ചരിത്രവും സംസ്‌കാരവും ഫാഷിസത്തെ ഭീതിപ്പെടുത്തുന്നു
ലോക ചരിത്രത്തില്‍ എപ്പോഴും ഫാഷിസം ഭയപ്പെടുന്നത് ചരിത്രത്തെയും സംസ്‌കാരത്തെയുമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളെയും അവര്‍ ആശങ്കയോടെയാണ് കാണുന്നത്. അതിന്റെ ഭാഗമാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിനെതി
അശ്‌റഫ് മൗലവി
ലോക ചരിത്രത്തില്‍ എപ്പോഴും ഫാഷിസം ഭയപ്പെടുന്നത് ചരിത്രത്തെയും സംസ്‌കാരത്തെയുമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളെയും അവര്‍ ആശങ്കയോടെയാണ് കാണുന്നത്. അതിന്റെ ഭാഗമാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിനെതിരേയും സാംസ്‌കാരിക വൈവിധ്യത്തിനെതിരേയും ഹിന്ദുത്വ ഫാഷിസം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം.
ഇന്ത്യാ മഹാരാജ്യത്തിന്റെ പൗരാണികമായ ചരിത്രവും സംസ്‌കാരവും ഒരിക്കലും ഏകശിലാ സംസ്‌കൃതിയില്‍ അധിഷ്ഠിതമല്ല. ഏക ഭാഷാ വിനിമയത്തിന്റെയോ വ്യവഹാരത്തിന്റെയോ ഭൂപ്രദേശവുമായിരുന്നില്ല ഇന്ത്യ. മറിച്ച്, വിവിധ ഭാഷകളുടെയും വിവിധ സംസ്‌കാരങ്ങളുടെയും മതവിശ്വാസാധിഷ്ഠിതവും മതനിരാസാധിഷ്ഠിതവുമായ സാംസ്‌കാരിക വൈവിധ്യങ്ങളുടെയും ഭാഷാ വ്യത്യസ്തതകളുടെയും ചരിത്രവുമാണ് രാജ്യത്തിനുള്ളത്.
രാജ്യത്തിന്റെ ബഹുസ്വരത എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഈ ബഹുത്വത്തെ തന്നെയാണ്. ഭീകര പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ഫാഷിസ്റ്റുകള്‍ക്ക് വംശവെറിയില്‍ മാത്രം വിശ്വസിക്കുന്നുവെന്നതുകൊണ്ടു വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ക്കെതിരേയും ചരിത്ര ഗ്രന്ഥങ്ങള്‍ക്കെതിരേയും മതവൈവിധ്യങ്ങളുടെ ഭാഗമായിട്ടുള്ള ആരാധനാലയങ്ങള്‍ക്കെതിരേയും കൈയേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചരിത്രരംഗത്തെ ഫാഷിസം ഒരു സമാന്തര ചരിത്രം തന്നെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു എന്നതാണ് വസ്തുത. സാംസ്‌കാരികരംഗത്തു സര്‍വസ്വീകാര്യമായ വൈവിധ്യത്തിലധിഷ്ഠിതമായ പൊതുബോധത്തെ നിരാകരിക്കുന്നതിനു പ്രാപ്തമാക്കുന്ന ഒരു വിദ്വേഷ വിധ്വംസക വീക്ഷണം അവര്‍ ഈ രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മതസംസ്‌കാരങ്ങള്‍ക്കെതിരേയുള്ള ആക്രോശങ്ങള്‍ രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ പോലും പലപ്പോഴും രൂപപ്പെടുന്നത് അവര്‍ വേവിച്ചെടുത്ത അത്തരം അസഹിഷ്ണുതയുടെ, ഹിംസാത്മകതയുടെ വിജയം തന്നെയാണ്. ആരാധനാലയങ്ങള്‍ക്കെതിരേയുള്ള അവകാശവാദവും ഇതിന്റെ ഭാഗമാണ്. ഇന്ത്യാ രാജ്യത്തിന്റെ സാംസ്‌കാരിക രംഗത്തോ ചരിത്രരംഗത്തോ സാമ്പത്തികരംഗത്തോ തത്ത്വശാസ്ത്ര രംഗത്തോ നന്മയുടെയോ സമഭാവനയുടെയോ ആയ ഒരു സംഭാവനയും അര്‍പ്പിക്കാത്ത രാഷ്ട്ര പുരോഗതിയിലോ രാഷ്ട്രനിര്‍മിതിയിലോ രചനാപരമായ ഒരു പങ്കുംവഹിക്കാത്ത നാശകാരികളായ അപകടകാരികളാണ് ഫാഷിസ്റ്റുകള്‍.
