ഓര്‍മകളില്‍ വരെ വിദ്വേഷം കലര്‍ത്തുന്ന കാലം

ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളും മറ്റു പലതും നശിപ്പിച്ചുകൊണ്ട് അല്ലെങ്കില്‍ അതിനെ അവഗണിച്ചുകൊണ്ടു പുതിയ പുതിയ പേരുകളും പുതിയ പുതിയ നിര്‍മാണങ്ങളും നടക്കുന്നുവെന്നു പത്രങ്ങളിലൂടെ അറിയാന്‍ കഴിയുന്നു. വാസ്തവത്തില്‍ ഇത്രയും വലിയ ചരിത്രമുള്ള രാജ്യം ലോകത്ത്

Update: 2022-09-06 06:38 GMT


ഡോ. കെ കെ എന്‍ കുറുപ്പ്

(ചരിത്രകാരന്‍, കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വി.സി)


ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളും മറ്റു പലതും നശിപ്പിച്ചുകൊണ്ട് അല്ലെങ്കില്‍ അതിനെ അവഗണിച്ചുകൊണ്ടു പുതിയ പുതിയ പേരുകളും പുതിയ പുതിയ നിര്‍മാണങ്ങളും നടക്കുന്നുവെന്നു പത്രങ്ങളിലൂടെ അറിയാന്‍ കഴിയുന്നു. വാസ്തവത്തില്‍ ഇത്രയും വലിയ ചരിത്രമുള്ള രാജ്യം ലോകത്ത് വളരെ ചുരുക്കമാണ്. വേദകാലം മുതലുള്ള ചരിത്ര സ്മാരകങ്ങളും അതുപോലെ തന്നെയുള്ള ചരിത്ര സ്മൃതികളും എല്ലാം തന്നെ നമുക്കു ലഭ്യമാണ്. അവയെ മാറ്റിക്കൊണ്ടു പുതിയ രൂപത്തില്‍ അല്ലെങ്കില്‍ പേരുകള്‍ നല്‍കുക എന്നത് തെറ്റായ നടപടികളാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ ചരിത്ര സ്മാരകങ്ങളുടെ പേരുപോലും മാറ്റുന്നതിന് എതിരായിട്ടാണ് അവിടെ സാംസ്‌കാരിക പ്രവര്‍ത്തകന്മാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നമുക്കറിയാം, പല പട്ടണങ്ങളുടെയും കൊളോണിയല്‍ പേരുകള്‍ മാറ്റിയത്. കൊളോണിയല്‍ പേരുകള്‍ അത് കൊളോണിയല്‍ അവശിഷ്ടമായിരുന്നുവെന്നതുകൊണ്ടു നിലനിര്‍ത്തുകയാണ് ആവശ്യം. കാലിക്കറ്റിനെ കോഴിക്കോട് എന്നു വിളിക്കുന്നു. പക്ഷേ, കാലിക്കറ്റ് എന്നല്ലാതെ ലോകരാഷ്ട്രതലങ്ങളില്‍ കോഴിക്കോട് എന്നറിയപ്പെടുന്നത് വളരെ ചുരുക്കമാണ്. കാലിക്കറ്റ് അവിടെയുള്ള തുണിത്തരങ്ങളുടെ പേരില്‍, കാലിക്കോസിന്റെ പേരിലാണ് അറിയപ്പെട്ടത്. അതു നമ്മള്‍ മാറ്റുന്നതുകൊണ്ടു വലിയ ഗുണമൊന്നുമില്ല. കോഴിക്കോടും കാലിക്കറ്റും രണ്ടു പേരുകള്‍ നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കൊരു സ്മാരകത്തിന്റെ പേര് മാറ്റണമെങ്കില്‍ രണ്ടു പേരുകളും ഉപയോഗപ്പെടുത്താം. പക്ഷേ, പൈതൃകമായിട്ട് നമുക്കു ലഭിച്ച പേര് മാറ്റുക എന്നതു തെറ്റായ ഒരു നടപടിയായിട്ടാണ് ചരിത്രകാരന്മാര്‍ കാണുന്നത്.

