നുണകളുടെ പുതിയ അധ്യായം
ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസിനെ റോമന്‍ ചരിത്രകാരനായ പ്ലുട്ടാര്‍ക്ക് നുണകളുടെ പിതാവെന്നു വിശേഷിപ്പിച്ചതായി കേട്ടിട്ടുണ്ട്. വളരെ അര്‍ഥവത്തായ പ്രയോഗമാണിത്. ചരിത്രമെഴുതുന്നവര്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാണ് മിക്കപ്പോഴും ഭൂതകാലത്തെ വിലയിരുത്തുന്നത്. ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രകാരനായ ബന്‍ഷാഓ തൊട്ട് നമ്മുടെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന ആധികാരിക ഇന്ത്യാ ചരിത്രമെഴുതിയ ആര്‍ സി മജുംദാര്‍ വരെ തങ്ങളുടെ മതരാഷ്ട്രീയ പക്ഷപാതിത്തമനുസരിച്ചാണ് ചരിത്രമെഴുതിയത്
പ്രഫ. പി കോയ
നുണകളുടെ പുതിയ അധ്യായം
ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസിനെ റോമന്‍ ചരിത്രകാരനായ പ്ലുട്ടാര്‍ക്ക് നുണകളുടെ പിതാവെന്നു വിശേഷിപ്പിച്ചതായി കേട്ടിട്ടുണ്ട്. വളരെ അര്‍ഥവത്തായ പ്രയോഗമാണിത്. ചരിത്രമെഴുതുന്നവര്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാണ് മിക്കപ്പോഴും ഭൂതകാലത്തെ വിലയിരുത്തുന്നത്. ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രകാരനായ ബന്‍ഷാഓ തൊട്ട് നമ്മുടെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന ആധികാരിക ഇന്ത്യാ ചരിത്രമെഴുതിയ ആര്‍ സി മജുംദാര്‍ വരെ തങ്ങളുടെ മതരാഷ്ട്രീയ പക്ഷപാതിത്തമനുസരിച്ചാണ് ചരിത്രമെഴുതിയത് എന്നുപറയാം. ബ്രിട്ടിഷുകാര്‍ ഇന്ത്യാ ചരിത്രത്തെ പൗരാണികം, മധ്യം, ആധുനികം എന്നങ്ങ് വിഭജിക്കുന്നത് തങ്ങള്‍ ഉപഭൂഖണ്ഡത്തിലേക്ക് ആധുനികത കൊണ്ടുവന്നു എന്ന നുണ പ്രചരിപ്പിക്കാനാണ്. പില്‍ക്കാലത്ത് അതു ബ്രിട്ടിഷ് കൊളോണിയലിസത്തിനെതിരേ വലുതായൊന്നും ചെയ്യാതിരുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്കു പ്രചാരണത്തിനുള്ള മൂലധനമായിമാറി.
സ്വാതന്ത്ര്യസമരകാലത്ത് ദേശരാഷ്ട്രം എന്ന ആശയത്തിനു പ്രചാരം നല്‍കാന്‍ ശ്രമിച്ചവര്‍ നേരിട്ട ഒരു പ്രധാന പ്രശ്‌നം ഇന്ത്യാ ഉപഭൂഖണ്ഡം ഒരുകാലത്തും യൂറോപ്യന്‍ ദേശരാഷ്ട്ര നിര്‍വചനത്തില്‍ ഒതുങ്ങുന്നില്ല എന്നതായിരുന്നു. അനേകം ദേശീയതകളും ഉപദേശീയതകളും ചേര്‍ന്ന ഭൂരാഷ്ട്രീയത്തിന്റെ പലതരം ശക്തിദൗര്‍ബല്യങ്ങളുണ്ടായിരുന്ന ഒരു ഉപഭൂഖണ്ഡം തന്നെയായിരുന്നു ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന, ഇന്ത്യ എന്ന ആശയത്തിനു തന്നെ രൂപംനല്‍കിയ മുഗളര്‍ക്കു വരെ ഉപഭൂഖണ്ഡം പൂര്‍ണമായി ഭരിക്കാന്‍ കഴിഞ്ഞില്ലെന്നു
ചരിത്രം പറയുന്നു. പലതരം ഭാഷകള്‍, സംസ്‌കാരങ്ങള്‍, ജീവിതരീതികള്‍ ചേര്‍ന്ന ഒരു ബഹുസ്വരതയായിരുന്നു ഇന്ത്യയുടെ ശക്തി. ഒരു പുതിയ ചരിത്ര നിര്‍മിതി.
