് നിങ്ങളുടെ ദൗത്യമെന്ന്. ഞാന്‍ വിചാരിച്ചു. നല്ല ദൗത്യമാണല്ലോ. ഒന്നെഴുതിക്കളയാമെന്ന് വിചാരിച്ച് നോക്കുമ്പോള്‍ എനിക്ക് ഒന്നും ഓര്‍മയില്ല. ഒരു സംഗതിയും ഓര്‍മയില്ല. ഇവര്‍ രണ്ടുപേരും വന്നു. കുഞ്ഞാലി മാഷിന് നേരത്തെ അറിയാം. നല്ല ഭക്ഷണം കിട്ടുമെന്ന്. അതുകൊണ്ട് പെട്ടെന്ന് സ്വയം സന്നദ്ധരായി വന്നതാണ്. അങ്ങനെ എഴുതാന്‍ തുടങ്ങി. അവര്‍ എന്റെ ഓര്‍മകളെ നിശിതമായി കൂര്‍പ്പിച്ചെടുക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ കൂടുതല്‍ ഓര്‍മകള്‍ വന്നുതുടങ്ങി.
അന്നത്തെ കാലം പറയുകയാണെങ്കില്‍ നമസ്‌കാരത്തില്‍ സുജൂദ് എത്രയെണ്ണമുണ്ടെന്ന് അറിയില്ല. രണ്ടോ മൂന്നോ സുജൂദ് ചെയ്യും. ഒന്നോ രണ്ടോ റുകൂഅ് ചെയ്യും. ചിലപ്പോള്‍ ചെയ്യില്ല. സലാം വീട്ടാതെ എഴുന്നേറ്റുപോവും. ഇങ്ങനെയൊക്കെയുള്ള ഒരു സാഹചര്യമുണ്ടായിരുന്നു അന്നത്തെ കാലത്ത്. ആ കാലഘട്ടത്തിലാണ് നമ്മള്‍ തുടങ്ങുന്നത്. തുടങ്ങിക്കഴിഞ്ഞശേഷം ഒരുതരം ഓര്‍മ തെറാപ്പിയെന്ന നിലയിലാണ് പിന്നീട് അത് വന്നിട്ടുള്ളത്.
നമ്മെ സംബന്ധിച്ചിടത്തോളം ഇത് എന്റെ ഒരു കഥയല്ല. ഇതൊരു പ്രസ്ഥാനത്തിന്റെ ആത്മരേഖയാണ്. ആ പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ പ്രസ്ഥാനമാണ്. കേരളത്തില്‍ തുടങ്ങി ഉത്തരേന്ത്യയിലേക്ക് പോയി. ആരോ ഇവിടെ പറഞ്ഞു, ഇസ്‌ലാമിക സംഘടനകളൊന്നും തന്നെ അതിന് ധൈര്യപ്പെട്ടില്ല എന്ന്. ഒരുസംഘടനയും ധൈര്യപ്പെട്ടിട്ടില്ല. ഇസ്‌ലാം പോട്ടെ. മതമില്ലാത്ത സംഘടനയോ, ഏതെങ്കിലും മതത്തിന്റെ സംഘടനയോ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ കേരളത്തില്‍ തുടങ്ങിയിട്ട് വടക്കോട്ട് കയറിയിട്ടുണ്ടോ. എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും അതിന്റെ പരിവാരങ്ങളും എന്നല്ലാതെ. മറ്റേതൊക്കെ ഭൂപടം തിരിച്ചുവച്ചതാണ്. ഭൂപടം അടിയില്‍നിന്ന് മേല്‍പ്പോട്ട് പൊക്കിയതാണ് നമ്മള്‍. അങ്ങനെ അങ്ങോട്ട് ഒഴുകിയെത്തിയതാണ് ഈ പ്രസ്ഥാനം.