ചരിത്രത്തിന്റെ കഴിഞ്ഞ കാലത്തേക്ക് നമുക്ക് ആര്‍ക്കും പോവാന്‍ കഴിയുകയില്ല. ആ കാലത്തിന്റെ സ്മാരകങ്ങള്‍ നിലനിര്‍ത്തുക എന്നത് ആവശ്യമാണ്. തിരുവനന്തപുരത്തു തന്നെ ഇത്തരത്തില്‍ പല മാറ്റങ്ങളും നടത്തി പേരുകള്‍ കൊടുത്തിട്ടുണ്ട്. അതിന്റെ ആവശ്യമുണ്ടോ എന്ന് സമൂഹം വളരെ ബോധപൂര്‍വം ചിന്തിക്കേണ്ടതാണ്. ആ നിലയില്‍ ചിന്തിക്കാതിരുന്നാല്‍ ചരിത്രത്തെ തന്നെ വളച്ചൊടിച്ചു ചരിത്രം വേണ്ടാ എന്നൊരു തലമുറ വിശ്വസിക്കും. അതു നമ്മുടെ സാംസ്‌കാരികമായ സ്മൃതി നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്. ചരിത്രത്തെ നമുക്ക് ഒരിക്കലും നിഷേധിക്കാന്‍ കഴിയുകയില്ല. ചരിത്രത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം തന്നെ ഒന്നിച്ച് ഒരേ ധാരയായിട്ടാണ് മുന്നോട്ടുപോവുന്നത്. ആ ധാരയെ നമുക്കു വെട്ടിമുറിച്ചു മാറ്റാന്‍ കഴിയുകയില്ല. ശാന്തിനികേതന്‍ എന്ന സര്‍വകലാശാല വന്നിട്ടുള്ളത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. ടാഗൂറിന്റെ സൃഷ്ടിയായി വന്നിട്ടുള്ള സര്‍വകലാശാലയാണ് അത്. അതിന്റെ പേരു മാറ്റിയിട്ട് വേറൊരു പേര് കൊടുക്കുക എന്നു പറയുന്നത് വളരെ തെറ്റായിട്ടാണ് എനിക്ക് തോന്നുന്നത്. ശാന്തിനികേതന്‍ എന്ന പേരുപോലെയുള്ള ദേശീയ സ്മാരകങ്ങളുടെ പേര് മാറ്റുക, ഇപ്പോള്‍ ഖുത്തുബ്മിനാറിന്റെ പേരുമാറ്റണം എന്നെല്ലാം പറയുന്നതില്‍ ഒരു കഴമ്പുമില്ല. അത് ഇത്രകാലം അറിയപ്പെട്ട അതേ പേരില്‍ തന്നെയാണ് അറിയപ്പെടേണ്ടത്. ഈ സാംസ്‌കാരിക സ്ഥാപനങ്ങളുമായിട്ട് ഒരു മതത്തിനും വലിയ ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വിക്ടോറിയാ റാണിയുടെ വിളംബരത്തിന്റെ സ്മാരകങ്ങളെല്ലാം ഇന്ത്യയിലുണ്ട്. അതെല്ലാം പൊളിച്ചുമാറ്റുകയോ വേറൊരു പേര് കൊടുക്കുകയോ ചെയ്യുന്നുണ്ടോ?