ഹിന്ദുക്കള്‍ക്കിടയില്‍ മേധാവിത്വം പുലര്‍ത്തിയ ബ്രാഹ്‌മണക്ഷത്രിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അതിനു പകരം ഒരു പുതിയ ചരിത്രനിര്‍മിതി വേണമായിരുന്നു. അങ്ങനെയാണ് പൗരാണിക ഭാരതത്തെപ്പറ്റിയുള്ള അമര്‍ചിത്രകഥകള്‍ വരുന്നത്. പൗരാണിക ഭാരതം എന്ന പ്രയോഗം തന്നെ യാദൃച്ഛികമാവാന്‍ തരമില്ല. അതു സൂചിപ്പിക്കുന്ന പ്രദേശം മൊത്തം ഉപദ്വീപിന്റെ ഉത്തര ഭാഗത്തുള്ള സിന്ധുഗംഗാ സമതലം മാത്രമായിരുന്നു. ആ പരിപ്രേക്ഷ്യത്തില്‍ വിന്ധ്യക്കിപ്പുറമുള്ള പ്രദേശങ്ങളില്ല. പുതിയ ചരിത്രനിര്‍മിതിക്കു ബംഗാളിലും മറാഠാ പ്രദേശത്തുമുള്ള സ്വാതന്ത്ര്യസമര നേതാക്കള്‍ പ്രത്യേകമായ ഔല്‍സുക്യം പ്രകടിപ്പിച്ചിരുന്നു. ഗണേശപൂജ വ്യാപിപ്പിച്ചുകൊണ്ടു ബോംബെ മേഖലയില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബാലഗംഗാധര തിലകന്‍ പ്രാചീനമായ ഒരു ഇന്ത്യാ നാഗരികതയെപ്പറ്റിയുള്ള ധാരണകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നു. ആര്യന്മാര്‍ ഉത്തര ധ്രുവത്തില്‍നിന്നു വന്നവരാണെന്ന വിചിത്ര വാദം ആദ്യമവതരിപ്പിച്ചതില്‍ തിലകനുണ്ട്. പിന്നീട് ചില ഹിന്ദുത്വ ചിന്തകന്മാര്‍ ആര്യമഹത്ത്വം ഉയര്‍ത്തിപ്പിടിക്കാന്‍ തിലകനെ കൂട്ടുപിടിച്ചിരുന്നു.
അതിതീവ്ര ദേശീയതയുടെ കാഹളധ്വനി ഏതാണ്ട് സമാന്തരമായി ബംഗാളില്‍ ബ്രാഹ്‌മണ ബുദ്ധിജീവികള്‍ ഐതിഹ്യങ്ങളെ ചരിത്രമാക്കുന്ന ദൗത്യത്തില്‍ മുഴുകി. ബിപിന്‍ ചന്ദ്രപാലിനെപ്പോലുള്ളവരായിരുന്നു അത്തരം സംരംഭങ്ങള്‍ക്കു മുന്നില്‍. ബിപിന്‍ ചന്ദ്രപാല്‍ ഗാന്ധിവിരുദ്ധനായതിന്റെ കാരണം തന്നെ ഹിന്ദു-മുസ്‌ലിം സൗഹൃദത്തെ ശക്തിപ്പെടുത്താന്‍ ഗാന്ധിജി നടത്തിയ ശ്രമങ്ങളാണ്. കിഴക്കന്‍ ബംഗാളില്‍ മുസ്‌ലിം കുടിയാന്മാരുടെ രാഷ്ട്രീയ സ്വാധീനം ശക്തിപ്പെടുന്നതില്‍ ഉല്‍ക്കണ്ഠയുള്ളവരായിരുന്നു അവര്‍. ബംഗാളി സംസ്‌കാരത്തിനു രൂപംനല്‍കിയതില്‍ പ്രധാന പങ്കുവഹിച്ച ബങ്കിംചന്ദ്ര ചാറ്റര്‍ജിയെ പോലുള്ള ബ്രിട്ടിഷനുകൂല നോവലിസ്റ്റുകള്‍ പരോക്ഷമായി ഹിന്ദു-മുസ്‌ലിം വൈരം ശക്തിപ്പെടുത്തുന്നതില്‍ പ്രത്യേക താല്‍പ്പര്യം കാണിച്ചു. ബങ്കിംചന്ദ്രന്റെ 'ആനന്ദമഠം' എന്ന നോവല്‍ ബംഗാളി ദേശീയത മുസ്‌ലിം മേല്‍ക്കോയ്മയ്‌ക്കെതിരേയുള്ള പോരാട്ടമാണ് ഇതിവൃത്തമായി സ്വീകരിച്ചത്.