അപ്പോള്‍ ഒരിക്കല്‍ ഞാനിങ്ങനെ ആലോചിച്ചു. ഒരു പരിപാടിക്ക് വേണ്ടി മണിപ്പൂരില്‍ പോയപ്പോള്‍, അവിടെ എത്തിയ സമയത്ത് കണ്ടത്, മണിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങി കുറച്ചുപോവുമ്പോള്‍ റോഡിന്റെ രണ്ട് ഭാഗങ്ങളിലായി നിറയെ പോപുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ ഇങ്ങനെ തൂക്കിയിട്ടിരിക്കുന്നതാണ് കണ്ടത്. ഞാനാകെ അമ്പരന്നുപോയി. മണിപ്പൂര്‍ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല. കേട്ടിട്ടുണ്ട്. ഏത് ഭാഗത്താണെന്ന് ഭൂപടം നോക്കിപോലും മനസ്സിലാക്കിയിട്ടില്ല. അങ്ങനെയൊരു സ്ഥലത്തുപോയി നോക്കുമ്പോള്‍ പോപുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ നാലഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ കാണുമ്പോള്‍ ഞാന്‍ അപ്പോള്‍ അവിടെ അല്ലാതായിപ്പോയി. ഞാന്‍ വേഗം മയ്യന്നൂരിലുള്ള മദ്‌റസയുടെ ഉള്ളിലെ മുനിഞ്ഞുകത്തുന്ന പ്രകാശത്തിലേക്ക് എത്തിച്ചേര്‍ത്തു. അവിടെയുണ്ടായിരുന്ന 16 ആളുകള്‍ എന്റെ ദുര്‍ബലമായ കൈയില്‍ പിടിച്ച് പ്രതിജ്ഞ ചെയ്ത ആ സാഹചര്യമാണ് എന്റെ മനസ്സിലേക്ക് ഓടിവന്നത്.
ഏതായാലും അങ്ങനെ എല്ലാവിധ പ്രതിബദ്ധങ്ങളെയും വകഞ്ഞുമാറ്റിക്കൊണ്ട് നമ്മള്‍ അങ്ങോട്ടുപോയി. കേരളത്തില്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നു. എന്തൊരു കൂട്ടരാണ് നിങ്ങള്‍. നിങ്ങള്‍ ഇവിടെയാണോ ഇത് തുടങ്ങേണ്ടത്, ഉത്തരേന്ത്യയിലല്ലേ എന്ന്. നമ്മള്‍ ഉത്തരേന്ത്യയില്‍ പോയപ്പോള്‍ അവര്‍ അവിടൊക്കെ എത്തിയിട്ടുണ്ട്. സംഘടനാ നേതാക്കന്‍മാരൊക്കെ അവിടെ എത്തി. നമ്മടെ പിന്നാലെ തന്നെ. നമ്മള്‍ ബസ് കയറിയപ്പോള്‍, അവരൊക്കെയും ബസ് കയറി. അതാണുണ്ടായത്. പക്ഷേ, അതൊക്കെ മറ്റുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയെന്നല്ലാതെ ഒരു പ്രസ്ഥാനത്തെ കൊണ്ടുപോവുക എന്നുള്ളതായിരുന്നില്ല അവരുടെയൊന്നും ഉദ്ദേശം.