ചരിത്രം പഠിക്കാത്ത ഒരു സമൂഹം അവരുടെ സ്മരണ നഷ്ടപ്പെട്ടു സ്മൃതിനാശം സംഭവിച്ച ഒരു സമൂഹമായിട്ട് സ്വയം രൂപാന്തരപ്പെടുകയാണ്. ഈ നിലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്ര സ്മാരകങ്ങളെ അതേ നിലയില്‍ നിലനിര്‍ത്തുക എന്നതാണ് ഒരു പരിഷ്‌കൃത സര്‍ക്കാരിന്റെ കര്‍ത്തവ്യം. ചരിത്രസ്മാരകങ്ങളുടെ പേര് മാറ്റുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണവ. അവശേഷിപ്പുകള്‍ ഇല്ലാതിരുന്നാല്‍ നമ്മുടെ സ്മൃതി നഷ്ടപ്പെട്ടുപോവുകയാണ്, സംസ്‌കാരം നഷ്ടപ്പെട്ടുപോവുകയാണ്. ഈ നിലയില്‍ അതിനെ സംരക്ഷിച്ചുകൊണ്ട് അതിനെ സമൂഹത്തിന്റെ ഭാഗമായിട്ട് മാറ്റാനുള്ള പ്രവണതയാണ് നമ്മള്‍ കാണിക്കേണ്ടത്. അതിനു പകരമുള്ള പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരികമായിട്ട് ശരിയല്ല, ചരിത്രപരമായിട്ട് ശരിയല്ല, സാമൂഹികപരമായിട്ടും ശരിയല്ല. താജ്മഹല്‍ പോലുള്ള സ്ഥാപനങ്ങള്‍ അതു ഹൈന്ദവമോ ഇസ്‌ലാമികമോ എന്നല്ല അടിസ്ഥാന പ്രശ്‌നം. അത് ചരിത്രത്തിലൂടെ കടന്നുവന്ന ഒരു സ്മാരകമാണ് എന്നതാണ്. അത് അതേ നിലയില്‍ നിലനില്‍ക്കേണ്ടതാണ്. അതിന്റെ പേരുമാറ്റുക അല്ലെങ്കില്‍ അത് ഇന്നതാണെന്നു സ്ഥാപിച്ചുകൊണ്ട് കഴിഞ്ഞ ഘട്ടത്തിലേക്കു പുതിയ ചിന്തകള്‍ കടത്തിവിടുക തുടങ്ങിയവ തെറ്റായിട്ടുള്ള പ്രവണതയാണ്. അപ്പോള്‍ ഈ നിലയില്‍ ഇത്തരം ചിന്തകളെ സാംസ്‌കാരികമായി മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരിക്കലും നമുക്കു ചരിത്രത്തെ തിരുത്തുക കഴിയുകയില്ല. ചരിത്രം തിരുത്തി എഴുതിവച്ചു തെറ്റായ ചരിത്രത്തെ പ്രചരിപ്പിക്കുന്നതുകൊണ്ട് എന്താണ് നാം നേടുന്നത്? നമ്മുടെ ഓര്‍മകള്‍ തന്നെ തെറ്റാണെന്നു വരുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുമ്പോള്‍? നൈല്‍ ഒരു മലയാണ് എനിക്ക് പൂര്‍ണമായ ശമ്പളം തരുമ്പോഴേ അത് ഒരു നദിയാണെന്നു ഞാന്‍ പഠിപ്പിക്കുകയുള്ളൂ എന്ന് ഒരു അധ്യാപകന്‍ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തുപോവുകയാണ്. ശരിയായ ചരിത്രം, ശരിയായ സ്മരണ ഇതു നമ്മുടെ സമൂഹത്തിന് ആവശ്യമാണ്. ഇതിലൂടെ മാത്രമേ മുന്നോട്ടുപോവാന്‍ കഴിയുകയുള്ളൂ.