അതുകൊണ്ടുതന്നെ പൂര്‍വകാല സൂരികള്‍ സൃഷ്ടിച്ച ചരിത്ര സ്മാരകങ്ങളെയും ആരാധനാലയങ്ങളെയും തങ്ങളുടേതാക്കി മാറ്റുന്നതിനുവേണ്ടിയുള്ള കുടില ശ്രമമാണ് ഫാഷിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാരണം, തല ഉയര്‍ത്തിനില്‍ക്കുന്ന ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും അതോടൊപ്പം ഈ രാജ്യത്തിന്റെ വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കു ലഭ്യമായ പൊതുസ്വീകാര്യതയും അവരെ ഭയപ്പെടുത്തുകയാണ്. ഗ്യാന്‍വാപി മസ്ജിദ് ഉള്‍പ്പെടെയുള്ള പള്ളികള്‍ക്കെതിരേയുള്ള അവകാശവാദവും അതിന്റെ ഭാഗമാണ്. തങ്ങളുടേതായി ഒന്നുമില്ലാത്ത രാജ്യത്ത് മറ്റുള്ളതെല്ലാം തങ്ങളുടേതാക്കി മാറ്റുക എന്ന സംഘപരിവാര ഫാഷിസ്റ്റുകളുടെ അജണ്ടയാണ് ഇതിലൂടെ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ ഇത്തരം പ്രവണതകളെ അതിജീവിക്കുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമല്ല. ഇന്ത്യയുടെയും ഇന്ത്യന്‍ ഭരണഘടനയുടെയും പ്രശ്‌നമാണ്. ബ്രാഹ്‌മണിക്കല്‍ സംഘപരിവാര ഭരണകൂടം അവരുടെ താല്‍പ്പര്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ പ്രാപ്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം പൗരസമൂഹത്തിനുള്ളതാണ്. ഭരണഘടനയുടെ മൗലിക കര്‍ത്തവ്യങ്ങള്‍ ചരിത്ര സ്മാരകങ്ങളുടെ പരിരക്ഷ പൗരധര്‍മമായി തന്നെയാണ് നിര്‍വചിച്ചിട്ടുള്ളത്. രാജ്യസ്‌നേഹികളുടെ ഐക്യനിര സൃഷ്ടിച്ചും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ജനാധിപത്യ പോരാട്ടങ്ങളിലൂടെയും പുതിയ തലമുറയെ വസ്തുനിഷ്ഠമായ ചരിത്രം പഠിപ്പിച്ചും സാംസ്‌കാരിക വൈവിധ്യത്തിന്റെ മഹത്ത്വത്തെക്കുറിച്ച് ഉദ്‌ബോധനം നടത്തിയും അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയും ഫാഷിസത്തിന്റെ, ഹിന്ദുത്വ ഭീകരവാദികളുടെ ഹിഡന്‍ അജണ്ടയെ അതിജീവിക്കാന്‍ സാധ്യമാവും. ചരിത്രബോധത്തെ അവര്‍ ഭയപ്പെടുന്നു. സാംസ്‌കാരിക വൈവിധ്യത്തെ അവര്‍ ഭയപ്പെടുന്നു. ഫാഷിസത്തെ അതിജീവിക്കാന്‍ അവര്‍ ഭയപ്പെടുന്ന രണ്ടു മേഖലകളുടെ മേല്‍ക്കൈ കൊണ്ടു മാത്രമാണ് സാധ്യമാവുക. അതുകൊണ്ടുതന്നെ അക്കാദമിക പിന്‍ബലമുള്ള ചരിത്രം പഠിക്കുന്നവരും സാംസ്‌കാരിക വൈവിധ്യങ്ങളെ മാനിക്കുന്നവരും പുതിയ തലമുറയില്‍ കൂടുതല്‍ ഉണ്ടാവണം. അതിനുവേണ്ടിയുള്ള കൂട്ടായ ശ്രമം ഉണ്ടാവണം. അതിലൂടെ ഫാഷിസത്തിന്റെ ഹിഡന്‍ അജണ്ടകള്‍ അതിജീവിക്കാന്‍ സാധ്യമാവണം.