ഹിന്ദുരാഷ്ട്രം എന്ന ആശയം രൂപംകൊണ്ടത് ബങ്കിംചന്ദ്രന്റെ നോവലുകളിലൂടെയാണ്. 'ആനന്ദമഠ'ത്തിലെ സന്ന്യാസി ഒളിപ്പോരാളികള്‍ ആലപിക്കുന്ന വന്ദേമാതരം അതിതീവ്ര ദേശീയതയുടെ കാഹളധ്വനിയായി മാറിയതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയം കാണാന്‍ പറ്റും. നോവലില്‍ ഹിന്ദു സന്ന്യാസിമാര്‍ മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്യുന്നത് ആഘോഷിക്കുകയും വന്ദേമാതരം ആലപിക്കാന്‍ മടിക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ബങ്കിംചന്ദ്രനു മുസ്‌ലിംകളായിരുന്നു ശത്രുക്കള്‍. ബ്രിട്ടിഷ് കൊളോണിയലിസം ഇന്ത്യക്ക് ഗുണം ചെയ്തുവെന്നാണ് ബങ്കിംചന്ദ്രന്‍ വാദിച്ചിരുന്നത്. മുസ്‌ലിം ഭരണം നശിപ്പിച്ച ശേഷം ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടണമെന്നു വാദിച്ച സന്ന്യാസിമാരെ അവരുടെ നേതാവ് ഭവാനന്ദ നിരുല്‍സാഹപ്പെടുത്തുകയും ഇനി ബ്രിട്ടിഷുകാരെ ഭരിക്കാനനുവദിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ജില്ലാ ജഡ്ജിയായിരുന്നു ബങ്കിംചന്ദ്രന്‍.
ഇന്ന് അധികാരമേറിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആചാര്യന്‍മാര്‍ മിക്കവരും അതേ ആഖ്യാനം തന്നെയാണ് പിന്തുടര്‍ന്നത്. തീര്‍ത്തും
സാങ്കല്‍പ്പികമായ ഒരു ചരിത്രനിര്‍മിതിയെ ആശ്രയിച്ചാണ് ഹിന്ദുത്വ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. വര്‍ത്തമാനകാലത്തിനു ചേര്‍ന്നവിധമുള്ള ഒരു ഭൂതകാലമാണവര്‍ക്കു വേണ്ടത്. ഭൂതകാല സത്യം അരോചകമാണെങ്കില്‍ അതവര്‍ നീക്കം ചെയ്യും. നരേന്ദ്രമോദി 1000 വര്‍ഷത്തെ അടിമത്തം എന്നു പ്രസംഗിക്കുമ്പോള്‍ ഒരു വലിയ നുണയാണ് തള്ളിവിടുന്നത്. ഇന്ത്യയുടെ യഥാര്‍ഥ ചരിത്രത്തിലൊന്നും ഇടമില്ലാത്തതിനാല്‍ ഇതിഹാസങ്ങളെ ചരിത്രമാക്കി മാറ്റുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ ഹിന്ദുത്വ ചരിത്രകാരന്മാര്‍ ശ്രദ്ധചെലുത്തുന്നത്. അതിന് 4000 വര്‍ഷം പഴക്കമുള്ള ഒരു സംസ്‌കാരത്തെപ്പറ്റി സംസാരിക്കേണ്ടിവരുന്നു. കൃത്രിമമായ ദേശരാഷ്ട്ര നിര്‍മിതിക്ക് അത്തരം ഭാവനകളും സങ്കല്‍പ്പങ്ങളും ആവശ്യമാണ്. ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുമ്പോള്‍ മോദി ജനിതകമാറ്റം തൊട്ട് എല്ലാം പൗരാണിക ഭാരതത്തില്‍ ഉണ്ടായിരുന്നു എന്നു പ്രസംഗിക്കുന്നു; എന്നാല്‍ ജൊനഥാന്‍ സ്വിഫ്റ്റിന്റെ നോവലുകളില്‍ കാണുന്നപോലെ ചിരിപ്പിക്കുന്ന ഗവേഷണങ്ങള്‍ നടത്തുന്നതിനു കോടിക്കണക്കില്‍ നികുതിപ്പണം നീക്കിവച്ചിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തുകയില്ല.