അപ്പോള്‍ ഈ പുസ്തകം ഒരു വ്യക്തിയുടെ കഥയല്ല. എന്റെ കഥയല്ല. ഒരു പ്രസ്ഥാനത്തെയും അതിനെ ഉല്‍പ്പാദിപ്പിച്ച സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളുടെയും കഥയാണ്. ഇതിനെ വരച്ചുകാണിക്കാനാണ് ഈ കൃതിയിലൂടെ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത് എത്രത്തോളം സാര്‍ഥകമായിട്ടുണ്ട് എന്നത് ഞാനല്ല പറയേണ്ടത്. നിങ്ങളാണ് പറയേണ്ടത്. വായനക്കാരാണ് പറയേണ്ടത്. അത് പറയുമെന്നാണ് വിചാരിക്കുന്നത്. എന്നെപ്പറ്റി ഇവിടെ പറഞ്ഞതൊക്കെ എന്നെ പുകഴ്ത്തലാണ്. എന്റെ അഭിപ്രായത്തില്‍ ഇനിയൊരു അനുസ്മരണ സമ്മേളനം ആവശ്യമില്ലാത്ത വിധം സംഗതികള്‍ ഭംഗിയായി നടന്നിട്ടുണ്ട്. പുസ്തകത്തില്‍ എന്താണുള്ളതെന്ന് വായിച്ച ആള്‍ക്കാര്‍ പറയണം. വായിച്ച ആള്‍ക്കാരൊക്കെ നമ്മടെ ആള്‍ക്കാരാണ്. ഒന്ന് കൂട്ടില്‍ മുഹമ്മദലി സാഹിബാണ് പറഞ്ഞത്. അയാളുമായി കുറെ കാലത്തെ നല്ലൊരു ബന്ധമാണ്. ഊഷ്മളമായ ബന്ധമാണ്. അദ്ദേഹം ജമാത്തുകാരനാണ്. ഞാന്‍ പോപുലര്‍ ഫ്രണ്ടുകാരനാണ്. പക്ഷേ, ഞങ്ങള്‍ തമ്മില്‍ നല്ല അടി നടക്കും. തടയും നടക്കും. അതിനിടയില്‍ പരസ്പരം സ്‌നേഹിക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു ബന്ധമാണ്. അദ്ദേഹം നല്ലത് പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രശ്‌നമില്ല. അതല്ലാതെ ഇവിടെ പറഞ്ഞവര്‍ മുഴുവന്‍ പോപുലര്‍ ഫ്രണ്ടിന്റെ ആള്‍ക്കാരോ അതുമായി നല്ല നിലയില്‍ സഹകരിച്ചുപോവുന്ന ആള്‍ക്കാരോ ആണ്. അതുകൊണ്ട് ആ നിലയ്ക്ക് കണക്കാക്കുന്നില്ല. നിങ്ങള്‍ വായിക്ക്. അഭിപ്രായം വരട്ടെ. ഇനി ഒരുപാട് എഴുതാനുണ്ടെന്ന് പറഞ്ഞത് ശരിയാണ്. അതിനുശേഷം കുറെ ഓര്‍മകള്‍ വന്നു. ഓപറേഷന്റെ മൂന്നുവര്‍ഷം മുമ്പേ തന്നെ ഓര്‍മകള്‍ നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഓര്‍മ സങ്കോചത്തെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നു.
നാദാപുരത്തെ പ്രസംഗം നടക്കുമ്പോള്‍ പ്രസംഗം പറയാന്‍ കിട്ടുന്നില്ല. പ്രസംഗത്തിലെ ആള്‍ക്കാരെക്കുറിച്ചും കിട്ടുന്നില്ല. 17 ആള്‍ക്കാരുടെ പേര് പറയാന്‍പോലും, അവരുടെ കൂട്ടത്തില്‍പ്പെട്ടവരുടെ പേരുപോലും മറന്നുപോയി. അങ്ങനെയൊരു സാഹചര്യത്തില്‍നിന്ന് അതുണ്ടോ, ഇതുണ്ടോ, അവിടെ നിന്ന് എങ്ങോട്ടാണ് പോയത് എന്നിങ്ങനെ ചോദ്യങ്ങളോട് ചോദ്യമായിരുന്നു. അങ്ങനെ കുറേശ്ശെ ഇങ്ങനെ വരാന്‍ തുടങ്ങി. പുസ്തകം ഇറങ്ങാന്‍ നേരം കെ എച്ചിനെ വിളിച്ച് പറഞ്ഞു. കുറച്ച് നില്‍ക്ക്, കുറച്ചുകൂടി പറയാനുണ്ടെന്ന്. കെ എച്ച് സമ്മതിക്കണ്ടെ. കെ എച്ചിന് ഇത് ചെറിയ വിലയ്ക്ക് വില്‍ക്കണം. ചെറിയ ബുക്കായി കിട്ടണം. അതാണ് മൂപ്പരുടെ ഇത്. അതുകൊണ്ട് മൂപ്പര്‍ സമ്മതിച്ചില്ല. അത് അവിടെ നില്‍ക്കട്ടെ. അത് നമുക്ക് പിന്നെ എഴുതാമെന്ന് പറഞ്ഞു. അങ്ങനെയാണ് പിന്നെ എഴുതുന്ന രംഗത്തിലേക്ക് ആലോചന വരുന്നത്. പ്രസംഗിക്കുമ്പോള്‍ സ്ഥലത്തിന്റെ ആള്‍ക്കാരുടെ പേര് കിട്ടാതിരിക്കുക. വാചകങ്ങള്‍ മുഴുമിക്കാതിരിക്കുക. അങ്ങനെ കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു.