ഓരോ മതത്തിന്റെയും സംസ്‌കാരം ഏറ്റവും വിലപ്പെട്ടതാണ്. ആ വിലപ്പെട്ട സംസ്‌കാരത്തെ നിലനിര്‍ത്തുക എന്നത് രാജ്യത്തിന്റെ കടമയും കര്‍ത്തവ്യവുമാണ്. തെറ്റായ ചരിത്രബോധം പ്രചരിപ്പിച്ചതുകൊണ്ടാണ് നമ്മള്‍ ഇന്നു കാണുന്ന പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. വാസ്തവത്തില്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും മറ്റും പാഠപുസ്തകങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ എല്ലാംതന്നെ വര്‍ഗീയതയുടെ അംശങ്ങളാണുള്ളത്. മുഗളരും ശിവജിയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകള്‍ രാഷ്ട്രീയമായ ഏറ്റുമുട്ടലായിരുന്നു. അവ മതപരമായിട്ടുള്ള ഏറ്റുമുട്ടലല്ല. രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ലോക ചരിത്രത്തില്‍ എവിടെയും നമുക്കു കാണാം. യൂറോപ്പില്‍ പ്രൊട്ടസ്റ്റന്റുകളും കത്തോലിക്കരും തമ്മിലുണ്ടായ സമരങ്ങള്‍ മതസമരങ്ങളല്ല. അവയുടെ അടിസ്ഥാന തത്ത്വം രാഷ്ട്രീയമായിരുന്നു. മതപരമായ പോളിസി എന്ന ആശയം തന്നെ ഇന്ത്യയിലേക്കു കൊണ്ടുവന്നത് യൂറോപ്യന്‍ ചരിത്രകാരന്മാരാണ്. ജയിംസ് മില്ലിനെ പോലുള്ളവര്‍ കൊണ്ടുവന്നതാണ് അത്. നമ്മുടെ നാട്ടില്‍ മതേതരത്വം എന്ന ആശയത്തെ തന്നെ നമ്മള്‍ തള്ളിക്കളയുന്ന ഒരു പ്രവണത വളരുകയാണ്. ഭരണഘടനാ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ നടത്തേണ്ടത്. ഒരു ആശയവും ഒരു ഭാഷയും ഒരു സ്മാരകവും നശിപ്പിക്കാന്‍ പാടില്ല എന്നാണ് യുഎന്‍ഒയുടെ ഡിക്ലറേഷന്‍. ആ നിലയില്‍ നമ്മള്‍ മുന്നോട്ടുപോവേണ്ടത് സമൂഹത്തിന്റെ സുസംഘടിതമായ നിലനില്‍പ്പിന്, അതിന്റെ പുരോഗതിക്ക്, അതിന്റെ വളര്‍ച്ചയ്ക്ക്, അതിന്റെ വികാസത്തിന് ആവശ്യമാണെന്നു വിശ്വസിക്കുന്ന ഒരു ചരിത്രകാരനും ഗവേഷകനുമാണ് ഞാന്‍.

-----------------------

ചരിത്രം പഠിക്കാത്ത ഒരു സമൂഹം അവരുടെ സ്മരണ നഷ്ടപ്പെട്ടു സ്മൃതിനാശം സംഭവിച്ച ഒരു സമൂഹമായിട്ട് സ്വയം രൂപാന്തരപ്പെടുകയാണ്. ഈ നിലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്ര സ്മാരകങ്ങളെ അതേ നിലയില്‍ നിലനിര്‍ത്തുക എന്നതാണ് ഒരു പരിഷ്‌കൃത സര്‍ക്കാരിന്റെ കര്‍ത്തവ്യം. ചരിത്രസ്മാരകങ്ങളുടെ പേര് മാറ്റുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണവ. അവശേഷിപ്പുകള്‍ ഇല്ലാതിരുന്നാല്‍ നമ്മുടെ സ്മൃതി നഷ്ടപ്പെട്ടുപോവുകയാണ്, സംസ്‌കാരം നഷ്ടപ്പെട്ടുപോവുകയാണ്.

ഓരോ മതത്തിന്റെയും സംസ്‌കാരം ഏറ്റവും വിലപ്പെട്ടതാണ്. ആ വിലപ്പെട്ട സംസ്‌കാരത്തെ നിലനിര്‍ത്തുക എന്നത് രാജ്യത്തിന്റെ കടമയും കര്‍ത്തവ്യവുമാണ്. തെറ്റായ ചരിത്രബോധം പ്രചരിപ്പിച്ചതുകൊണ്ടാണ് നമ്മള്‍ ഇന്നു കാണുന്ന പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. വാസ്തവത്തില്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും മറ്റും പാഠപുസ്തകങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ എല്ലാംതന്നെ വര്‍ഗീയതയുടെ അംശങ്ങളാണുള്ളത്.

Similar News