ചരിത്രം കഥ പറയുന്നതിന്റെ മറ്റൊരു രൂപമാണ് എന്നു പറയാറുണ്ട്. അപ്പോള്‍ അക്ബര്‍ തോല്‍പ്പിച്ച ഒരിടപ്രഭുവായ റാണാ പ്രതാപസിംഗന്‍
വിജിഗീഷുവായി മാറും. ശ്രീലങ്കയില്‍ ജനിച്ച് 1303ല്‍ മരിച്ച ചിറ്റൂര്‍ റാണി പത്മിനി ചെറുത്തുനില്‍പ്പിന്റെയും ആത്മാഹുതിയുടെയും വെള്ളിനക്ഷത്രമാവും. മംഗോള്‍ ആക്രമണം പ്രതിരോധിച്ച ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി ദുഷ്ടകഥാപാത്രമാവും.
ചരിത്രസ്മാരകങ്ങളുടെ പേര് മാറ്റി അവയൊക്കെ ഹിന്ദു വാസ്തുശില്‍പ്പ മാതൃകയാണെന്നു പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ ചരിത്രജ്ഞാനം തരിമ്പുമില്ലാത്ത പുരുഷോത്തം നാഗേഷ് ഓക്കിന്റെ പഴയകാല രചനകളില്‍ തന്നെ കാണാനാവും. 2007ല്‍ മരിച്ച ഓക്ക് വത്തിക്കാന്‍ തൊട്ട് വെസ്റ്റ്
മിനിസ്റ്റര്‍ ആബെ വരെയുള്ള കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ നിര്‍മിച്ചതാണെന്നു പ്രചരിപ്പിച്ചിരുന്നു. ആ കഥകള്‍ കേട്ട് അഭിമാനപുളകിതരായ ജനവിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ഭരിക്കാന്‍ അവസരം കിട്ടിയതോടെ ചരിത്രത്തെ കീഴ്‌മേല്‍ മറിക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാവും. സാമൂഹിക മാധ്യമങ്ങള്‍ വന്നതോടെ അതു താരതമ്യേന എളുപ്പവുമാണ്.
സര്‍വകലാശാലകളിലും ചരിത്രഗവേഷണ സ്ഥാപനങ്ങളിലും കയറിപ്പറ്റിയ മഹതീമഹാന്മാരുടെ പാണ്ഡിത്യം പരിശോധിച്ചാല്‍ തന്നെ
ചരിത്രനിര്‍മാണത്തിന്റെ സ്വഭാവം തിരിച്ചറിയാം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വര്‍ഷങ്ങള്‍ക്കു മുമ്പു പ്രസിദ്ധീകരിച്ച 'ഹിന്ദു
മോസ്‌ക്ക്‌സ്' വായിച്ചു ഭൂമി കുഴിക്കാനിറങ്ങിയവരാണ്. അവരെപ്പോലുള്ളവര്‍ തന്നെയാണ് ഔറംഗസേബിനു മുമ്പു നിര്‍മിച്ച ഗ്യാന്‍വാപി മസ്ജിദിന്റെ ഹൗളില്‍ കണ്ട ഫൗണ്ടന്‍ ശിവലിംഗമാണെന്നു പറയാന്‍ മുതിരുന്നത്. തങ്ങള്‍ക്കു പങ്കില്ലാത്ത യഥാര്‍ഥ ചരിത്രം എപ്പോഴും ഭീഷണിയാണ് എന്നവര്‍ കരുതുന്നു. അതിനാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുതിയ പുതിയ ചരിത്രം ഉല്‍പ്പാദിപ്പിക്കാനുള്ള സംരംഭങ്ങള്‍ ഇനിയുമുണ്ടാവും.
കാത്തിരിക്കുക!