കടലമണികള്‍ പെറുക്കി വായിലിടുമ്പോള്‍ അതവിടെ എത്താതായി. പിന്നീട് കടലമണി എടുക്കാന്‍ കഴിയാത്ത വിധം കൈവിരലുകള്‍ അച്ചടക്കലംഘനം കാണിച്ചുതുടങ്ങി. ഡോ. അബ്ദുല്‍ ഖാദര്‍ എന്റെ മകന്റെ നിശ്ചയത്തിന് വീട്ടില്‍ വന്നു. അവര്‍ പറയുന്നതിന് പ്രതികരണം ശരിയല്ല, അവര്‍ തമാശ പറയുന്നുണ്ടായിരുന്നു. എന്നാല്‍, ഞാന്‍ എന്ത് തമാശ എന്ന നിലയില്‍ പോവുന്നു. അങ്ങനെ അതിന് ചികില്‍സ തേടുന്നതിനിടയിലാണ് കടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടത്. പിന്നെ കീമോയായി. തെറാപ്പിയായി. ഓപറേഷനായി. ഓര്‍മക്ഷയം കൂടുതല്‍ രൂക്ഷവുമായി.
അതിനുശേഷം കുറെയൊക്കെ പിടിച്ചുനില്‍ക്കുകയും ചെയ്തു. കുറെ ഓര്‍മകള്‍ വരാന്‍ തുടങ്ങി. ഇപ്പോള്‍ രണ്ട് പുസ്തകം എഴുതാനുള്ള ഓര്‍മകള്‍ എന്റെ അടുത്തുണ്ടെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഒ എം എ എന്നെ വിടില്ല. അതുകൊണ്ട് അങ്ങനത്തെ വിവരക്കേടുകളൊന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.
ഇതൊരു വ്യക്തിയുടെ കഥയല്ല, പ്രസ്ഥാനത്തിന്റെ കഥയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. മുഖ്യധാരയില്‍നിന്ന് ഓരം ചാരിനില്‍ക്കപ്പെടേണ്ടിവന്ന ഒരു ജനവിഭാഗത്തിന് ദിശാബോധം നല്‍കിയ പ്രസ്ഥാനത്തിന്റെ കഥയാണിത്. അവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും നല്‍കിയതിന്റെ ആത്മരേഖയാണിത്. ഈ രാജ്യത്തിന് വേണ്ടി നമുക്കൊന്നും ചെയ്യാനില്ലെന്ന് കരുതി നിരാശയുടെ അകര്‍മണ്യതയിലേക്ക് കൂപ്പുകുത്താനിടയുള്ള യുവതയെ, ഈ രാജ്യം നമ്മുടേതാണെന്നും രാജ്യത്തിന്റെ പുരോയാനങ്ങളില്‍ നമുക്ക് നമ്മുടേതായ പങ്കുവഹിക്കാനുണ്ടെന്നും പഠിപ്പിച്ച പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ടിന്റെ കഥയാണിത്. ഒരു വിഭാഗത്തിന് കൈമോശം വന്നുപോയെന്ന് അവരും മറ്റുള്ളവരും വിശ്വസിച്ചിരുന്ന ഒരവയവം- നട്ടെല്ല് നിങ്ങളുടെ പിന്‍ഭാഗത്തുണ്ട് എന്നും അതിന്റെ ഉള്ളില്‍ ഒരു സുഷുമ്‌ന ചുരുണ്ടുപോവാതെ സൂക്ഷിക്കണമെന്നും പറഞ്ഞ് പഠിപ്പിച്ച പ്രസ്ഥാനത്തിന്റെ പേരാണ് പോപുലര്‍ ഫ്രണ്ട്. ഈ കഥ അതിന്റെ കഥയാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ മര്‍ദ്ദിതരെ പഠിപ്പിച്ചത് അവരായിരുന്നു. മനുഷ്യനെ സ്‌നേഹിക്കാത്ത, ചുട്ടുകൊല്ലുന്ന, അടിച്ചുകൊല്ലുന്ന, വാഹനം കയറ്റിക്കൊല്ലുന്ന, മൃതദേഹത്തില്‍ രുദ്രനൃത്തം ചവിട്ടുന്ന ഫാഷിസത്തോട്, മാ നിഷാദ... അരുത് കാട്ടാള എന്ന് ചങ്കൂറ്റത്തോടെ പറയുന്ന ഒരു പ്രസ്ഥാനത്തിന്റെ കഥയാണിത്.
ആ സംഘടന എന്റെ ഉള്ളംകൈയില്‍ വളര്‍ന്നതാണ്. അതൊരു വിളയായിരുന്നു, അതിന് മുള പൊങ്ങി. പിന്നീടത് തഴച്ചുവളര്‍ന്നു. അത് കരുത്ത് നേടി. സ്വന്തം കാണ്ഡത്തില്‍ നില്‍ക്കാന്‍ തുടങ്ങി. അത് കൃഷി ചെയ്ത കര്‍ഷകന് അത്ഭുതവും പുളകവുമുണ്ടാക്കുന്ന വിധം അത് വളര്‍ന്നു. എന്നാല്‍, കാഫിറുകള്‍ക്ക്, അവിശ്വാസികള്‍ക്ക് ഭയങ്കരമായൊരു ഈര്‍ഷ്യയുണ്ടാക്കി വളര്‍ന്നു. ഇതിന്റെ വളര്‍ച്ചയില്‍ അധ്വാനിച്ചവര്‍ ഏറെയുണ്ട്. അവര്‍ നയ്ച്ചു. ഞാന്‍ നയിച്ചു. ഇതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം. അതിന് വേണ്ടി ജീവന്‍ നല്‍കിയവര്‍, ജീവിതം മുഴുവന്‍ ഇതിന് വേണ്ടി ഉഴിഞ്ഞുവച്ചവര്‍. രക്തസാക്ഷികള്‍. രക്തവും അസ്ഥികളും അവയവങ്ങളും നല്‍കിയവര്‍. വിയര്‍പ്പും കണ്ണീരും കൊണ്ട് ഈ പ്രസ്ഥാനത്തെ നനച്ചുവളര്‍ത്തിയവര്‍. അവരും ഞാനും തമ്മില്‍ യാതൊരു താരതമ്യവും തന്നെയില്ല എന്നാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. രാത്രിയുടെ യാമങ്ങളില്‍ മാറോടുചേര്‍ന്ന് കിടക്കുന്ന പിഞ്ചുകുഞ്ഞ് ഉപ്പയെപ്പോള്‍ വരും ഉമ്മാ എന്ന് ചോദിക്കുമ്പോള്‍, മകനെ അല്ലെങ്കില്‍ മകളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ച് ഉറക്കാന്‍ ശ്രമിക്കുകയും എന്നാല്‍ ഇപ്പുറം തിരിഞ്ഞ് കണ്ണീര്‍ തുടയ്ക്കുകയും ചെയ്യുന്ന സഹോദരിമാര്‍. ഭര്‍ത്താവ് എവിടെയാണെന്നുപോലും അറിയാത്ത ഭാര്യമാര്‍.. ഉപ്പയെ ചോദിച്ച് കരയുന്ന കുഞ്ഞുങ്ങള്‍.. അവരുടേതാണ് ഈ സംഘടന. അവര്‍ക്ക് വേണ്ടി ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു...